Image

മാധ്യമ പ്രവര്‍ത്തകന്റെ മൊബൈല്‍ ഫോണ്‍ ബലമായി തട്ടിപ്പറിച്ചു; സല്‍മാന്‍ ഖാന്‌ എതിരെ കേസ്‌

Published on 26 April, 2019
മാധ്യമ പ്രവര്‍ത്തകന്റെ മൊബൈല്‍ ഫോണ്‍ ബലമായി തട്ടിപ്പറിച്ചു; സല്‍മാന്‍ ഖാന്‌ എതിരെ കേസ്‌


മാധ്യമ പ്രവര്‍ത്തകന്റെ മൊബൈല്‍ ഫോണ്‍ ബലമായി പിടിച്ചു വാങ്ങിയതിന്‌ ബോളിവുഡ്‌ നടന്‍ സല്‍മാന്‍ ഖാനെതിരെ പൊലീസ്‌ കേസ്‌. മാധ്യമ പ്രവര്‍ത്തകനായ അശോക്‌ ശ്യാംപാല്‍ പാണ്ഡേ എന്നയാളുടെ പരാതിയിലാണ്‌ കേസ്‌.

ഭാരത്‌ എന്ന സിനിമയുടെ പ്രമോഷന്‍ ഷൂട്ടിന്‌ കഴിഞ്ഞ ദിവസം സൈക്കിള്‍ മാര്‍ഗം യഷ്‌ രാജ്‌ സ്റ്റുഡിയോസിലേക്ക്‌ പോകുമ്പോള്‍ അശോക്‌ ഫോണില്‍ തന്റെ വീഡിയോ ചിത്രീകരിച്ചതാണ്‌ സല്‍മാനെ ചൊടിപ്പിച്ചത്‌.

സല്‍മാന്റെ വീഡിയോ ചിത്രീകരിക്കാന്‍ താന്‍ ബോഡി ഗാര്‍ഡില്‍ നിന്ന്‌ അനുവാദം ചോദിച്ചിരുന്നുവെന്നാണ്‌ അശോക്‌ പറയുന്നത്‌. അനുമതി കിട്ടിയത്‌ പ്രകാരം തന്റെ ക്യാമറാമാന്‍ സല്‍മാന്റെ വീഡിയോ എടുത്തു. എന്നാല്‍ സല്‍മാന്‌ അത്‌ ഇഷ്ടമായില്ല. തുടര്‍ന്ന്‌ വാക്കുതര്‍ക്കം ഉണ്ടാവുകയും ഫോണ്‍ ബലമായി പിടിച്ചു വാങ്ങുകയുമായിരുന്നു എന്ന്‌ പാണ്ഡേ പരാതിയില്‍ പറയുന്നു.

എന്നാല്‍ അശോകിന്റെ വാദം തള്ളി അനുവാദമില്ലാതെയാണ്‌ സല്‍മാന്റെ വീഡിയോ എടുത്തതെന്ന്‌ ബോഡി ഗാര്‍ഡ്‌ പൊലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്‌. മുംബൈ ഡി.എന്‍ നഗര്‍ പൊലീസ്‌ സ്‌റ്റേഷനിലാണ്‌ സല്‍മാനെതിരേ കേസ്‌ രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്‌. സല്‍മാന്‍ സൈക്കിളില്‍ സഞ്ചരിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്‌.




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക