Image

അഭിനയമികവിന്റെ ഉയരങ്ങളില്‍

Published on 29 April, 2019
  അഭിനയമികവിന്റെ ഉയരങ്ങളില്‍
ആസിഡ്‌ ആക്രമണത്തെ തുടര്‍ന്ന്‌ അതിഭീകരമായ ദുരന്തജീവിതം നയിക്കേണ്ടി വരുന്ന നിരവധി സ്‌ത്രീകളുളള രാജ്യമാണ്‌ നമ്മുടേത്‌. മറ്റ്‌ സംസ്ഥാനങ്ങളില്‍ പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്‌ പെണ്‍കുട്ടികളെ പെട്രോളൊഴിച്ച്‌ കൊല്ലുന്ന വാര്‍ത്തകള്‍ വായിക്കുമ്പോള്‍ ഇങ്ങനെയൊന്നും നമ്മുടെ കേരളത്തില്‍ സംഭവിക്കില്ല എന്നു നാം കരുതിയിരുന്നു. എന്നാല്‍ നമ്മെയെല്ലാം ഞെട്ടിച്ചു കൊണ്ട്‌ നമുക്കരികില്‍ തന്നെ രണ്ട്‌ പെണ്‍കുട്ടികള്‍ പട്ടാപ്പകല്‍ എരിഞ്ഞു.



സ്‌ത്രീസുരക്ഷയും ഇത്തരം ക്രിമിനലുകള്‍ക്ക്‌ കൊടുക്കേണ്ട ശിക്ഷയെ കുറിച്ചും `അവള്‍ തേച്ചിട്ടല്ലേ' എന്നു ചോദിച്ച്‌ കുറ്റകൃത്യം ന്യായീകരിക്കുന്നവരെയുമെല്ലാം ഫെയ്‌സ്‌ ബുക്കിലും നാം കാണുന്നു. ഇതിനു സമാനമായ കഥയാണ്‌ മനു അശോകന്‍ സംവിധാനം ചെയ്‌ത ഉയരെ എന്ന ചിത്രം പറയുന്നത്‌. പല്ലവി എന്ന പെണ്‍കുട്ടിയുടെ അസാമാന്യമായ മനക്കരുത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും കഥ. അതാണ്‌ ഉയരെ.

കുട്ടിക്കാലം മുതല്‍ പൈലറ്റാകണം എന്നതായിരുന്നു പല്ലവിയുടെ അഭിലാഷം. അത്‌ സാക്ഷാത്‌ക്കരിക്കുന്നതിനു തൊട്ടുമുമ്പാണ്‌ അവളുടെ ജീവിതം അപ്പാടെ മാറ്റി മറിക്കുന്ന ഒരു വലിയ ദുരന്തം അവള്‍ക്ക്‌ നേരിടേണ്ടി വന്നത്‌. സുന്ദരിയായ ഒരു പെണ്‍കുട്ടിയെ സംബന്ധിച്ചത്‌ ഈ ജീവിതത്തേക്കാള്‍ ഭേദം മരണം എന്നു വിശ്വസിക്കേണ്ടി വരുന്ന തരത്തിലുള്ള ഒരു വലിയ ദുരന്തത്തിനാണ്‌ അവള്‍ ഇരയാകുന്നത്‌.

ആഗ്രഹിച്ചും മോഹിച്ചും നേടിയ ജോലിയില്‍ അവള്‍ പെട്ടെന്നൊരു നാള്‍ അയോഗ്യയാക്കപ്പെടുന്നു. തനിക്കേറ്റ ദുരന്തത്തിന്റെ വേദനകളെ അതിജീവിക്കാനും മുന്നോട്ടു പോകാനും ശ്രമിക്കുന്ന അവളെ കാത്തിരിക്കുന്നത്‌ പക്ഷേ, സുഖമുള്ള അനുഭവങ്ങളല്ല. മറിച്ച്‌ സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്നും വരുന്ന അവഗണനയും ഒഴിവാക്കലും നിന്ദയും പരിഹാസവുമൊക്കെയാണ്‌. എന്നാല്‍ അവള്‍ക്ക്‌ തോല്‍ക്കാന്‍ കഴിയുമായിരുന്നില്ല.

എല്ലാവിധ പ്രതിബന്ധങ്ങളുടെ ഇരുട്ടിലും തിരിച്ചടികളിലും പല വട്ടം വീണു പോയിട്ടും അവള്‍ ആത്മവിശ്വാസത്തോടെ ഉയിര്‍ത്തെഴുന്നേല്‍ക്കുന്നു. തന്നെ തകര്‍ത്ത ദുരന്തത്തിന്റെ നേര്‍ക്ക്‌ അഭിനന്ദനീയമായ മനസ്ഥൈര്യത്തോടെ അവള്‍ പൊരുതുന്നതും ഒരിക്കല്‍ കൈവിട്ടെന്നു കരുതിയ സ്വപ്‌നങ്ങളും പ്രതീക്ഷകളും വീണ്ടെടുക്കുന്നതുമാണ്‌ പ്രമേയം.

അന്തരിച്ച സംവിധായകന്‍ രാജേഷ്‌ പിള്ളയുടെ അസോസിയേറ്റ്‌ ഡയറക്‌ടറായിരുന്ന മനു അശോകന്റെ കന്നി ചിത്രമാണ്‌ ഉയരെ. ടേക്ക്‌ ഓഫ്‌ എന്ന ചിത്രത്തിനു ശേഷം പാര്‍വതിയുടെ ശക്തമായ മറ്റൊരു കഥാപാത്രമാണ്‌ ഇതിലെ പല്ലവി. സിനിമയിലൊരിടത്തും നമുക്ക്‌ പാര്‍വതി എന്ന നടിയെ കാണാന്‍ കഴിയില്ല എന്നതു തന്നെയാണ്‌ അവരുടെ അഭിനയ മികവിന്റെ ഏറ്റവും നല്ല ഉദാഹരണം.

അതിസങ്കീര്‍ണ്ണമായ വികാരവിക്ഷോഭങ്ങള്‍ നിറയുന്ന കഥാസന്ദര്‍ഭങ്ങളില്‍ പാര്‍വതി പ്രകടിപ്പിക്കുന്ന ഉജ്ജ്വലമായ അഭിനയ മികവ്‌ ഒന്നു മാത്രം മതി മലയാള സിനിമയ്‌ക്ക്‌ എത്ര മാത്രം സംഭാവനകള്‍ നല്‌കാന്‍ കഴിയുന്ന നടിയാണ്‌ താനെന്ന്‌ തെളിയിക്കാന്‍. അഭിലാഷങ്ങളുടെ തീവ്രത, പ്രണയത്തിന്റെ ആഴമേറിയ ഭാവങ്ങള്‍, സ്വപ്‌നങ്ങള്‍ തകര്‍ന്നടിയുമ്പോഴുള്ള പിടച്ചിലും വേദനയും, അപ്രതീക്ഷിത ദുരന്തം ഏറ്റു വാങ്ങേണ്ടി വരുമ്പോഴുള്ള വികാര വിക്ഷോഭങ്ങള്‍ എന്നിങ്ങനെ എത്രയെത്ര ഭാവങ്ങളാണ്‌ പാര്‍വതി അടക്കിപ്പിടിച്ച ഒരു തേങ്ങല്‍ കൊണ്ടും വിറയ്‌ക്കുന്ന ചുണ്ടുകളോടെയുള്ള ഒരു നോട്ടം കൊണ്ടുമെല്ലാം പ്രേക്ഷക മനസിലേക്ക്‌ പതിച്ചു വയ്‌ക്കുന്നത്‌.

അതിജീവനത്തിന്റെ വേദനാപൂര്‍ണമായ ഘട്ടങ്ങളിലെല്ലാം അത്‌ സഹിക്കുന്നത്‌ പല്ലവി മാത്രമല്ല, മറിച്ച്‌ പ്രേക്ഷകര്‍ കൂടിയാണെന്നത്‌ ചിത്രത്തിന്റെ വിജയമാണ്‌. വൈകാരിക തീവ്രതയുളള മുഹൂര്‍ത്തങ്ങള്‍ അങ്ങേയറ്റം സ്വാഭാവികതയോടെ അവതരിപ്പിക്കാന്‍ അഭിനേതാക്കള്‍ക്ക്‌ കഴിഞ്ഞിട്ടുണ്ട്‌. അത്‌ സംവിധായകന്റെ കഴിവാണ്‌. ഒടുവില്‍ തന്റെ പ്രതിസന്ധികളോട്‌ പടവെട്ടി അവള്‍ ഏറ്റവുമധികം സ്വപ്‌നം കണ്ട കാര്യം നേടിയെടുക്കുന്നതാണ്‌ കഥയുടെ പര്യവസാനം.

പല്ലവിയായി എത്തിയ പാര്‍വതിയുടെ അതിഗംഭാരമായ അഭിനയം തന്നെയാണ്‌ ചിത്രത്തിന്റെ പ്‌ളസ്‌ പോയിന്റ്‌. പല്ലവിയായി അവര്‍ ജീവിക്കുകയായിരുന്നു എന്നു പോലും തോന്നിപ്പോകും വിധത്തിലുളള പ്രകടനമായിരുന്നു പാര്‍വതി കാഴ്‌ച വച്ചത്‌. ആസിഡ്‌ ആക്രമണത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയായ പല്ലവിയുടെ അതിജീവനത്തിന്റെ നാള്‍വഴികളാണ്‌ ഇതില്‍ കാണാന്‍ കഴിയുക.

ഒപ്പം പൈലറ്റ്‌ പരിശീലനത്തിന്റെ സാങ്കേതിക വശങ്ങളെ കുറിച്ചുള്ള വ്യക്തമായ ഒരു ചിത്രവും ഈ സിനിമയില്‍ നമുക്ക്‌ ലഭിക്കും. സംഭാഷണങ്ങള്‍ക്ക്‌ നീളം കുറച്ച്‌ ഭാവാഭിനയത്തിന്‌ മുന്‍തൂക്കം നല്‍കുന്നതാണ്‌ ഈ ചിത്രത്തിലെ മിക്ക സീനുകളും. വികാരവിക്ഷോഭങ്ങള്‍ക്കടിപ്പെടുന്നതോ അവ ഉള്ളിലടക്കുന്നതോ ആയ നിരവധി സന്ദര്‍ഭങ്ങള്‍ ഈ ചിത്രത്തില്‍ കാണാന്‍ കഴിയും. നിലവിലുള്ള സൗന്ദര്യ സങ്കല്‍പ്പങ്ങളെ പൊളിച്ചെഴുതുന്നതിനുള്ള ഒരു പരിശ്രമവും ഈ സിനിമയിലുണ്ട്‌.

ചിത്രത്തില്‍ പാര്‍വതിയാണ്‌ കേന്ദ്ര കഥാപാത്രമെങ്കിലും ഏതാണ്ട്‌ അവരോടൊപ്പം തന്നെ ശ്രദ്ധ നേടന്ന കഥാപാത്രങ്ങളാണ്‌ സിദ്ദിഖും ആസിഫ്‌ അലിയും ടൊവീനോയും അവതരിപ്പിക്കുന്ന കഥാപാത്രങ്ങള്‍. പോസീരറ്റീവ്‌ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ആസിഫിനെ സംബന്ധിച്ച്‌ ഇതിലേത്‌ നെഗറ്റീവ്‌ ഷേഡുള്ള കഥാപാത്രം അല്‍പം റിസ്‌ക്‌ തന്നെയായിരുന്നു എന്നു പറയാതെ വയ്യ.

പക്ഷേ കഥാപാത്രത്തിന്റെ കരുത്താകണം ഈ ചിത്രവുമായി സഹകരിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ച ഘടകം. സിദ്ദിഖിന്റെ അച്ഛന്‍ കഥാപാത്രവും ടൊവീനോയുടെ വിശാല്‍ രാജശേഖരന്‍ എന്ന കഥാപാത്രവും ചിത്രത്തില്‍ വളരെയേറെ ശ്രദ്ധിക്കപ്പെടുമെന്ന്‌ തീര്‍ച്ചയാണ്‌. ഇവരെ കൂടാതെ പ്രതാപ്‌ പോത്തന്‍, പ്രേംപ്രകാശ്‌. അനാര്‍ക്കലി, അതിഥി താരമായെത്തുന്ന സംയുക്ത മേനോന്‍ എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളോട്‌ നീതി പുലര്‍ത്തി.

സഞ്‌ജയ്‌-ബോബി ഒരുക്കിയ തിരക്കഥയുടെ കരുത്താണ്‌ എടുത്തു പറയേണ്ടത്‌. കഥയുടെ ഒരോ പരിണാമവും സസൂക്ഷ്‌മം ചിത്രീകരിക്കുവാന്‍ തിരക്കഥയ്‌ക്കായിട്ടുണ്ട്‌. അതു തന്നെയാണ്‌ അതിന്റെ വിജയവും. സംവിധായകനും തിരക്കഥാകത്തുക്കളും അഭിനേതാക്കളും നല്ല ഗൃഹപാഠം ചെയ്‌തതിന്റെ പ്രയോജനമാണ്‌ ഈ സിനിമയ്‌ക്ക്‌ തിയേറ്ററില്‍ ലഭിക്കുന്ന കൈയ്യടി. റഫീഖ്‌ അഹമ്മദിന്റെ വരികളും ഗോപീ സുന്ദറിന്റെ സംഗീതവും സിനിമയുടെ മൊത്തത്തിലുള്ള മൂഡിന്‌ അനുയോജ്യമാണ്‌.

നായികാ പ്രാധാന്യമുള്ള ചിത്രത്തിന്റെ നിര്‍മ്മാണത്തിലും സ്‌ത്രീ പ്രാതിനിധ്യം തന്നെയാണ്‌ എന്നുള്ളതും അഭിനന്ദനാര്‍ഹമാണ്‌. ഗൃഹലക്ഷ്‌മി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പി.വി ഗംഗാധരന്‍ അവതരിപ്പിക്കുന്ന സിനിമ അദ്ദേഹത്തിന്റെ മക്കളായ ഷെനുഗ, ഷെഗ്ന, ഷെര്‍ഗ എന്നിവര്‍ ചേര്‍ന്നാണ്‌ നിര്‍മ്മിച്ചിരിക്കുന്നത്‌.

ലോക പൈലറ്റ്‌ ദിനമായ ഏപ്രില്‍ 26ന്‌ ചിത്രം റിലീസ്‌ ചെയ്‌തത്‌ അഭിനന്ദനാര്‍ഹമാണ്‌. ഈ ചിത്രം കണ്ടിറങ്ങി കഴിയുമ്പോള്‍ ഒരു കാര്യം നമുക്കു മനസിലാക്കാം. പാര്‍വതി എന്ന നടിയെ സൈബര്‍ ആക്രമണങ്ങള്‍ക്കോ ബോധപൂര്‍വമുള്ള ഒഴിവാക്കലുകള്‍ക്കോ അവരിലെ അഭിനേത്രിയെ തോല്‍പ്പിക്കാന്‍ കഴിയില്ലെന്ന സത്യം. യഥാര്‍ത്ഥ ജീവിതത്തിലും പ്രതിസന്ധികളെ അതിജീവിച്ച്‌ വിജയിക്കുന്ന മറ്റൊരു പല്ലവി തന്നെയാണ്‌ പാര്‍വതി.


























































Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക