Image

ചീഫ് ജസ്റ്റിസിനെതിരായ പരാതി, ആഭ്യന്തരസമിതിയില്‍ ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയും,യുവതിയില്‍ നിന്ന് ഇന്ന് മൊഴിയെടുക്കും

Published on 26 April, 2019
ചീഫ് ജസ്റ്റിസിനെതിരായ പരാതി, ആഭ്യന്തരസമിതിയില്‍ ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയും,യുവതിയില്‍ നിന്ന് ഇന്ന് മൊഴിയെടുക്കും

ഡല്‍ഹി:ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്ക് എതിരായ ലൈംഗിക ആരോപണ പരാതി അന്വേഷിയ്ക്കുന്ന ആഭ്യന്തര സമിതിയില്‍ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര അംഗമാകും.യുവതി നല്‍കിയ പരാതി അന്വേഷിയ്ക്കാന്‍ ജസ്റ്റിസുമാരായ എസ്‌ഐ ബോബ്‌ഡേ, എന്‍ വി രമണ, ഇന്ദിരാ ബാനര്‍ജി എന്നിവരടങ്ങിയ സമിതിയ്ക്കാണ് ആദ്യം രൂപം കൊടുത്തത്.എന്നാല്‍ ജസ്റ്റിസ് എന്‍ വി രമണ സമിതിയില്‍ തുടരുന്നത് തനിക്ക് നീതി കിട്ടാത്ത സാഹചര്യം ഉണ്ടാക്കും എന്നുകാട്ടി പരാതി നല്‍കിയ യുവതി ഈ സമിതിക്കുതന്നെ ഒരു കത്ത് നല്‍കി. ജസ്റ്റിസ് എന്‍ വി രമണ ചീഫ് ജസ്റ്റിസിന്റെ അടുത്ത സുഹൃത്താണെന്നും ചീഫ് ജസ്റ്റിസിന്റെ വസതിയിലെ സ്ഥിരം സന്ദര്‍ശകനാണ് എന്നുമായിരുന്നു ഇതിന് കാരണമായി യുവതി കത്തില്‍ പറഞ്ഞത്. ഇതിന് പിന്നാലെ ജസ്റ്റിസ് എന്‍ വി രമണ സമിതിയില്‍ നിന്ന് സ്വയം പിന്മാറി. ജസ്റ്റിസ് എന്‍ വി രമണയ്ക്ക് പകരമായാണ് ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയെ സമിതിയില്‍ ഉള്‍പ്പെടുത്തിയത്.ആരോപണം തെളിയ്ക്കുന്നതിനുള്ള രേഖകളും തെളിവുകളുമായി ഈ സമിതിക്ക് മുമ്പാകെ ഇന്ന്‌ഹാജരാകണമെന്ന് കാട്ടി പരാതിക്കാരിയായ യുവതിക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്.

വിഷയത്തില്‍ ചീഫ് ജസ്റ്റിസിന് എതിരായി ഗൂഢാലോചന നടന്നുവെന്ന വെളിപ്പെടുത്തല്‍ അന്വേഷിയ്ക്കുന്നതിനായി മറ്റൊരു സമിതിയെയും സുപ്രീംകോടതി നിയോഗിച്ചിട്ടുണ്ട്. റിട്ട. ജസ്റ്റിസ് എ കെ പട്‌നായികിന്റെ മേല്‍നോട്ടത്തിലുള്ള സമിതിയാകും അന്വേഷിക്കുക. അന്വേഷണത്തിന് ആവശ്യമായ എല്ലാ സഹായവും സിബിഐ, ഐബി, ദില്ലി പൊലീസ് എന്നീ അന്വേഷണ ഏജന്‍സികള്‍ നല്‍കണമെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.ഈ അന്വേഷണം യുവതിയുടെ ആരോപണങ്ങളിന്‍മേലുള്ള അന്വേഷണത്തെ ബാധിയ്ക്കില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു.

അതേസമയം അന്വേഷണം പൂര്‍ത്തിയാകുംവരെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് പദവിയില്‍ നിന്ന് മാറിനില്‍ക്കണം എന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. അന്വേഷണം നേരിടുന്ന ചീഫ് ജസ്റ്റിസിന് മാസ്റ്റര്‍ ഓഫ് ദ റോസ്റ്ററായി തുടരാന്‍ അര്‍ഹതയില്ലെന്ന് മുതിര്‍ന്ന ഇന്ദിരാ ജയ്‌സിംഗ് കേസ് പരിഗണിയ്ക്കുന്നതിനിടെ കോടതിയില്‍ വാദിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക