Image

മുസാഫര്‍പൂര്‍ ഷെല്‍ട്ടര്‍ ഹോം കേസ്‌; 11 പെണ്‍കുട്ടികളെയും കൊലപ്പെടുത്തിയത്‌ ബ്രജേഷ്‌ താക്കൂറും സംഘവും

Published on 04 May, 2019
മുസാഫര്‍പൂര്‍ ഷെല്‍ട്ടര്‍ ഹോം കേസ്‌; 11 പെണ്‍കുട്ടികളെയും കൊലപ്പെടുത്തിയത്‌ ബ്രജേഷ്‌ താക്കൂറും സംഘവും


പാട്‌ന: കോളിളക്കം സൃഷ്ടിച്ച മുസാഫര്‍പൂര്‍ ഷെല്‍ട്ടര്‍ ഹോം കേസില്‍ സിബിഐയുടെ വെളിപ്പെടുത്തല്‍ ഞെട്ടലോടെയാണ്‌ രാജ്യം കേട്ടത്‌. ശ്‌മശാനത്തില്‍ നിന്നും അസ്ഥികളുടെ കൂട്ടം കണ്ടെത്തിയതോടെ ഷെല്‍ട്ടര്‍ ഹോം നടത്തിപ്പുകാരനായ ബ്രജേഷ്‌ താക്കൂറും സംഘവുമാണ്‌ കൂട്ടക്കൊലയ്‌ക്ക്‌ പിന്നിലെന്ന്‌ സിബിഐ ഇന്നലെയാണ്‌ സത്യവാങ്‌മുലം സുപ്രീംകോടതിയെ അറിയിച്ചത്‌.

ബ്രജേഷ്‌ താക്കൂറും കൂട്ടാളികളും ചേര്‍ന്ന്‌ അഭയകേന്ദ്രത്തിലെ പെണ്‍കുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കിയ ശേഷം കൊലപ്പെടുത്തുകയും മൃതദേഹം കുഴിച്ചുമൂടുകയുമായിരുന്നുവെന്ന്‌ സിബിഐ കോടതിയില്‍ പറഞ്ഞു. 
അഭയകേന്ദ്രത്തിലെ ഒരു പെണ്‍കുട്ടിയെ ലൈംഗികപീഡനത്തിനിരയാക്കിയ ശേഷം കൊലപ്പെടുത്തിയെന്ന പരാതിയെ തുടര്‍ന്ന്‌ നടത്തിയ അന്വേഷണത്തിലാണ്‌ പെണ്‍കുട്ടിയുടെ അസ്ഥികൂട്ടം പൊലീസ്‌ കണ്ടെടുത്തത്‌.

സിക്കന്തര്‍പൂര്‍ പ്രദേശത്തെ ശ്‌മശാനത്തിലാണ്‌ പെണ്‍കുട്ടിയുടെ അസ്ഥികൂടം കണ്ടെത്തിയത്‌. തുടര്‍ന്ന്‌ നടത്തിയ വിശദമായ പരിശോധനയില്‍ അഭയകേന്ദ്രത്തിലെ മറ്റ്‌ പെണ്‍കുട്ടികളുടെ അസ്ഥിക്കൂടങ്ങളും പൊലീസ്‌ കണ്ടെടുക്കുകയായിരുന്നു.

കുറ്റാരോപിതനായ ഗുഡ്ഡു പട്ടേല്‍, ചോദ്യം ചെയ്യലില്‍ മൃതദേഹം കുഴിച്ചിട്ട സ്ഥലം കാണിച്ചു തന്നു. ഇതേ തുടര്‍ന്ന്‌ ആ പ്രദേശത്ത്‌ കുഴിച്ചപ്പോഴാണ്‌ അസ്ഥികൂടങ്ങളുടെ കൂട്ടം കണ്ടെത്താനായതെന്നും സിബിഐ കോടതിയെ അറിയിച്ചു.

ബീഹാറിലെ മുസാഫര്‍പൂരില്‍ എന്‍ജ.ഒ നടത്തുന്ന അഭയകേന്ദ്രത്തില്‍ നിരവധി പെണ്‍കുട്ടികള്‍ പീഡനത്തിനിരയാകുന്നുവെന്ന ടാറ്റ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ സോഷ്യല്‍ സയന്‍സസ്‌ (ടിഐഎസ്‌എസ്‌) പുറത്തു വിട്ട റിപ്പോര്‍ട്ടോടെയാണ്‌ ഇക്കാര്യം പുറം ലോകമറിഞ്ഞത്‌. 

പിന്നിട്‌ കേസിലെ അന്വേഷണം സിബിഐക്ക്‌ കൈമാറുകയും താക്കൂര്‍ ഉള്‍പ്പെടെ 21 പേര്‍ക്കെതിരെ കുറ്റപത്രം നല്‍കുകയും ചെയ്‌തു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക