Image

ഇതാവണം പൊലീസ്....! ഇങ്ങനെയാവണം നമ്മുടെ വോട്ടര്‍മാര്‍...! (സന്ദീപ് ദാസ് )

Published on 23 April, 2019
ഇതാവണം പൊലീസ്....! ഇങ്ങനെയാവണം നമ്മുടെ വോട്ടര്‍മാര്‍...! (സന്ദീപ് ദാസ് )
ഇലക്ഷനുമായി ബന്ധപ്പെട്ട ഒരുപാട് വാര്‍ത്തകളും ചിത്രങ്ങളും കണ്ടിരുന്നു.അവയില്‍ ഏറ്റവും കൂടുതല്‍ സന്തോഷിപ്പിച്ചത് ഈ ഫോട്ടോയാണ്.

ഒരു അമ്മ കൈക്കുഞ്ഞുമായി വടകരയിലെ പോളിങ്ങ് ബൂത്തില്‍ എത്തിയതാണ്.അവര്‍ വോട്ടുചെയ്തു മടങ്ങിവരുന്നതുവരെ ആ കുഞ്ഞിനെ സുരക്ഷിതമായി നോക്കിയത് അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു പൊലീസുകാരനാണ്.

ഇലക്ഷന്‍ ഡ്യൂട്ടി എന്നത് അത്ര എളുപ്പമൊന്നുമല്ല.വളരെയേറെ ജാഗ്രതയോടെയായിരിക്കും എല്ലാ പൊലീസുകാരുടെയും നില്പ്.സംഘര്‍ഷങ്ങള്‍ക്കുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ലല്ലോ.തിരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ വരെ മര്‍ദ്ദിക്കപ്പെട്ട സംഭവങ്ങള്‍ നമുക്ക് അറിയാമല്ലോ.

പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ഇഷ്ടമുള്ളപ്പോഴെല്ലാം ലീവ് ലഭിക്കുകയില്ല.ഒരു സാധാരണ മനുഷ്യന്‍ കുടുംബത്തോടൊപ്പം നില്‍ക്കാന്‍ ആഗ്രഹിക്കുന്ന സന്ദര്‍ഭങ്ങളില്‍ പോലും ജോലി ചെയ്യേണ്ടിവരുന്നവരാണ് പൊലീസുകാര്‍.അതിന്റെ നീറ്റല്‍ അവരുടെ മനസ്സില്‍ ഉണ്ടാവുകയും ചെയ്യും.

അവര്‍ ഗൗരവത്തോടെ പെരുമാറുന്നതും അതുകൊണ്ടാവാം.അവര്‍ ഇടപെടുന്ന മനുഷ്യരെയും ശ്രദ്ധിക്കണം.കള്ളനോടും കൊലപാതകിയോടും റേപ്പിസ്റ്റിനോടും വരെ പൊലീസുകാര്‍ക്ക് സംവദിക്കേണ്ടിവരും.മധുരത്തില്‍ സംസാരിക്കാന്‍ അവരില്‍ പലരും മറന്നുപോയത് അങ്ങനെയാവാം.

പൊലീസ് ഇപ്പോള്‍ ഒരുപാട് മാറിയിട്ടുണ്ട്.പോരായ്മകളുണ്ടാവാം.എങ്കിലും സാധാരണ ജനങ്ങള്‍ക്ക് പൊലീസിനോടുള്ള ഭയം ഒരുപാട് കുറഞ്ഞിട്ടുണ്ട്.മനുഷ്യത്വത്തോടെ പെരുമാറുന്ന പൊലീസുകാരുടെ എണ്ണം വര്‍ദ്ധിച്ചതുകൊണ്ടാണത്.കുഞ്ഞിനെ നെഞ്ചോടടക്കിപ്പിടിച്ചു നില്‍ക്കുന്ന ഈ പൊലീസ് ഉദ്യോഗസ്ഥന്‍ അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ്.

ആ കണ്ണുകളില്‍ കുഞ്ഞിനോടുള്ള സ്‌നേഹവും കരുതലും കാണാം.അതാണ് പ്രധാനം.ജോലിയോട് ആത്മാര്‍ത്ഥത കാണിക്കാത്ത ഒരുപാട് ആളുകളെ അറിയാം.സ്വന്തം തൊഴില്‍ വിരസമായി അനുഭവപ്പെടുന്നതുമൂലം,മുമ്പിലെത്തുന്ന മനുഷ്യരോട് തട്ടിക്കയറുന്ന വ്യക്തികളെയും പരിചയമുണ്ട്.അതുകൊണ്ടാണ് ഈ ചിത്രം മനസ്സുകുളിര്‍പ്പിക്കുന്നത് !

കൈക്കുഞ്ഞുമായി വോട്ട് ചെയ്യാന്‍ വന്ന ആ യുവതിയേയും അഭിനന്ദിക്കാതെ വയ്യ.

'വോട്ട് ആര്‍ക്ക് ചെയ്താലും പ്രയോജനമില്ല' എന്ന തത്വം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് പല ചെറുപ്പക്കാരും വീട്ടിലിരിക്കുന്ന കാലമാണ്.തിരഞ്ഞെടുപ്പിന്റെ ഭാഗമായി ലഭിച്ച അവധിദിനം സിനിമ കാണാനും അടിച്ചുപൊളിക്കാനും ഉപയോഗപ്പെടുത്തുന്ന മനുഷ്യരുള്ള നാടാണ് ! ജനപ്രിയ സിനിമകളിലെ അരാഷ്ട്രീയ ഡയലോഗുകള്‍ക്ക് വലിയ കൈയ്യടികളാണ് ലഭിക്കാറുള്ളത്.

വോട്ടുചെയ്യാന്‍ മണിക്കൂറുകള്‍ വരിനില്‍ക്കേണ്ട അവസ്ഥയായിരുന്നു പലയിടങ്ങളിലും.കാലാവസ്ഥയും കഠിനമായിരുന്നു.ഇക്കാരണം പറഞ്ഞ് വോട്ടവകാശം ഉപയോഗപ്പെടുത്താത്തവരുണ്ട് ! ഇത്തരമൊരു സാഹചര്യത്തിലാണ് പിഞ്ചുകുഞ്ഞുമായി പോളിങ്ങ് ബൂത്തിലെത്തുന്നത് ! വോട്ടുചെയ്യാന്‍ വേണ്ടി എന്തെല്ലാം ബുദ്ധിമുട്ടുകള്‍ സഹിക്കേണ്ടിവന്നാലും തനിക്ക് പ്രശ്‌നമില്ലെന്ന് ഉറക്കെ പ്രഖ്യാപിക്കുകയായിരുന്നു ആ അമ്മ !

'പലതുള്ളി പെരുവെള്ളം' എന്ന് വെറുതെ പറയുന്നതല്ല.ഓരോ വോട്ടും വിലപ്പെട്ടതാണ്.ജനാധിണ്ടപത്യത്തിന്റെ ഏറ്റവും വലിയ മേളയില്‍ പങ്കുചേരേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്.വോട്ടവകാശത്തിന് വേണ്ടി പൊരുതിയ മനുഷ്യര്‍ നമുക്കുമുമ്പേ നടന്നുപോയിട്ടുണ്ട്.അതിനെയെങ്കിലും മാനിക്കുക.

അവകാശത്തേക്കാളുപരി നമ്മുടെ അധികാരമാണത്.പ്രയത്‌നങ്ങളൊന്നുമില്ലാതെ അത് നമ്മുടെ കൈവെള്ളയിലെത്തുമ്പോള്‍ നിന്ദാവചനങ്ങള്‍ ചൊരിയാതിരിക്കുക.കൃത്യമായി വിനിയോഗിക്കുക.

ഇങ്ങനെയുള്ള പൊലീസുകാരും വോട്ടര്‍മാരും ഉണ്ടായാല്‍ ഈ നാട് ഉറപ്പായും പുരോഗതി കൈവരിക്കും.ജനാധിപത്യം ഉന്നതങ്ങളിലെത്തും...
ഇതാവണം പൊലീസ്....!
ഇങ്ങനെയാവണം നമ്മുടെ വോട്ടര്‍മാര്‍...!

ഇതാവണം പൊലീസ്....! ഇങ്ങനെയാവണം നമ്മുടെ വോട്ടര്‍മാര്‍...! (സന്ദീപ് ദാസ് )
Join WhatsApp News
വിദ്യാധരൻ 2019-04-24 12:48:22
ഈ കാക്കിയ്ക്കുള്ളിലൊളിഞ്ഞിരുപ്പുണ്ടാരും 
കാണാത്ത   സ്നേഹാർദ്രമൊരു   ഹൃദയം
ഇന്ന് ലോകത്തിൽ  കാണുവാൻ കിട്ടാത്ത 
അത്യപൂർവ്വമാം  സ്നേഹ ഭാവം .
കണ്ടിട്ടുള്ളതോ കള്ള രാഷ്ട്രീയക്കാർ 
വോട്ടു വാങ്ങാൻ നേരം  ആയിടുമ്പോൾ 
കുഞ്ഞിനെ പൊക്കുന്നു താഴ്ത്തുന്നു 
പാലൂട്ടുന്നു വാരിപ്പുണർന്നിടുന്നു 
തെറ്റ്ധരിച്ചിട്ടുണ്ട് പോലീസ് കാരാനിന്നെ
ദുഷ്ടനാ നീയെന്നും  കരുതീട്ടുണ്ടു.
ഇന്ന് മനുഷ്യർക്കധികാരം കിട്ടിയാൽ 
തല്ലി ചതയ്ക്കണം പത്തു പേരെ 
ഇല്ലാത്ത കുറ്റം ചുമത്തിയവർ 
തള്ളുമവരെ  ജയിലറക്കുള്ളിലേക്ക് 
വെട്ടിയും കുത്തിയും കൊന്നുവേണമവർക്ക് 
അധികാര കോണി ചവുട്ടി കയറിടുവാൻ 
രക്തപ്പുഴകൾ ഒഴുകണം നാട്ടിൽ 
രക്തസാക്ഷികൾ വേണം ഏറെ 
പച്ചക്കള്ളം പറയും ദിനം ആറേലും 
വർഗ്ഗീയതയും കുത്തി വയ്ക്കും 
തട്ടിപ്പ് വെട്ടിപ്പ് കുംഭകൊണം പിന്നെ 
പെണ്ണുങ്ങളെ കണ്ടാൽ ചാടിവീഴും 
തൊട്ടടുത്തെങ്ങാനും പെണ്ണ് ചെന്നാൽ 
പിന്നെ പത്തിപൊങ്ങും   കൊത്തിടുവാൻ
എല്ലാം കണ്ടു  ചില പോലീസുകാരങ്ങ്  
 കാണാത്തപോലെ നടിച്ചു നില്ക്കും 
കണ്ടകാര്യമെങ്ങാൻ പറഞ്ഞുപോയാല്പിന്നെ 
കാണില്ല തൊപ്പി തെറിച്ചുപോകും 
കള്ളപരിഷകളെ കുറിച്ചങ്ങനെ എഴുതുവാൻ 
തീരാത്തതുണ്ടെഴുതിയാൽ നമ്മൾ നാറും 
മാപ്പാക്കണം പോലീസുകാരാ നിന്നെ 
തെറ്റ് ധരിച്ചിട്ടുണ്ട് ഞാളൊക്കെ 
ഇല്ല അറിഞ്ഞിരുന്നില്ല നിന്നുള്ളിൽ 
ഉണ്ടായിരുന്നിത്ര മനുഷ്യത്വമെന്നു ഞങ്ങൾ 
നൽകട്ടെ ഞാനെൻ  ലളിതമാം ഭാഷയിൽ 
ആത്മാർത്ഥമാം എൻ അഭിവാദനങ്ങൾ

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക