Image

നടി ആക്രമിക്കപ്പെട്ട കേസില്‍ സര്‍ക്കാരിനെതിരെ ഡബ്ല്യൂസിസി അംഗമായ സംവിധായിക! ഉത്തരം വേണം

Published on 04 May, 2019
നടി ആക്രമിക്കപ്പെട്ട കേസില്‍ സര്‍ക്കാരിനെതിരെ ഡബ്ല്യൂസിസി അംഗമായ സംവിധായിക! ഉത്തരം വേണം

കോഴിക്കോട്: നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച സംഭവം നടന്ന് രണ്ട് വര്‍ഷം കഴിഞ്ഞിട്ടും കേസില്‍ ഇതുവരെ വിചാരണ ആരംഭിക്കാന്‍ സാധിച്ചിട്ടില്ല. കേസിലെ എട്ടാം പ്രതിയായ ദിലീപ് അടക്കമുളള പ്രതികളുടെ പല ഹര്‍ജികളില്‍ തീരുമാനമാകാന്‍ വൈകുന്നതാണ് വിചാരണ നീളാനുളള കാരണം.

നടിയുടെ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ആവശ്യപ്പെട്ടുളള ദിലീപിന്റെ ഹര്‍ജി സുപ്രീം കോടതിക്ക് മുന്നിലാണ്. മെമ്മറി കാര്‍ഡ് രേഖയാണോ തൊണ്ടി മുതല്‍ ആണോ എന്നതില്‍ നിലപാട് അറിയിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ വിചാരണ താല്‍ക്കാലികമായി സുപ്രീം കോടതി സ്റ്റേ ചെയ്തു.. സര്‍ക്കാരിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് സംവിധായികയും ഡബ്ല്യൂസിസി അംഗവുമായ വിധു വിന്‍സെന്റ്.



ഫേസ്ബുക്ക് പോസ്റ്റിലാണ് വിധുവിന്റെ പ്രതികരണം. വായിക്കാം: '' നിയമ-നീതി സ്ഥാപനങ്ങളോടുള്ള വിശ്വാസ്യത തന്നെ ഇല്ലാതാകുന്ന നിലപാടാണ് നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാര്‍ഡ് വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ സ്റ്റാന്റിഗ് കൗണ്‍സല്‍ സുപ്രീം കോടതിയില്‍ സ്വീകരിച്ചത്. എന്തുകൊണ്ടാണ് ഇത്രയും ലാഘവത്തോടെ ഈ വിഷയം കൈകാര്യം ചെയ്യുന്നതെന്ന് മനസിലാകുന്നില്ല.ഈ രാജ്യത്തെ നിയമ സംവിധാനങ്ങളോട് വിശ്വാസം പുലര്‍ത്തുന്ന ഒരാളെന്ന നിലയില്‍ എന്നെ പോലുള്ളവര്‍ക്ക് ഇത് വലിയ സങ്കടം ഉണ്ടാക്കിയിട്ടുണ്ട്. ഇത് ഒരു സഹപ്രവര്‍ത്തകയുടെ മാത്രം കേസല്ല, നമ്മുടെ സമൂഹത്തിലുള്ള ഏതൊരു പെണ്‍കുട്ടിക്കും സ്ത്രീക്കും അഭിമുഖികരിക്കേണ്ടി വരാവുന്ന ഒരു സാഹചര്യത്തിലേക്കാണ് ഈ ഒരവസ്ഥ വിരല്‍ ചൂണ്ടുന്നത്.നമ്മുടെ നാട്ടിലെ എല്ലാ നിയമജ്ഞരും ചൂണ്ടികാട്ടിയട്ടുള്ള ഒരു വസ്തുത തന്നെയാണ് വാദം വൈകിപ്പിക്കുംതോറും എങ്ങനെയാണ് പ്രതിഭാഗത്തിന് അത് കൂടുതല്‍ അനുകൂല സാഹചര്യമായി മാറും എന്നുള്ളത്. അവസാനം നീതി നടപ്പിലാക്കി കിട്ടും എന്നുള്ള വിശ്വാസമാണ് നമ്മുടെ രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളോടുള്ള നമ്മുടെ ആദരവിന്റെ അടിസ്ഥാനം. ആ വിശ്വാസത്തെ നിലനിര്‍ത്തി കൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ ഉണ്ടായില്ലെങ്കില്‍ നിയമ സംവിധാനങ്ങളോടുള്ള ആദരവു തന്നെ ഇല്ലാതായേക്കാം.സംസ്ഥാനസര്‍ക്കാര്‍ വളരെ ഗൗരവത്തോടെ തന്നെ ഈ വിഷയത്തില്‍ ഇടപെടല്‍ നടത്തേണ്ടതുണ്ട്. ഭരണഘടനാ സ്ഥാപനങ്ങളില്‍ നിന്നുണ്ടാകുന്ന ഏതൊരു തരത്തിലുള്ള ഉദാസീനതയും, ജാഗ്രതകുറവും ജനാധിപത്യത്തിലുള്ള ജനങ്ങളുടെ വിശ്വാസവും പ്രതീക്ഷയുമാണ് ഇല്ലാതാക്കുന്നത്. എന്തിനാണ് ഇത്തരത്തില്‍ നടപടിക്രമങ്ങള്‍ വൈകിപ്പിക്കുന്നത് എന്നതിന് ഉത്തരം നല്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ബാധ്യസ്ഥമാണ്'' എന്നാണ് പോസ്റ്റ്.




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക