Image

ബിജെപിയുടെ അടവ് വര്‍​ഗീയ സംഘര്‍ഷം ; കനയ്യ കുമാറിന് വോട്ടഭ്യര്‍ത്ഥിച്ച്‌ ശബാന ആസ്മി

Published on 26 April, 2019
ബിജെപിയുടെ അടവ് വര്‍​ഗീയ സംഘര്‍ഷം ; കനയ്യ കുമാറിന് വോട്ടഭ്യര്‍ത്ഥിച്ച്‌ ശബാന ആസ്മി

പറ്റ്ന: ബിഹാറിലെ ബെഗുസരായിയില്‍ സിപിഐ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന കനയ്യ കുമാറിന് വോട്ട് തേടി നടി ശബാന ആസ്മി. കനയ്യ കുമാറിന് എതിരെയുള്ള രാജ്യദ്രോഹക്കുറ്റം തെറ്റാണെന്നും അദ്ദേഹത്തെ വോട്ട് ചെയ്ത് വിജയിപ്പിക്കണമെന്നും ശബാന ആസ്മി പറഞ്ഞു. ബെഗുസരായിയിലെ ചാമരായി മൈതാനത്തില്‍ വച്ച്‌ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവര്‍. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കനത്ത പോരാട്ടം നടക്കാന്‍ സാധ്യതയുള്ള ബെഗുസരായി മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി ​ഗിരിരാജ് സിം​ഗിനെതിരെയാണ് കനയ്യ മത്സരിക്കുന്നത്.കനയ്യ കുമാറിനെതിരെയുള്ള ആരോപണങ്ങള്‍ തികച്ചും രാഷ്ട്രീയപരമാണ്. ഇന്ത്യന്‍ ഭരണഘടന സംരക്ഷിക്കുന്നതിന് കനയ്യ കുമാര്‍ പോരാടുകയാണെന്നും ഭരണഘടന സംരക്ഷിക്കാന്‍ അദ്ദേഹത്തിന് ജനം വോട്ട് ചെയ്യണമെന്നും ശബാന പറഞ്ഞു.

അതെ സമയം ,റാലിക്കിടെ ബിജെപിക്കെതിരെ ശക്തമായ വിമര്‍ശനങ്ങളാണ് ശബാന ഉന്നയിച്ചത്. 2014-ലെ പൊതു തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്ക് നല്‍കിയ വാ​ഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ ബിജെപി പരാജയപ്പെട്ടു. തെരഞ്ഞെടുപ്പില്‍ ജയിക്കുന്നതിനായി വര്‍​ഗീയ സംഘര്‍ഷങ്ങള്‍ക്ക് ബിജെപി മുന്‍തൂക്കം നല്‍കി . കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്ക് നല്‍കിയ വാ​ഗ്ദാനങ്ങള്‍ നിറവേറ്റിയിട്ടില്ലെന്ന് ബിജെപിക്ക് നന്നായിട്ട് അറിയാം. ഇത്തവണയും വിജയം കൊയ്യാന്‍ ബിജെപി അവരുടെ പഴയ അടവായ വര്‍​ഗീയ സംഘര്‍ഷത്തിന് തുടക്കമിടും. വെറുപ്പിന്റെ രാഷ്ട്രീയം പ്രചരിപ്പിച്ച്‌ ഹിന്ദുക്കളുടേയും മുസ്ലിങ്ങളുടേയും വോട്ടുകള്‍ ഭിന്നിപ്പിക്കുകയാണ് ബിജെപിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക