Image

സ്വത്തുക്കള്‍ മരവിപ്പിച്ചു, ഒപ്പം യാത്രാ വിലക്കും; മസൂദ് അസറിനെതിരെ പാകിസ്ഥാന്‍

Published on 03 May, 2019
സ്വത്തുക്കള്‍ മരവിപ്പിച്ചു, ഒപ്പം യാത്രാ വിലക്കും; മസൂദ് അസറിനെതിരെ പാകിസ്ഥാന്‍

ഇസ്‍ലാമാബാദ്: പാക് ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദിന്‍റെ തലവന്‍ മസൂദ് അസറിന്റെ സ്വത്തുക്കള്‍ പാകിസ്ഥാന്‍ മരവിപ്പിച്ചു. മസൂദ് അസറിന് യാത്ര വിലക്ക് ഏര്‍പ്പെടുത്തിയതായും പാകിസ്ഥാന്‍ പുറത്തിറക്കിയ ഔദ്യോ​ഗിക ഉത്തരവില്‍ പറയുന്നു. മസൂദ് അസറിനെ ആഗോള ഭീകരനായി ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പാകിസ്ഥാന്റെ നടപടി.

ആയുധങ്ങളും വെടിക്കോപ്പുകളും വില്‍ക്കുന്നതില്‍നിന്നും വാങ്ങുന്നതില്‍നിന്നും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. മസൂദ് അസ്ഹറിനെതിരെ ഉടന്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് പാകിസ്ഥാന്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. വിദേശ യാത്രകള്‍ക്കുള്ള വിലക്ക്, സ്വത്ത് മരവിപ്പിക്കല്‍, ആയുധ കൈമാറ്റത്തിലെ വിലക്ക് എന്നിവയാണ് ഇതുമായി ബന്ധപ്പെട്ട് നടപ്പിലാക്കുകയെന്നും പാകിസ്ഥാന്‍ വിദേശകാര്യ വക്താവ് മുഹമ്മദ് ഫൈസല്‍ വ്യക്തമാക്കിയിരുന്നു. പാകിസ്ഥാനുമായി അടുത്ത നയതന്ത്ര ബന്ധം തുടര്‍ന്ന് പോരുന്ന ചൈന, മസൂദ് അസ്ഹറിനെ കരിമ്ബട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിലെ എതിര്‍പ്പ് പിന്‍വലിച്ചതിന് പിന്നാലെയാണ് യുഎന്‍ സുരക്ഷാ കൗണ്‍സിലിന്റെ 1267 സാങ്ഷന്‍ സമിതി മസൂദിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചത്. മുന്‍പ് നാല് തവണ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള നീക്കത്തെ യു എന്‍ സുരക്ഷാ കൗണ്‍സിലിലുള്ള തങ്ങളുടെ വീറ്റോ അധികാരം ഉപയോഗിച്ച്‌ ചൈന തടഞ്ഞിരുന്നു.

കശ്മീരിലെ പുല്‍വാമയില്‍ 40 സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെടാനിടയായ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ജെയ്ഷെ രം​ഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന ആവശ്യം ഇന്ത്യ കടുപ്പിച്ചത്.

അതേസമയം, മസൂദ് അസറിന്റെ സ്വത്തുക്കള്‍ ഫ്രാന്‍സും മരവിപ്പിച്ചിട്ടുണ്ട്. അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണെന്ന ആവശ്യത്തിനെതിരെ യു എന്‍ സുരക്ഷാ സമിതിയില്‍ ചൈന വീറ്റോ അധികാരം പ്രയോഗിച്ചതിനെ തുടര്‍ന്നായിരുന്നു ഫ്രാന്‍സിന്റെ നടപടി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക