Image

കാലപ്രളയം (നാടകം - രംഗം -9): കാരൂര്‍ സോമന്‍)

Published on 28 April, 2019
കാലപ്രളയം (നാടകം - രംഗം -9): കാരൂര്‍ സോമന്‍)


സീന്‍ - ഒന്‍പത്

        (ചാണ്ടിമാപ്പിളയുടെ വീട്. ചാണ്ടി ഇരിക്കുന്നു. പുറത്ത് മഴ തുടരുകയാണ്. കുടചൂടി വരുന്ന മാര്‍ത്താണ്ഡന്‍. അയാള്‍ കുട കുടഞ്ഞ് ഒരു വശത്തൊതുക്കിവച്ചിട്ട്)
മാര്‍ത്താണ്ഡന്‍    :    ജയിലില്‍ വരണമെന്ന് വിചാരിച്ചതാ ചാണ്ടിമാപ്പിളേ.... മഴ പുറത്തിറങ്ങാന്‍ സമ്മതിക്കണ്ടേ... മുടിയാനെക്കൊണ്ട് എന്തൊരു മഴയാ...
        (ചുറ്റും നോക്കി താന്‍ പറയാന്‍ പോകുന്ന കാര്യത്തില്‍ ഒരു ഗൗരവം വരുത്തി)
        ചാണ്ടിമാപ്പിളക്ക് ജാമ്യം കിട്ടത്തില്ലെന്നൊക്കെയായിരുന്നു കരക്കാരുടെ വര്‍ത്താനം. മനഃപൂര്‍വ്വമുള്ള നരഹത്യക്കാ കേസെടുത്തതുപോലും...
ചാണ്ടി    :    വക്കീലു വലിക്കാനിരിക്കുകയല്ല... കാമ്പിശ്ശേരിയിലെ കൊച്ചനാ ഹാജരായത്...
മാര്‍ത്താണ്ഡന്‍    :    ദേ സ്‌നേഹംകൊണ്ട് പറയുകാ... ചാണ്ടിമാപ്പിള ഒന്നു കരുതി ഇരിക്കുന്നത് നല്ലതാ.. അശോകന്‍ രണ്ടും നിശ്ചയിച്ചാ... കൊല്ലുമെന്നു പറയുന്നത് ദേ ഞാനെന്റെ ഈ ചെവികൊണ്ട് കേട്ടതാ..
        (ചാണ്ടിമാപ്പിള സംശയത്തോടെ നോക്കിയപ്പോള്‍.. അവനതുറപ്പിക്കുന്ന മട്ടില്‍)
        ങൂം... അമ്മച്ചിയാണെ സത്യം
        (ചാണ്ടിമാപ്പിള അസ്വസ്ഥമായി ചലിച്ചിട്ട്)
ചാണ്ടി     :    അവനെന്റെ രോമത്തെ തൊടത്തില്ല..
മാര്‍ത്താണ്ഡന്‍    :    രോമത്തെ തൊടാതൊക്കെ കൊല്ലാനിപ്പോഴത്തെ പിള്ളാര്‍ക്കറിയാം.. ഒന്നു കരുതി നടക്കുന്നത് നല്ലതാ...ഈ അന്യഭാഷാ തൊഴിലാളികളെന്നും പറഞ്ഞ് ബംഗ്ലാദേശീന്നുമൊക്കെ കുറേയെണ്ണം വന്നു കിടപ്പില്ലേ... എല്ലാം തന്തയില്ലാത്തവന്‍മാരാ... ക്രിമിനലുകളാ... പത്ത് പുത്തന്‍ കൊടുത്താല്‍ അവന്‍മാര് പണി നടത്തിയിട്ട് അടുത്ത ട്രെയിനില്‍ കേറി സ്ഥലം വിടും.
ചാണ്ടി    :    ഇതൊന്നും കേട്ട് പേടിക്കുന്നവനല്ലടോ ചാണ്ടിമാപ്പിള.. വരുന്നത് വരുന്നിടത്തുവച്ച് കാണാം...
മാര്‍ത്താണ്ഡന്‍    :    മാര്‍ത്താണ്ഡന്‍ പറഞ്ഞ വാക്ക് പാലിച്ചു.. നിങ്ങടെ പേരക്കുട്ടിയാ ചതിച്ചത്...
ചാണ്ടി    :    അവന്‍ കൊച്ചുകുഞ്ഞല്ലേടോ....
മാര്‍ത്താണ്ഡന്‍    :    എന്തോന്നിന്റെ കൊച്ചുകുഞ്ഞാ... പതിനാലു ദിവസമാ അകത്തു കിടക്കേണ്ടിവന്നത്. വലിയ കുടുംബക്കാരന്‍ നാണംകെട്ടോ... ആരാ കാരണം. ദേ കുട്ടികളെ വളര്‍ത്തേണ്ട രീതിയില്‍ വളര്‍ത്തണം. അതെങ്ങനെ പിള്ളാരെന്തെങ്കിലുമൊക്കെ വിളച്ചിലു പറയുമ്പോഴേ മാതാപിതാക്കള് പ്രോത്സാഹിപ്പിക്കും.. നല്ല പെട കൊടുക്കണമെന്ന്... അടി ചെയ്യും ഉപകാരം അണ്ണന്‍തമ്പീം ചെയ്യില്ലെന്നു കേട്ടിട്ടില്ലേ... അപ്പുറത്ത് പോകരുതെന്ന് പറഞ്ഞു. കൊച്ചനനുസരിച്ചോ... നിങ്ങളവനെ അവിടിട്ടടിച്ചു. എന്നിട്ട്  വൈകുന്നേരം ആയപ്പോ വിളിച്ചോണ്ടുപോയി ആവശ്യമുള്ളതെല്ലാം വാങ്ങിച്ചുകൊടുത്തു. കോടതീ കേറിനിന്നും കൊച്ചനിതുതന്നെ പറഞ്ഞാല്‍ നിങ്ങടെ ഗതിയെന്താകും.. ദേ മാര്‍ത്താണ്ഡന്‍ വാക്ക് മാറില്ല...
ചാണ്ടി    :    അങ്ങനൊന്നും സംഭവിക്കില്ലെടോ. മാര്‍ത്താണ്ഡന്‍പിള്ളേ, മട്ടും ഭാവവുമൊക്കെ കണ്ടിട്ട് മഴ പ്രശ്‌നമാകുമെന്നാ തോന്നുന്നത്... ഈ മഴ തുടങ്ങിയിട്ട് മാസമൊന്നു കഴിഞ്ഞില്ലേ... പറമ്പിലൊക്കെയൊന്നു ശ്രദ്ധിക്കണം.. താഴ്ചയിലെല്ലാം വെള്ളം കെട്ടി നില്‍ക്കാന്‍ തുടങ്ങി.  ഈ വര്‍ഷം ഓണമൊക്കെ വെള്ളത്തിലാകുന്ന കോളാ... രണ്ടു പണിക്കാരെ നിര്‍ത്തിയിട്ടൊണ്ട്...  താനൊന്ന് ശ്രദ്ധിക്കണം....
        (ഈ സമയം അകത്തുനിന്നും വരുന്ന സണ്ണി. അവന്‍ മടിച്ചു മടിച്ചു മൂപ്പിലാന്റെ അടുത്തുചെന്നു)
സണ്ണി    :    വല്യപ്പച്ചാ....
മാര്‍    :    വന്നല്ലോ അസുരവിത്ത്... ഇനി ഞാനിവിടെ നിന്നാല്‍ ശരിയാകത്തില്ല..
        (മാര്‍ത്താണ്ഡന്‍ കുടയും നിവര്‍ത്തി പുറത്തേക്കുപോയി)
സണ്ണി    :    വല്യപ്പച്ചാ... മമ്മി പറയുകാ വല്യപ്പച്ചനെ പോലീസ് പിടിച്ചോണ്ടുപോയത് ഞാന്‍ കാരണമാണെന്ന്... ഞാന്‍ കണ്ടകാര്യം കണ്ടതുപോലെ പറഞ്ഞു. കള്ളം പറയണമെന്ന് എന്നോടാരും പറഞ്ഞില്ലല്ലോ.. കള്ളം പറഞ്ഞിട്ട് അച്ചനോടങ്ങു കുമ്പസാരിച്ചാല്‍ പോരായിരുന്നോ, എന്നാ മമ്മി ചോദിച്ചത്
ചാണ്ടി    :    സാരമില്ല.. നീ അറിവില്ലാതെ പറഞ്ഞതല്ലേ... ദേ കേസ് കോടതിയില്‍ വരും. അതിനു കാലം കുറേ പിടിക്കും. അന്നെന്തു പറയണമെന്ന് നമ്മുടെ വക്കീല് പറയും. മക്കളതങ്ങു പറഞ്ഞാല്‍ മതി.
സണ്ണി    :    വല്യപ്പച്ചനെ പോലീസുകാര് കൊണ്ടുപോയിട്ട് വല്ലതും ചെയ്‌തോ...
ചാണ്ടി    :    എന്തോ ചെയ്യാനാ...
സണ്ണി    :    നാല് കിട്ടിക്കാണുമെന്നാ എല്ലാവരും പറഞ്ഞത്...
ചാണ്ടി    :    അതസൂയക്കാര്‍ അങ്ങനെ പലതും പറയും. എടാ ജയിലെന്നൊക്കെ പറഞ്ഞാല്‍ ആണുങ്ങക്ക് പറഞ്ഞിട്ടൊള്ളതാ.. ചാണ്ടി കട്ടതിനും, മോട്ടിച്ചതിനും പെണ്ണുപിടിച്ചതിനുമൊന്നുമല്ല ജയിലില്‍ കിടന്നത്.. ഒരുത്തനിട്ട് നാല് കൊടുത്തിട്ടാ.. അതിനേ ആണത്തം വേണം... അതൊരന്തസാ...
സണ്ണി    :    ഹോ, ഇപ്പോഴാ സമാധാനമായത്... വല്യപ്പച്ചനൊരു സംഭവാ കേട്ടോ... എന്തുവന്നാലും തള്ളിനൊരു കുറവുമില്ല... അല്ലാ ജയിലിലെ ശാപ്പാട് എങ്ങനൊണ്ടായിരുന്നു
ചാണ്ടി    :    എന്താ നിനക്ക് പോണോ...
സണ്ണി    :    അല്ല... അറിയാന്‍വേണ്ടി ചോദിച്ചതാ.. എക്‌സ്പീരിയന്‍സ് ഉള്ളവരോടല്ലേ അതൊക്കെ ചോദിക്കാനൊക്കൂ...
        (ഒരു നിമിഷം നിര്‍ത്തി അയാളെ നോക്കി) മമ്മി പറയുന്നത് മാനക്കേടായെന്നാ...
ചാണ്ടി    :    എന്തോന്നിന്‌റെ മാനക്കേട്... എടാ മഹാത്മാ ഗാന്ധി ജയിലില്‍ കിടന്നിട്ടൊണ്ട്...ജവഹര്‍ലാല്‍ നെഹ്‌റു ജയിലില്‍ കിടന്നിട്ടൊണ്ട്... ഏ.കെ.ജിയും ഇ.എം.എസും ജയിലില്‍ കിടന്നിട്ടൊണ്ട്...
സണ്ണി    :    അല്ല വല്യപ്പച്ചാ... അവരൊക്കെ അതിരു മാന്തിയതിനും വല്ലവരുടേയും തല തല്ലിപ്പൊളിച്ചതിനുമാണോ ജയിലില്‍ കിടന്നത്...
        (മൂപ്പിലാന്‍ ചമ്മി അവനെ നോക്കി. അടുത്തുവിളിച്ച് നിര്‍ത്തിയിട്ട്)
ചാണ്ടി    :    എടാ, കഴിഞ്ഞ ജന്മത്തിലെ ശത്രുക്കള്‍ ഈ ജന്മത്തില്‍ മക്കളായിട്ടും കൊച്ചുമക്കളായിട്ടുമൊക്കെ ജനിക്കുമെന്ന് പഴമക്കാര് പറഞ്ഞിട്ടൊണ്ട്...
സണ്ണി    :    അപ്പോള്‍ ഞാന്‍ വല്യപ്പച്ചന്റെ ശത്രുവാണെന്നാണോ പറഞ്ഞു വരുന്നത്. വല്യപ്പച്ചനില്ലാത്ത ദിവസങ്ങളിലൊന്നും എനിക്കുറങ്ങാന്‍ കഴിഞ്ഞില്ല. ഞാന്‍ നിമിത്തമാ വല്യപ്പച്ചന്‍ ജയിലില്‍കിടക്കുന്നത് എന്നോര്‍ത്തപ്പോള്‍ എനിക്ക് സങ്കടം വന്നു.
ചാണ്ടി    :    ഒക്കെയൊരു തലയിലെഴുത്താ മക്കളേ... എടാ ഞാന്‍ ജീവിക്കുന്നതും ഈ മുതലെല്ലാം പൊന്നുപോലെ കാക്കുന്നതും നിനക്കുവേണ്ടിയല്ലേ... വല്യപ്പച്ചന്റെ പൊന്നല്ലേ നീ...
        (ഈ സമയം പുറത്തുനിന്നും കുടചൂടി അവിടേക്കെത്തുന്ന അംബികയും അതിഥിയും.)
അംബിക    :    ചാണ്ടിമാപ്പിളേ.... (അവരെ കണ്ട് ആകെ അസ്വസ്ഥനായി ചാണ്ടിമാപ്പിള ദേഷ്യത്തോടെ ചോദിച്ചു)
അംബിക    :    ചാണ്ടിമാപ്പിളേ...
ചാണ്ടി    :    ആരോട് ചോദിച്ചിട്ടാ ഈ ഉമ്മറത്തേക്കു കടന്നു വന്നത്...എന്തു ധൈര്യത്തോടെ ?
അംബിക    :    എന്റെ മോള്‍ക്ക് തന്നോട് ചിലത് ചോദിക്കാനൊണ്ട്. ഇയാളെന്താ ഇവളുടെ തല വെട്ടുമോ.. അതോ മൂക്കില്‍ കേറ്റുമോ... ഒരു കൂടപ്പിറപ്പിനെപ്പോലെ തന്നെ സ്‌നേഹിച്ചിരുന്നു ഞാന്‍ ഇന്നലെകളില്‍... അല്ലെങ്കില്‍ ഞാനിവിടേക്ക് വരുമ്പോള്‍ ഒരു ചൂലും കൂടി കരുതിയേനെ.... തന്റെ മുതുക് തീര്‍ത്തടിക്കാന്‍....
        (അയാളൊരു നടുക്കത്തോടെ തിരിഞ്ഞവര്‍ക്കടുത്തേക്ക് എത്തുമ്പോള്‍.. ഒരന്യനോടെന്നവണ്ണം അതിഥി ചോദിച്ചു.)
അതിഥി    :    എന്തിനാ, എന്റെ അച്ഛന്റെ തല നിങ്ങള്‍ തല്ലിപ്പൊളിച്ചത് ?
ചാണ്ടി    :    അതിനു പകരമായി കേശവന്‍നായരെന്നെ കൊല്ലുമെന്നു പറഞ്ഞു...
അതിഥി    :    കൊല്ലാത്തത് ചാണ്ടിമാപ്പിളയെ ഭയന്നിട്ടല്ല... എന്റെ അപ്പനെന്ന ഔദാര്യം കൊണ്ടാ....
        (അയാള്‍ പതറിപ്പോയി.)
        മരണം വരെ ഞാനാ വീട്ടില്‍ ജീവിക്കേണ്ടവളാണ് എന്ന് നിങ്ങളോര്‍ത്തില്ല... എനിക്കറപ്പാ... വെറുപ്പാ... ആണൊരുത്തന്റെ കൂടാ, വിദ്യാഭ്യാസമുള്ളവന്റെ, മാന്യമായ തൊഴിലുള്ളവന്റെ, കുടുംബത്തില്‍ പിറന്നവന്റെ, സംസ്കാരമുള്ളവന്റെ, അങ്ങനെയുള്ള ഒരുവന്റെ കൂടെയാ ഞാനിറങ്ങിപ്പോയത്. അതംഗീകരിക്കാന്‍ ബുദ്ധിമുട്ടുള്ള അപ്പനെ, എനിക്കും അംഗീകരിക്കാന്‍ ബുദ്ധിമുട്ടാ... അതീമുഖത്തു നോക്കി പറയാനാ ഞാന്‍ ഇപ്പോള്‍ വന്നത്...
അംബിക    :    എടോ മാപ്പിളേ... താനെന്തു തെണ്ടിത്തരം കാണിച്ചാലും ഞങ്ങള്‍ക്കിവളു മോളാ... പൊന്നുമോളാ..... പൊന്നുപോലെ നോക്കുമിവളെ. ഇവള്‍ക്കൊറ്റ അയോഗ്യതയേ ഉള്ളൂ... അത് ഇയാളുടെ മോളായിപ്പോയി എന്നുള്ളതാ...ഇവളിപ്പൊഴേ ചാണ്ടീടെ മോളല്ല... എന്റെ മോന്റെ പെണ്ണാ... ഞങ്ങടെ പൊന്നുമോള്.... എന്റെ ഭര്‍ത്താവിന്റെ തല തല്ലിപ്പൊളിച്ച തന്നോട് ഇങ്ങനെയെങ്കിലും പ്രതികരിക്കണ്ടേ... (ഒന്നു നിര്‍ത്തി കാര്‍ക്കിച്ച് ചാണ്ടിയുടെ മുഖത്തേയ്ക്ക് നോക്കി)
        ത്ഫൂ.... വാ മോളേ... (അംബിക പുറത്തേയ്ക്ക്)
        (അതിഥി അയാളെ മുഖമടച്ചാട്ടി അവളും പുറത്തേയ്ക്ക്.... ചാണ്ടി തകര്‍ന്നുപോയി. അയാളുടെ മനസ്സുപോലെ മഴ കനക്കുന്നു.. നേരിയ ആശ്വാസം പോലെ സണ്ണിയുടെ ചാണ്ടിയുടെ ഓരം ചേര്‍ന്ന് നിന്നു).

(തുടരും)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക