Image

ജോളി കുരുവിളയ്ക്ക് നേഴ്‌സിങ്ങില്‍ ഡോക്ടറേറ്റ്

ജോര്‍ജ് തുമ്പയില്‍ Published on 03 May, 2019
ജോളി കുരുവിളയ്ക്ക് നേഴ്‌സിങ്ങില്‍ ഡോക്ടറേറ്റ്
ന്യൂയോര്‍ക്ക്: ദീര്‍ഘകാലമായി നേഴ്‌സിങ് രംഗത്തു പ്രവര്‍ത്തിക്കുന്ന ജോളി കുരുവിളയ്ക്ക് നേഴ്‌സിങ്ങില്‍ ഡോക്ടറേറ്റ്. ന്യൂറോ എന്‍ഡോവാസ്‌ക്കുലര്‍ പ്രൊസീജ്യേഴ്‌സ് ഇന്‍ ദി കാത്ത് ലാബ് എന്ന വിഷയത്തിലാണ് അരിസോണയിലെ ഫീനിക്‌സിലുള്ള ഗ്രാന്‍ഡ് കാനിയന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും നേഴ്‌സിങ് രംഗത്തെ ഉന്നത ബിരുദത്തിന് അര്‍ഹയായത്. 2018 ഒക്ടോബറില്‍ പൂര്‍ത്തിയാക്കിയ പ്രൊജക്ടിന്റെ അവാര്‍ഡ് പ്രഖ്യാപനം 2019 ഏപ്രില്‍ 27-നായിരുന്നു. 

ഇപ്പോള്‍ ലിവിങ്‌സ്റ്റണിലുള്ള സെന്റ് ബാര്‍ണബസ് മെഡിക്കല്‍ സെന്ററില്‍ കാത്ത് ലാബില്‍ സേവനമനുഷ്ഠിക്കുന്നു. ഒപ്പം, ആര്‍ഡബ്ല്യുജെ ബര്‍ണബസ് മൊബൈല്‍ ഹെല്‍ത്ത് ട്രെയ്‌നിങ് സെന്ററില്‍ പഠിപ്പിക്കുകയും ചെയ്യുന്നു ജോളി മൗണ്ട് ഒലീവ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് സ്ഥാപക ഇടവകാംഗവും ജോയിന്റ് സെക്രട്ടറിയുമാണ്.

മുപ്പതു വര്‍ഷം മുന്‍പ് അമേരിക്കയിലെത്തിയ ജോളി നേഴ്‌സിങ് രംഗത്തെ ഏറ്റവും വലിയ ഡോക്ടറല്‍ ഡിഗ്രി (ഡിഎന്‍പി- ഡോക്ടര്‍ ഓഫ് നേഴ്‌സിങ് പ്രാക്ടീസ്)യ്ക്കു വേണ്ടി ഏറെ കഠിനാധ്വാനമാണ് നടത്തിയത്. ജോലിയോടുള്ള ആത്മാര്‍ത്ഥതയും കൂടുതല്‍ പഠിക്കുവാന്‍ ലഭിച്ച അവസരം മുതലാക്കാന്‍ ദൈവം അനുഗ്രഹിച്ചതാണ് ഈ നേട്ടത്തിനു പിന്നിലെന്നു ജോളി പറയുന്നു. വിശ്രമിക്കേണ്ട പ്രായത്തിലുള്ള ഒരാള്‍ ഇത്തരമൊരു പഠനത്തിനിറങ്ങി തിരിച്ചത് മറ്റു പഠിതാക്കള്‍ക്കു വലിയൊരു ഊര്‍ജമാണെന്ന് ഡിഎന്‍പി പ്രോഗ്രാമിന്റെ ഡീന്‍ ഡോ. അമാന്‍ഡ സിമെന്‍ഡോര്‍ഫ് ജോളിയുടെ നേട്ടത്തെ ആശംസിച്ചു കൊണ്ടു പറഞ്ഞു. 

'നേഴ്‌സിങ് രംഗത്തെ ഏറ്റവും വലിയ ഈ ഡിഗ്രി സ്വന്തമാക്കുകയെന്നത് എന്റെ സ്വപ്‌നമായിരുന്നു. അതിന്റെ ആഗ്രഹപൂര്‍ത്തീകരണത്തിനായി ഏറെ അധ്വാനിച്ചു. കഷ്ടപ്പാടിന്റെ ദിവസങ്ങളില്‍ കൂടെ നിന്ന മക്കളും മരുമക്കളുമൊക്കെ എന്റെ ഈ നേട്ടത്തിന്റെ അവകാശികളാണ്. എന്റെ ഭര്‍ത്താവിനെയും ഈ അവസരത്തില്‍ ഓര്‍ക്കുന്നു. ഈ നേട്ടം എന്നെ പോലെ നേഴ്‌സിങ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വലിയൊരു ഉന്മേഷമാണ്. ബന്ധുക്കള്‍, സുഹൃത്തുക്കള്‍, ആത്മീയമേഖലയില്‍ നിന്നും പിന്തുണ നല്‍കിയവര്‍ എല്ലാവരോടും കടപ്പാടുണ്ട്', തന്റെ സ്വപ്നതുല്യമായ നേട്ടത്തെക്കുറിച്ച് ജോളി പ്രതികരിച്ചു.

മുംബൈ ബിവൈഎല്‍ നായര്‍ ആശുപത്രിയില്‍ നിന്നുമാണ് രജിസ്റ്റേര്‍ഡ് നേഴ്‌സായി ജോളി ജോലി ആരംഭിക്കുന്നത്. പിന്നീട്, മുംബൈയിലെ തന്നെ മഹാലക്ഷ്മി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് റീഹാബിലിറ്റേഷന്‍ സെന്ററില്‍ രണ്ടുവര്‍ഷം ജോലി ചെയ്തു. തുടര്‍ന്ന് ബഹറിനിലെ മിനിസ്ട്രി ഓഫ് ഹെല്‍ത്തിന്റെ കീഴില്‍ ജോലി നോക്കി. ഇവിടെ നിന്നാണ് ന്യൂവാര്‍ക്കിലുള്ള യുണൈറ്റഡ് ഹോസ്പിറ്റലിലേക്ക് 1989 ജൂലൈ മാസത്തില്‍ വരുന്നത്. പിന്നീട് പത്തു വര്‍ഷത്തോളം സെന്റ് ബാര്‍ണബസ് മെഡിക്കല്‍ സെന്ററിലെ അത്യാഹിത വിഭാഗത്തിലായിരുന്നു. ഇവിടുത്തെ കാര്‍ഡിയാക്ക് കാത്ത് ലാബില്‍ നേഴ്‌സിങ് ചാര്‍ജായി 2007 വരെ സേവനമനുഷ്ഠിച്ചു. 

ഇവിടെ വച്ച് ക്രിട്ടിക്കല്‍ കെയര്‍ നേഴ്‌സിങ്ങിലും എമര്‍ജന്‍സി നേഴ്‌സിങ്ങിലും സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചു. മുംബൈയില്‍ വച്ച് മികച്ച സ്റ്റുഡന്റ് നേഴ്‌സ് അവാര്‍ഡ്. പിന്നീട് മോര്‍ട്ടണ്‍ സാമുവല്‍ അവാര്‍ഡ് (മികച്ച നേഴ്‌സിങ്ങിന്), ഡെയ്‌സി അവാര്‍ഡ് (സെന്റ് ബാര്‍ണബസ് മെഡിക്കല്‍ സെന്ററിലെ എക്‌സ്ട്രാ ഓര്‍ഡിനറി നേഴ്‌സ്) എന്നിവയൊക്കെയും നേട്ടങ്ങളായി. പരേതനായ കോര കുരുവിളയാണ് ഭര്‍ത്താവ്. മക്കള്‍: ജോര്‍ജ്, മാത്യു. മരുമക്കള്‍: ആന്‍, ജെന്‍.

ജോളി കുരുവിളയ്ക്ക് നേഴ്‌സിങ്ങില്‍ ഡോക്ടറേറ്റ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക