Image

ആണത്തത്തോടെ കളളവോട്ടില്ലാതെ മത്സരിക്കാന്‍ സിപിഎം തയ്യാറുണ്ടോ.. വെല്ലുവിളിച്ച്‌ കെ സുധാകരന്‍

Published on 27 April, 2019
ആണത്തത്തോടെ കളളവോട്ടില്ലാതെ മത്സരിക്കാന്‍ സിപിഎം തയ്യാറുണ്ടോ.. വെല്ലുവിളിച്ച്‌ കെ സുധാകരന്‍

കണ്ണൂര്‍: കാസര്‍ഗോഡ് മണ്ഡലത്തില്‍ കളളവോട്ട് നടന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നത് സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. കോണ്‍ഗ്രസാണ് കളളവോട്ടിന്റെ ദൃശ്യങ്ങള്‍ പുറത്ത് വിട്ടത്. എരമംകുറ്റൂര്‍ പഞ്ചായത്തിലും ചെറുതാഴം പഞ്ചായത്തിലും വ്യാപകമായി കള്ളവോട്ട് നടന്നു എന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ സുധാകരന്‍ സിപിഎമ്മിനെതിരെ ആഞ്ഞടിച്ച്‌ രംഗത്ത് വന്നിട്ടുണ്ട്.


കള്ളവോട്ടിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ ഇതിനെതിരെ കോണ്‍ഗ്രസ് നിയമയുദ്ധം നടത്തുമെന്ന് കെ സുധാകരന്‍ വ്യക്തമാക്കി. സുപ്രീം കോടതിയെ സമീപിക്കാനാണ് കോണ്‍ഗ്രസ് നീക്കം. അന്നും ഇന്നും കളളവോട്ട് കണ്ണൂരില്‍ ഒരു സത്യമാണെന്ന് കെ സുധാകരന്‍ പറഞ്ഞു.

ജനഹിതം അട്ടിമറിക്കുന്ന ഒരു രാഷ്ട്രീയ പ്രവര്‍ത്തന ശൈലിയാണ് സിപിഎം സ്വീകരിക്കുന്നതെന്നും കെ സുധാകരന്‍ ആരോപിച്ചു. ആണത്തത്തോടെ കളളവോട്ടില്ലാതെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സിപിഎം തയ്യാറുണ്ടോ എന്ന് സുധാകരന്‍ വെല്ലുവിളിച്ചു. അതിന് സിപിഎം തയ്യാറായാല്‍ കണ്ണൂരിലെ 11 നിയോജക മണ്ഡലങ്ങളില്‍ രണ്ടിലേറെ സീറ്റുകളില്‍ അവര്‍ക്ക് വിജയിക്കാന്‍ സാധിക്കില്ലെന്ന് സുധാകരന്‍ പറഞ്ഞു.


കണ്ണൂരിലെ മറ്റ് മണ്ഡലങ്ങളില്‍ എല്ലാം സിപിഎം അതിജീവിക്കുന്നത് കളളവോട്ടുകള്‍ കൊണ്ടാണെന്നും സുധാകരന്‍ ആരോപിച്ചു. ഡബിള്‍ വോട്ട് ചെയ്യാനുളള സാഹചര്യം അക്രമത്തിലൂടെ സിപിഎം ഒരുക്കുന്നു. പ്രതികരിക്കാന്‍ പോലും കഴിയാത്ത സമൂഹത്തെയാണ് സിപിഎം സൃഷ്ടിക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു. സംഭവത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ കണ്ണൂര്‍, കാസര്‍ഗോഡ് കളക്ടര്‍മാരോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക