Image

ചീഫ് ജസ്റ്റിസിനെതിരായ പരാതി: അന്വേഷണ സമിതിയില്‍ ഇന്ദു മല്‍ഹോത്രയും

Published on 25 April, 2019
ചീഫ് ജസ്റ്റിസിനെതിരായ പരാതി: അന്വേഷണ സമിതിയില്‍ ഇന്ദു മല്‍ഹോത്രയും


ന്യൂഡല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്‌ക്കെതിരായ ലൈംഗിക പീഡന പരാതി അന്വേഷിക്കുന്ന സമിതിയില്‍ ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയെ ഉള്‍പ്പെടുത്തി. സമിതിയില്‍ നിന്ന് പിന്‍വാങ്ങിയ ജസ്റ്റിസ് എന്‍.വി രമണയ്ക്ക് പകരമാണിത്. കേസില്‍ പരാതിക്കാരിയുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് ജസ്റ്റിസ് എന്‍.വി രമണ സമിതിയില്‍ നിന്ന് പിന്‍വാങ്ങിയത്.

ജസ്റ്റിസ് രമണ ചീഫ് ജസ്റ്റിസിന്റെ അടുത്ത കുടുംബ സുഹൃത്ത് ആണെന്നും അതിനാല്‍ തന്റെ സത്യവാങ്മൂലത്തിനും തെളിവുകള്‍ക്കും നീതിയുക്തമായ പരിഗണന ലഭിക്കില്ലേ എന്ന് താന്‍ ഭയപ്പെടുന്നതായും സുപ്രീം കോടതിക്ക് എഴുതിയ കത്തില്‍ പരാതിക്കാരി വ്യക്കമാക്കിയിരുന്നു. പാനലില്‍ കൂടുതല്‍ വനിതാ ജഡ്ജിമാരെ ഉള്‍പ്പെടുത്തണമെന്നൂം ഇവര്‍ ആവശ്യപ്പെട്ടിരുന്നു. 

 ജസ്റ്റിസ് ആര്‍ ഭാനുമതിക്ക് ശേഷം സുപ്രീം കോടതി ജഡ്ജിയാവുന്ന രണ്ടാമത്തെ വനിതയാണ് ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര. 

തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് നേരിടേണ്ടി വരുന്ന ലൈംഗിക അധിക്രമങ്ങള്‍ക്ക് എതിരായ കേസുകളില്‍ സ്വീകരിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കിയത് ഇന്ദു മല്‍ഹോത്ര അംഗമായ സമിതിയാണ്. ചീഫ് ജസ്റ്റിസ് ഒഴികെയുള്ള മുഴുവന്‍ സുപ്രീം കോടതി ജഡ്ജിമാരും യോഗം ചേര്‍ന്നാണ് കേസ് അന്വഷിക്കുന്ന മൂന്നംഗ സമിതിക്ക് രൂപം നല്‍കിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക