Image

കല്ലട ബസ്സിലെ അതിക്രമം: മനുഷ്യാവകാശ കമ്മീഷന്‍ ഉടമ സുരേഷ് കല്ലടയെ വിളിച്ചു വരുത്തും

Published on 24 April, 2019
കല്ലട ബസ്സിലെ അതിക്രമം: മനുഷ്യാവകാശ കമ്മീഷന്‍ ഉടമ സുരേഷ് കല്ലടയെ വിളിച്ചു വരുത്തും

തിരുവനന്തപുരം: കല്ലട ബസില്‍ യാത്രക്കാരെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രത്യേക അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാനാണ് ഉത്തരവ്. എറണാകുളം ജില്ലാ പൊലീസ് മേധാവി, സംസ്ഥാന ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ എന്നിവരാണ് മനുഷ്യാവകാശ കമ്മീഷന് റിപ്പോര്‍ട്ട് നല്‍കേണ്ടത്. ബസ് ഉടമ സുരേഷ് കല്ലട കമ്മീഷന് മുമ്ബാകെ നേരിട്ട് ഹാജരാകണം.

യാത്രക്കാരായ മൂന്ന് യുവാക്കളെ സുരേഷ് കല്ലട ബസ് ജീവനക്കാര്‍ മര്‍ദ്ദിച്ച സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മിന്നല്‍ പരിശോധനാ സ്ക്വാഡുകളെ എല്ലാ ആര്‍ടി ഓഫീസിലും നിയമിക്കാന്‍ ഗതാഗത കമ്മീഷണര്‍ ഉത്തരവിട്ടിരുന്നു. നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തി തടയാന്‍ സംസ്ഥാനത്തെ എല്ലാ ആര്‍ടിഒ ഓഫീസിലും പ്രത്യേക പരിശോധനാ സ്ക്വാഡ് രൂപീകരിക്കും.

ഈ സ്ക്വാഡിനെ അതത് മോട്ടോര്‍ വാഹന ഇന്‍സ്പെക്ടര്‍മാരാണ് നയിക്കുക. യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാത്തവിധം മിന്നല്‍ പരിശോധനകള്‍ നടത്താനാണ് നിര്‍ദ്ദേശം. ടിക്കറ്റ് നല്‍കി യാത്രക്കാരെ കൊണ്ടുപോവുന്നതിനുള്ള പ്രത്യേക ലൈസന്‍സ് എടുക്കാത്ത എല്ലാ സ്ഥാപനങ്ങളുടേയേയും പ്രവര്‍ത്തനം അവസാനിപ്പിക്കും. യാത്രക്കാരുടെ ലഗേജിനൊപ്പം കള്ളക്കടത്തും വ്യാപകമാണെന്ന് ആരോപണം ഉയര്‍ന്നതിനാല്‍ അതും പരിശോധിക്കും. പൊലീസിന്‍റെ സഹായം പരിശോധനാ സമയത്ത് തേടാമെന്നും ഗതാഗത കമ്മീഷണര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക