Image

ശ്രീലങ്കയില്‍ പെണ്‍ചാവേറുകള്‍ വിശ്വാസികളുടെ വേഷത്തില്‍ ബുദ്ധവിഹാരങ്ങളില്‍ ആക്രമണം നടത്താന്‍ പദ്ധതിയിടുന്നതായി ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ട്‌

Published on 29 April, 2019
ശ്രീലങ്കയില്‍ പെണ്‍ചാവേറുകള്‍ വിശ്വാസികളുടെ വേഷത്തില്‍ ബുദ്ധവിഹാരങ്ങളില്‍ ആക്രമണം നടത്താന്‍ പദ്ധതിയിടുന്നതായി ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ട്‌


കൊളംബോ : ഈസ്റ്റര്‍ ഞായറാഴ്‌ച നടന്ന സ്‌ഫോടനങ്ങളുടെ തുടര്‍ച്ചയായി നടത്തിയ അന്വേഷണങ്ങളില്‍ ശ്രീലങ്കന്‍ ഇന്റലിജന്‍സിന്‌ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ലഭിച്ചതായി ഡെയ്‌ലി മിറര്‍ റിപ്പോര്‍ട്ട്‌ ചെയുന്നു. പെണ്‍ ചാവേറുകള്‍ വിശ്വാസികളായി നടിച്ച്‌ ബുദ്ധവിഹാരങ്ങളില്‍ ആക്രമണം നടത്തുമെന്നാണ്‌ ഇന്റലിജന്‍സിന്‌ കിട്ടിയ വിവരം.

ബുദ്ധവിഹാരങ്ങളില്‍ സന്ദര്‍ശനം നടത്തുന്ന സ്‌ത്രീകള്‍ ധരിക്കുന്നത്‌ പ്രത്യേക തരത്തിലുള്ള ഒരു വെളുത്ത വസ്‌ത്രം ധരിച്ചുകൊണ്ടാണ്‌. ഗിരിയുള്ളയിലെ ഒരു തുണിക്കടയില്‍ നിന്നും ചില മുസ്‌ലിം യുവതികള്‍ ചേര്‍ന്ന്‌ ഇത്തരത്തിലുള്ള 9 ജോഡി വെള്ളവസ്‌ത്രങ്ങള്‍ക്കു വേണ്ടി 29,000 ശ്രീലങ്കന്‍ രൂപ ( ഏകദേശം 10,000 ഇന്ത്യന്‍ രൂപ) ചെലവിട്ടതായാണ്‌ ഇന്റലിജന്‍സ്‌ വൃത്തങ്ങള്‍ക്ക്‌ കിട്ടിയ വിവരം.

ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസിന്‌ കിട്ടിയിട്ടുണ്ട്‌. ശ്രീലങ്കയുടെ കിഴക്കന്‍ പ്രവിശ്യയിലെസൈന്താമരുതുവില്‍ പോലീസ്‌ നടത്തിയ റെയ്‌ഡിനിടയില്‍ ഇതില്‍ അഞ്ചു ജോഡി വസ്‌ത്രങ്ങള്‍ കിട്ടിയിരുന്നു.

ഇതിന്റെ ചുവടുപിടിച്ചു നടത്തിയ അന്വേഷണത്തിലാണ്‌ മൊത്തം 9 ജോഡി വസ്‌ത്രങ്ങളാണ്‌ അവര്‍ വാങ്ങിയതെന്നുള്ള വിവരം കിട്ടുന്നത്‌. ബാക്കിയുള്ള 4 ജോഡി വസ്‌ത്രങ്ങള്‍ കണ്ടെടുക്കാന്‍ പൊലീസിന്‌ ഇനിയും സാധിച്ചിട്ടില്ല.

ഇത്‌ ആശങ്കലയുളവാക്കുന്ന ഒരു സാഹചര്യമാണ്‌. ഈ വസ്‌ത്രങ്ങള്‍ ധരിച്ചുകൊണ്ട്‌ നാലു പെണ്‍ചാവേറുകള്‍ ബുദ്ധവിഹാരങ്ങളെ ലക്ഷ്യമിട്ട്‌ അക്രമണം നടത്താനുള്ള സാധ്യത ഈ അവസരത്തില്‍ തള്ളിക്കളയാനാവില്ലെന്നാണ്‌ ഇന്റലിജന്‍സ്‌ കേന്ദ്രങ്ങള്‍ പറയുന്നത്‌.

തീവ്രവാദ അക്രമണമുണ്ടായതിനു പിന്നാലെ നാഷണല്‍ തൗഹീദ്‌ ജമായത്തിനെ ശ്രീലങ്കന്‍ സര്‍ക്കാര്‍ നിരോധിക്കുകയും, മുഖം മറച്ചുകൊണ്ടുള്ള പര്‍ദ്ദ മതപരമായ വസ്‌ത്രധാരണങ്ങള്‍ക്ക്‌ വിലക്കേര്‍പ്പെടുത്തുകയും ചെയ്‌തു.

അതിനിടെ ശ്രീലങ്കയിയുടെ കിഴക്കന്‍ പ്രവിശ്യയില്‍ ഐഎസ്‌ഐഎസ്‌ ഭീകരരുമായി സൈന്യം നടത്തിയ ഏറ്റുമുട്ടലില്‍ മൂന്ന്‌ ഭീകരരെ വധിക്കുകയുണ്ടായി. ഏറ്റുമുട്ടലിന്‌ ശേഷം സൈന്യം നടത്തിയ തിരച്ചിലിനിടെ ആറ്‌ കുട്ടികള്‍ ഉള്‍പ്പെടെ പതിനഞ്ചോളം പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതായി ശ്രീലങ്കന്‍ പൊലീസ്‌ വ്യക്തമാക്കിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക