Image

പോലീസ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട് പുറത്തുകൊണ്ടു വന്ന് പ്രമുഖ മാധ്യമം; തിരുവനന്തപുരത്ത് ശശി തരൂര്‍, വടകരയില്‍ പി.ജയരാജന്‍

കല Published on 25 April, 2019
പോലീസ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട് പുറത്തുകൊണ്ടു വന്ന് പ്രമുഖ മാധ്യമം; തിരുവനന്തപുരത്ത് ശശി തരൂര്‍, വടകരയില്‍ പി.ജയരാജന്‍


തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് സംസ്ഥാന പോലീസ് ഇന്‍റലിജന്‍സ് തയാറാക്കിയ രഹസ്യാന്വേഷണ വിഭാഗം മുഖ്യമന്ത്രിക്ക് കൈമാറിയ റിപ്പോര്‍ട്ടിന്‍റെ വിശദാംശങ്ങള്‍ മലയാളത്തിലെ പ്രമുഖ മാധ്യമം വെളിപ്പെടുത്തിയിരിക്കുന്നു. തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന്‍ പരാജയപ്പെടുമെന്നതാണ് റിപ്പോട്ടിലെ ഏറ്റവും പ്രധാന നിരീക്ഷണം. അമ്പതിനായിരം വോട്ടുകളുടെ ഭൂരിപക്ഷമാണ് ശശി തരൂരിന് പ്രതീക്ഷിക്കുന്നത്. ബിജെപി കേന്ദ്രങ്ങള്‍ക്ക് ഏറെ നിരാശ നല്‍കുന്നതാണ് ഈ നിരീക്ഷണം. കോണ്‍ഗ്രസിലെ ഒരു വിഭാഗം ശശി തരൂരിന് എതിരായി പ്രവര്‍ത്തിച്ചിരുന്നുവെങ്കിലും നാടാര്‍ സമുദായ വോട്ടുകളും ന്യൂനപക്ഷ വോട്ടുകളും കോണ്‍ഗ്രസിന് അനുകൂലമായി തിരുവനന്തപുരം മണ്ഡലത്തില്‍ ഏകീകരിക്കപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 
വടകരയില്‍ പി.ജയരാജന് വെറും ആയിരം വോട്ടിന്‍റെ വിജയസാധ്യതയാണ് റിപ്പോര്‍ട്ടിലുള്ളത്. കെ.മുരളീധരനും പി.ജയരാജനും കടുത്ത മത്സരം തന്നെയാണ് വടകരയിലുണ്ടായിരുന്നത് എന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. രാഹുല്‍ ഗാന്ധി വയനാട്ടില്‍ ഒരു ലക്ഷം വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 
തിരുവനന്തപുരം മണ്ഡലത്തിലെ ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് ഇന്ന് പുറത്തു വന്നതോടെ ഇതിനെക്കുറിച്ചുള്ള ചര്‍ച്ചകളിലാണ് കേരള രാഷ്ട്രീയം. ബിജെപിക്ക് ഏറെ പ്രതീക്ഷകളുണ്ടായിരുന്ന തിരുവനന്തപുരം കൈവിട്ടു പോകുമെന്നത് ഏറെ നിരാശയാണ് ബിജെപി ക്യാമ്പുകള്‍ക്ക് സമ്മാനിച്ചിരിക്കുന്നത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക