Image

ബിജെപി ചരിത്രപ്പോരിന്; മല്‍സരിക്കുന്നത് 437 സീറ്റില്‍

Published on 25 April, 2019
ബിജെപി ചരിത്രപ്പോരിന്; മല്‍സരിക്കുന്നത് 437 സീറ്റില്‍

ദില്ലി: പൊതുതിരഞ്ഞെടുപ്പ് ചരിത്രത്തില്‍ ആദ്യമായി ബിജെപി ഏറ്റവും കൂടുതല്‍ സീറ്റില്‍ മല്‍സരിക്കുന്നത് ഇത്തവണയാണ്. 437 മണ്ഡലങ്ങളിലാണ് ബിജെപി സ്ഥാനാര്‍ഥികള്‍ മല്‍സരിക്കുന്നത്. 545 അംഗ ലോക്‌സഭയില്‍ 108 സീറ്റുകള്‍ ഒഴികെ എല്ലാ സീറ്റിലും ബിജെപി മല്‍സരിക്കുന്നു. കോണ്‍ഗ്രസിനേക്കാള്‍ കൂടുതല്‍ സീറ്റില്‍ ബിജെപി ജനവിധി തേടുന്നുണ്ട്. 1980ല്‍ ബിജെപി രൂപീകരിക്കപ്പെട്ടതിന് ശേഷം ആദ്യമായിട്ടാണ് ഇത്രയും സീറ്റില്‍ മല്‍സരിക്കുന്നത്.

ആന്ധ്രയിലും തെലങ്കാനയിലും ബിജെപി ആരുമായും സഖ്യമില്ല. ഇവിടെയുള്ള 42 സീറ്റിലും ബിജെപി മല്‍സരിക്കുന്നുമുണ്ട്. ബിജെപിയുടെ ശക്തിയും സാന്നിധ്യവും രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലുമെത്തി എന്ന സൂചന കൂടിയാണ് ഇത്രയും മണ്ഡലങ്ങലില്‍ ജനവിധി തേടുന്നതിലൂടെ പുറത്തുവരുന്നത്.

2009ല്‍ ബിജെപി 433 സീറ്റില്‍ മല്‍സരിച്ചിരുന്നു. അന്ന് കോണ്‍ഗ്രസ് മല്‍സരിച്ചത് 440 സീറ്റിലാണ്. ബിജെപി 116 സീറ്റില്‍ ജയിച്ചു. കോണ്‍ഗ്രസ് 206 സീറ്റിലും. ചെറിയ കക്ഷികളെ കൂടെ ചേര്‍ത്ത് കോണ്‍ഗ്രസ് ഭരണം പിടിച്ചു.

2014ല്‍ ബിജെപി 428 സീറ്റിലാണ് മല്‍സരിച്ചത്. 282 സീറ്റില്‍ വിജയിക്കുകയും ചെയ്തു. അന്ന് 464 സീറ്റില്‍ മല്‍സരിച്ച കോണ്‍ഗ്രസ് വെറും 44 സീറ്റില്‍ മാത്രമാണ് ജയിച്ചത്. കോണ്‍ഗ്രസ് 1996ന് ശേഷം ഏറ്റവും കൂടുതല്‍ സീറ്റില്‍ മല്‍സരിച്ച തിരഞ്ഞെടുപ്പായിരുന്നു കഴിഞ്ഞ വര്‍ഷത്തേത്. ഇത്തവണ കോണ്‍ഗ്രസ് 423 സീറ്റിലാണ് മല്‍സരിക്കുന്നത്. ഒരുപക്ഷേ ചില സീറ്റുകളില്‍ കൂടി സ്ഥാനാര്‍ഥികളെ നിര്‍ത്തിയേക്കും.

ബിജെപിയും കോണ്‍ഗ്രസും കഴിഞ്ഞാല്‍ ദേശീയതലത്തില്‍ ഏറ്റവും കൂടുതല്‍ സീറ്റില്‍ മല്‍സരിക്കുന്ന പാര്‍ട്ടി മായാവതിയുടെ ബിഎസ്പിയാണ്. എന്നാല്‍ യുപിയില്‍ മാത്രമാണ് പാര്‍ട്ടിക്ക് സ്വാധീനമുള്ളത്. 2014ല്‍ 503 സീറ്റില്‍ മല്‍സരിച്ച ബിഎസ്പിക്ക് ഒരു സീറ്റില്‍ പോലും ജയിക്കാനായിരുന്നില്ല. 2009ല്‍ 500 സീറ്റില്‍ മല്‍സരിച്ച ബിഎസ്പിക്ക് 21 സീറ്റ് കിട്ടി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക