Image

മുപ്പത്‌ വര്‍ഷത്തിനുള്ളില്‍ നാലായിരത്തിലധികം നവജാത ശിശുക്കളെ വിറ്റ നഴ്‌സ്‌ പിടിയില്‍

Published on 26 April, 2019
മുപ്പത്‌ വര്‍ഷത്തിനുള്ളില്‍ നാലായിരത്തിലധികം നവജാത ശിശുക്കളെ വിറ്റ നഴ്‌സ്‌ പിടിയില്‍


കുട്ടികളെ അനധികൃതമായി ദത്തെടുത്ത്‌ വില്‍പന നടത്തി ലക്ഷങ്ങള്‍ കൈപ്പറ്റുന്ന മുന്‍ നഴ്‌സ്‌ പൊലീസിന്റെ പിടിയില്‍. ചെന്നൈയിലെ നാമക്കല്‍ ജില്ലയിലെ രാശിപുരത്താണ്‌ സംഭവം. പ്രദേശത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ നഴ്‌സായി ജോലി ചെയ്‌തിരുന്ന അമുദവല്ലി എന്ന സ്‌ത്രീയാണ്‌ പൊലീസിന്റെ പിടിയിലായത്‌. മുപ്പത്‌ വര്‍ഷം കൊണ്ട്‌ ഇവര്‍ വിറ്റത്‌ നാലായിരത്തിലധികം നവജാത ശിശുക്കളെയാണ്‌.

അമുദ ഇടപാടുകാരനായി നടത്തിയ ഫോണ്‍ സംഭാഷണത്തിലൂടെയാണ്‌ സംഭവം പുറംലോകം അറിയുന്നത്‌. വോയിസ്‌ ക്ലിപ്പ്‌ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ്‌ ആരോഗ്യ വകുപ്പ്‌ അന്വേഷണത്തിന്‌ ഉത്തരവിട്ടത്‌. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ്‌ ഇവരെ അറസ്റ്റ്‌ ചെയ്‌തത്‌.

അമുദയുടെ സഹായത്തോടെ 4500-ഓളം കുട്ടികളുടെ വില്‍പ്പന നടന്നിട്ടുണ്ടെന്നും സംസ്ഥാനത്താകെ കണ്ണികളുള്ള വന്‍ റാക്കറ്റാണ്‌ ഇതിനു പിന്നിലെന്നും പൊലീസ്‌ സംശയിക്കുന്നു. 

വ്യാജ ജനന സര്‍ട്ടിഫിക്കറ്റ്‌ തയ്യാറാക്കിയാണ്‌ കുട്ടികളെ ഇവര്‍ വിറ്റിരുന്നതെന്നും പൊലീസ്‌ പറഞ്ഞു.
പെണ്‍കുട്ടിക്ക്‌ രണ്ടേമുക്കാല്‍ ലക്ഷം രൂപയും ആണ്‍കുട്ടിക്ക്‌ നാലു ലക്ഷം രൂപയുമാണ്‌ ഇവര്‍ ആവശ്യക്കാരില്‍ നിന്ന്‌ ഈടാക്കിയിരുന്നതെന്ന്‌ എസ്‌.പി ആര്‍.ആരുളരസു വ്യക്തമാക്കി.

അമുദവല്ലിയുടെ ഇടപാടുകാരനുമായുള്ള ഫോണ്‍ സംഭാഷണവും പൊലീസ്‌ പുറത്തുവിട്ടു. `കുട്ടികളുടെ നിറം, ശരീരപ്രകൃതം, ആണ്‍കുട്ടിയാണോ പെണ്‍കുട്ടിയാണോ എന്നത്‌ അനുസരിച്ചാണ്‌ വില തീരുമാനിക്കുന്നത്‌. ആണ്‍കുട്ടിയാണെങ്കില്‍ 4.25 ലക്ഷം രൂപ മുതലാണ്‌ വില പെണ്‍കുട്ടിക്ക്‌ 2.70 ലക്ഷം രൂപയും' അമുദവല്ലി ഫോണില്‍ പറയുന്നു.

കാണാന്‍ കുറച്ചുകൂടി ആകര്‍ഷത്വമുള്ള കുട്ടിയാണെങ്കില്‍ വില കുറച്ചുകൂടി കൂടും. 30,000 രൂപ അഡ്വാന്‍സായി തന്നാല്‍ മാത്രമെ കച്ചവടത്തിലേക്ക്‌ കടക്കൂവെന്നും അമുദവല്ലി ഇടപാടുകാരനോട്‌ പറയുന്നുണ്ട്‌.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക