Image

ഫോനി ഒഡീഷയില്‍ നാശം വിതക്കുന്നു: മരണം ആറായി, 900 അഭയകേന്ദ്രങ്ങള്‍ തുറന്നു

Published on 03 May, 2019
ഫോനി ഒഡീഷയില്‍ നാശം വിതക്കുന്നു: മരണം ആറായി, 900 അഭയകേന്ദ്രങ്ങള്‍ തുറന്നു

ഭുവനേശ്വര്‍: രൗദ്രഭാവം പൂണ്ട ഫോനി ഒഡീഷയില്‍ നാശം വിതക്കുന്നു. രാവിലെ എട്ടുമണിക്ക് പുരിയില്‍ എത്തിയ ചുഴലിക്കാറ്റ് മണിക്കൂറില്‍ 200 കീലോമീറ്റര്‍ വേഗതയിലാണ് വീശുന്നത്. ആറുപേര്‍ ഇതിനകം മരണമടഞ്ഞു. വീടുകള്‍ വ്യാപകമായി തകര്‍ന്നു. മരങ്ങള്‍ കടപുഴകി. പലയിടത്തും വൈദ്യുതി ബന്ധങ്ങള്‍ വിഛേദിക്കപ്പെട്ടു.

1999നു ശേഷം ഒഡീഷ നേരിടുന്ന ഏറ്റവും വലിയ ചുഴലിക്കാറ്റാണിത്. കാറ്റ് എത്തുന്നതിന് മുന്‍പേ പുലര്‍ച്ചെ മുതല്‍ വ്യാപകമായി മഴയും മണ്ണിടിച്ചിലും അനുഭവപ്പെട്ടിരുന്നു.

ഒഡീഷയ്ക്ക് പുറമേ ആന്ധ്രാപ്രദേശ്, പശ്ചിമ ബംഗാള്‍ം തമിഴ്‌നാട് എന്നിവിടങ്ങളിലും ജാഗ്രതാ നിര്‍ദേശമുണ്ട്. ആന്ധ്ര, ബംഗാള്‍ തീരത്തും ശക്തമായ മഴ ലഭിക്കുന്നുണ്ട്. വടക്കുപടിഞ്ഞാറന്‍ ദിശയിലേക്ക് മാറുന്ന കാറ്റ് ബംഗാളില്‍ എത്തുന്നതോടെ ശക്തികുറയുമെന്നാണ് കരുതുന്നത്.

ഒഡീഷയിലെയും ബംഗാളിലെയും വിമാനത്താവളങ്ങള്‍ അടച്ചു. അപകടസാധ്യത മുന്നില്‍കണ്ട് 11.5 ലക്ഷത്തോളം ആളുകളെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റി. 900 അഭയകേന്ദ്രങ്ങളാണ് സര്‍ക്കാര്‍ തുറന്നിരിക്കുന്നത്. ഒഡീഷയിലെ 13 ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക