Image

ശബരിമല വോട്ടായി മാറിയില്ലെന്ന് സംഘപരിവാര്‍ വിലയിരുത്തല്‍; ക്രോസ് വോട്ടിംഗ് വിധിയെഴുത്ത് മാറ്റി മറിക്കും

കല Published on 25 April, 2019
ശബരിമല വോട്ടായി മാറിയില്ലെന്ന് സംഘപരിവാര്‍ വിലയിരുത്തല്‍; ക്രോസ് വോട്ടിംഗ് വിധിയെഴുത്ത് മാറ്റി മറിക്കും

പതിവുകള്‍ മാറ്റിവെച്ച് കേരളത്തില്‍ ആര്‍എസ്എസ് നേരിട്ട് ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ചുക്കാന്‍ പിടില്ല ഇലക്ഷനാണ് കടന്നു പോയത്. ശബരിമല വിവാദങ്ങളുടെ സാധ്യതകളെ പരമാവധി ഉപയോഗപ്പെടുത്തുക എന്നതായിരുന്നു ലക്ഷ്യം. അതുവഴി കേരളത്തില്‍ ബിജെപിക്ക് ഒരു സീറ്റെങ്കിലും നേടിയെടുക്കുക. തിരുവനന്തപുരം, പത്തനംതിട്ട, തൃശ്ശൂര്‍ മണ്ഡലങ്ങളില്‍ ബിജെപി വലിയ പ്രതീക്ഷ വെച്ചു പുലര്‍ത്തുകയും ചെയ്തിരുന്നു. എന്നാല്‍ ആര്‍.എസ്.എസ് നേതൃയോഗം കൊച്ചിയില്‍ ചേര്‍ന്ന ശേഷമുള്ള വിലയിരുത്തലുകള്‍ ബിജെപിക്ക് പ്രതീക്ഷ നല്‍കുന്നതല്ല. 
പുറത്തേക്ക് നല്‍കുന്ന വാര്‍ത്തകളില്‍ മൂന്ന് മണ്ഡലങ്ങളില്‍ വിജയ സാധ്യത ഉറപ്പിച്ചു പറയുമ്പോഴും സാധ്യത നന്നേ കുറവാണ് എന്നതാണ് വ്യക്തമായ വിലയിരുത്തല്‍ എന്നാണ് അറിയുന്നത്. ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണത്തെക്കുറിച്ച് ആര്‍എസ്എസ് ആശങ്കകള്‍ ഉന്നയിച്ചതു തന്നെ റിസള്‍ട്ട് തങ്ങള്‍ക്ക് പ്രതികൂലമാകുമെന്ന ബോധ്യത്തില്‍ നിന്നാണ് എന്നാണ് കരുതപ്പെടുന്നത്. 
ഏറ്റവും പ്രതീക്ഷവെച്ചു പുലര്‍ത്തിയ തിരുവനന്തപുരത്ത് നാടാര്‍ സമുദായ വോട്ടുകള്‍ ശശി തരൂരിന് അനുകൂലമായി വന്നുവെന്നത് ബിജെപിക്ക് തിരിച്ചടിയായി. പൊതുവില്‍ നഗരപ്രദേശങ്ങളില്‍ കുമ്മനത്തിന് നേടാന്‍ കഴിഞ്ഞ മേല്‍ക്കൈയ്ക്ക് അപ്പുറം ഗ്രാമപ്രദേശങ്ങളിലേക്ക് കടന്നു ചെല്ലാന്‍ ബിജെപിക്ക് കഴിഞ്ഞിട്ടില്ല. ന്യൂനപക്ഷ വോട്ടുകളും നാടാര്‍ സമുദായ വോട്ടുകളും ശശി തരൂരിന്‍റെ വിജയം ഉറപ്പിക്കുന്നു. ഇവിടെ സിപിഎം ശശി തരൂരിന് വോട്ട് മറിച്ചുവെന്ന നിരീക്ഷണം ആര്‍എസ്എസ് നേതൃത്വത്തിനുണ്ട്. എന്തുവില കൊടുത്തും തിരുവനന്തപുരത്ത് കുമ്മനത്തിന് വിജയിക്കാന്‍ ്അവസരം കൊടുക്കാതിരിക്കുക എന്നതായിരുന്നു സിപിഎം തീരുമാനമെന്നാണ് ആര്‍എസ്എസ് വിലയിരുത്തുന്നത്. 
അതേ സമയം പത്തനംതിട്ടയില്‍ സുരേന്ദ്രന്‍റെ വിജയ പ്രതീക്ഷയും കുറവാണ് എന്ന് തന്നെയാണ് വിലയിരുത്തപ്പെട്ടിരിക്കുന്നത്. ആര്‍എസ്എസിന് ശക്തമായ സ്വാധീനമുള്ള കോഴഞ്ചേരി, ആറന്‍മുള, പത്തനംതിട്ട മേഖലകളില്‍ സുരേന്ദ്രന് നല്ല വോട്ട് ഷെയര്‍ ലഭിച്ചേക്കുമെങ്കിലും കാഞ്ഞിരപ്പള്ളി പുഞ്ഞാര്‍, റാന്നി, കോന്നി മണ്ഡലങ്ങളിലെ വോട്ടുകള്‍ വിണാ ജോര്‍ജ്ജിന് അനുകൂലമാകുമെന്നാണ് കരുതപ്പെടുന്നത്. ആന്‍റോ ആന്‍റണിയോട് ജനങ്ങള്‍ക്ക് പൊതുവെയുള്ള താത്പര്യക്കുറവും, കോണ്‍ഗ്രസിന്‍റെ പരമ്പരാഗത നായര്‍ വോട്ടുകള്‍ ബിജെപി ഭിന്നിപ്പിക്കുന്നതിനാലും വിണാ ജോര്‍ജ്ജിന് വലിയ സാധ്യതയാണ് ഇപ്പോള്‍ വിലയിരുത്തപ്പെടുന്നത്. സിപിഎം ഇവിടെ അട്ടിമറി വിജയം നേടുമെന്നാണ് ആര്‍എസ്എസ് നേതൃത്വം കരുതുന്നത്. ന്യൂനപക്ഷ വോട്ടുകളും വീണക്ക് അനുകൂലമായി കേന്ദ്രീകരിച്ചുവെന്നാണ് കരുതപ്പെടുന്നത്. 
ആര്‍എസ്എസ് നേതൃത്വത്തിന് ഇപ്പോഴും പിടിതരാതെ നില്‍ക്കുന്നത് തൃശ്ശൂരിലെ ട്രെന്‍ഡാണ്. സുരേഷ് ഗോപിയുടെ ഗ്ലാമര്‍ ഇമേജ് എങ്ങനെ വര്‍ക്കായി എന്ന് ഇപ്പോഴും കൃത്യമായി വിലയിരുത്താന്‍ സാധിച്ചിട്ടില്ല. മണ്ഡലത്തില്‍ ശക്തമായ സ്വാധീനമുള്ള ടി.എന്‍ പ്രതാപന് മേല്‍ സുരേഷ് ഗോപിക്ക് വിജയം നേടാന്‍ സാധിക്കുമോ എന്ന ആശങ്ക ആര്‍എസ്എസ് കേന്ദ്രങ്ങളില്‍ പലരും പങ്കുവെച്ചു. ഇവിടെയും സിപിഎമ്മിന്‍റെ ക്രോസ് വോട്ടിംഗിനെ ബിജെപി ഏറെ ഭയക്കുന്നുണ്ട്. കോസ്ര് വോട്ടിംഗ് സാധ്യത നിലനില്‍ക്കുമ്പോള്‍ ടി.എന്‍ പ്രതാപന് വിജയം എളുപ്പമാണ്. എന്നാല്‍ ജാതി മത സമവാക്യങ്ങള്‍ക്ക് അപ്പുറം വോട്ട് നേടാന്‍ സുരേഷ് ഗോപിക്ക് കഴിഞ്ഞിട്ടുണ്ടാകുമോ എന്ന പ്രതീക്ഷ ബാക്കിയാണ്. 
അപ്പോഴും ശബരിമല വിവാദങ്ങളെ വേണ്ടവിധം പ്രതിഫലിപ്പിക്കാന്‍ കഴിഞ്ഞില്ല എന്ന് തന്നെയാണ് ആര്‍.എസ്.എസ് കരുതുന്നത്. ബിജെപിയുടെ ഒരു മുതിര്‍ന്ന നേതാവ് അനൗദ്യോഗികമായി പറഞ്ഞത് ശബരിമല വിവാദങ്ങള്‍ ബിജെപിക്ക് ഒരു സാധ്യത നല്‍കിയെങ്കിലും അതിനെ കൃത്യമായി ചാനലൈസ് ചെയ്തെടുക്കാന്‍ ബിജെപി നേതൃത്വത്തിന് കഴിഞ്ഞില്ല എന്നാണ്. എന്നാല്‍ ഇക്കാര്യത്തില്‍ ഏറെക്കുറെ വിജയിച്ചത് കോണ്‍ഗ്രസ് പാര്‍ട്ടിയാണ് എന്നും കരുതപ്പെടുന്നു. 
ഇതേ സമയം തിരഞ്ഞെടുപ്പിന് ശേഷമുള്ള സിപിഎമ്മിന്‍റെ വിലയിരുത്തല്‍ യോഗം നാളെ നടക്കും. എട്ട് മണ്ഡലങ്ങളില്‍ ബിജെപി വോട്ട് മറിച്ചുവെന്നാണ് സിപിഎം കണക്കാക്കുന്നത്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വടകര, ആലത്തൂര്‍, മാവേലിക്കര, കൊല്ലം, ആറ്റിങ്ങല്‍ മണ്ഡലങ്ങളില്‍ ബിജെപി കോണ്‍ഗ്രസിന് വോട്ട് മറിച്ചു നല്‍കിയെന്ന് വിലയിരുത്തപ്പെടുന്നു. കാസര്‍കോട് ലോക്സഭാ മണ്ഡലത്തില്‍ ബിജെപി തങ്ങളുടെ പ്രചചരണം മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തില്‍ മാത്രമായി ഒതുക്കിയെന്നും ആരോപണമുണ്ട്. വടകരയില്‍ പി.ജയരാജന്‍റെ പരാജയം ഉറപ്പാക്കുകയാണ് വോട്ട് മറിച്ചുകൊണ്ട് ബിജെപി ചെയ്തത് എന്നും സിപിഎം കരുതുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. 
എന്തായാലും കണക്കിലെ കളികള്‍ നിരത്തി വിജയം തങ്ങള്‍ക്കെന്ന് അവകാശപ്പെടുകയാണ് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഇപ്പോള്‍ ചെയ്യുന്നത്. അതിനപ്പുറം ശരിയായ കണക്കുകള്‍്ക്കായി ഇനിയും കാത്തിരിക്കണം ആഴ്ചകളോളം. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക