Image

തിരുവനന്തപുരവും പത്തനംതിട്ടയും: ഒരു ഉറപ്പും ഇല്ലാതെ മുന്നണികള്‍

Published on 04 May, 2019
തിരുവനന്തപുരവും പത്തനംതിട്ടയും: ഒരു ഉറപ്പും ഇല്ലാതെ മുന്നണികള്‍
ലോകസഭാ തെരഞ്ഞെടുപ്പില്‍ വിജയിക്കുമെന്ന് എല്‍. ഡി .എഫിനോ ,യു. ഡി .എഫിനോ ,ബി .ജെ .പിക്കോ ഒരു ഉറപ്പും പറയാന്‍ സാധിക്കാത്ത മണ്ഡലങ്ങളാണ് തിരുവനന്തപുരവും പത്തനംതിട്ടയും.ഇവിടങ്ങളില്‍ വിജയം നേടുമെന്ന് കരുതുന്ന ബി.ജെ.പിക്ക് പോലും കൃത്യമായി ഒരു വിജയം അവകാശപ്പെടാന്‍ സാധിക്കുകയില്ല .പക്ഷെ പരാജയം ഉള്‍ക്കൊള്ളാന്‍ അണികളെ പ്രേരിപ്പിക്കുന്ന ഫെയ്സ്ബുക്ക് പോസ്റ്റുമായി കെ. സുരേന്ദന്‍ രംഗത്ത് വന്നത് തന്നെ ശ്രദ്ധേയമാണ് .പിന്നീട് ആര്‍.എസ്.എസ് കണ്ണുരുട്ടിയപ്പോള്‍ 75,000 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിക്കുമെന്ന് അദ്ദേഹം അവകാശപ്പടുകയുണ്ടായി.

ശബരിമല വിഷയമാണ് അവരുടെ സകല വിജയപ്രതീക്ഷയുടെയും അടിസ്ഥാനം. കാര്യമെന്തായാലും സംസ്ഥാനത്ത് ഏറ്റവും വാശിയേറിയ ത്രികോണ മത്സരം നടന്നത് തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍, പാലക്കാട് മണ്ഡലങ്ങളിലാണ്. ഇതില്‍ തൃശൂരും പാലക്കാടും രണ്ടാമത് എത്തുമെന്നതാണ് ബി.ജെ.പിയുടെ അവകാശവാദം.

അയ്യന്‍ പരാമര്‍ശത്തില്‍ തൃശൂര്‍ കളക്ടര്‍ സുരേഷ് ഗോപിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത് മറ്റിടങ്ങളിലും ഫലപ്രദമായി ഉപയോഗിക്കാന്‍ ബി.ജെ.പിക്കു കഴിഞ്ഞിട്ടുണ്ട്. ശബരിമല വിഷയം സംസ്ഥാനത്ത് ശക്തമായ പ്രചരണ വിഷയമായത് കളക്ടറുടെ ഈ നടപടിയിലൂടെയാണ് എന്ന അഭിപ്രായം സി.പി.എമ്മിലും ശക്തമാണ്.

വീണു കിട്ടിയ 'ആയുധം' ശരിക്കും ബി.ജെ.പി ഉപയോഗിച്ചതാണ് തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍ മണ്ഡലങ്ങളെ ശ്രദ്ധേയമാക്കിയിരുക്കുന്നത്.

തിരുവനന്തപുരത്തും പത്തനംതിട്ടയിലും കഴിഞ്ഞ തെഞ്ഞെടുപ്പിനെ അപേക്ഷിച്ച് വലിയ മുന്നേറ്റം പ്രചരണ രംഗത്ത് സൃഷ്ടിക്കാന്‍ ഇടതുപക്ഷത്തിനും കഴിഞ്ഞിട്ടുണ്ട്. ബി.ജെ.പി വിജയിക്കാതിരിക്കാന്‍ ഈ രണ്ടു മണ്ഡലങ്ങളിലും സി.പി.എം കോണ്‍ഗ്രസ്സിന് വോട്ട് മറിച്ചില്ലെങ്കില്‍ താമര വിരിയുമെന്നതാണ് ബി.ജെ.പിയുടെ കണക്ക്.
തിരുവനന്തപുരത്ത് ഉണ്ടായ ന്യൂനപക്ഷ വോട്ടിലെ അടിയൊഴുക്ക് തരൂരിനെ തുണക്കുമെന്ന് കോണ്‍ഗ്രസ്സും ദിവാകരനെ തുണക്കുമെന്ന് ഇടതുപക്ഷവും അവകാശപ്പെടുന്നു. ന്യൂനപക്ഷ വോട്ടില്‍ നല്ലൊരു ശതമാനം തദ്ദേശിയന്‍ കൂടിയായ ദിവാകരന്‍ പിടിച്ചാല്‍ ബി.ജെ.പിക്കാവും അത് ഗുണം ചെയ്യുകയെന്നാണ് സംഘപരിവാര്‍ വിലയിരുത്തല്‍.

മത്സ്യതൊഴിലാളികളുമായി ബന്ധപ്പെട്ട തരൂരിന്റെ വിവാദ പരാമര്‍ശവും കോണ്‍ഗ്രസ്സിനെ സംബന്ധിച്ച് ആശങ്കപ്പെടുത്തുന്ന ഘടകമാണ്. മണ്ഡലത്തിലെ നിര്‍ണ്ണായകമായ നായര്‍ വോട്ടില്‍ നല്ലൊരു ശതമാനം കുമ്മനം രാജശേഖരന് ലഭിക്കാനുള്ള സാധ്യതയും തള്ളിക്കളയാന്‍ കഴിയുന്നതല്ല.

അതേസമയം വിജയം മാത്രം ലക്ഷ്യമിട്ട് മണ്ഡലം ഉഴുതുമറിച്ച ഇടതുപക്ഷം ഇത്തവണ വിജയിക്കുമെന്നതാണ് നേതൃത്വത്തിന്റെ അവകാശവാദം. കഴിഞ്ഞ തവണ 297,806 വോട്ടിനാണ് ശശി തരൂര്‍ വിജയിച്ചത്. രണ്ടാം സ്ഥാനത്ത് വന്ന ബി.ജെ.പിയിലെ ഒ.രാജഗോപാല്‍ 282,336 വോട്ടു നേടി ഞെട്ടിച്ചിരുന്നു.മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ട ഇടതു സ്ഥാനാര്‍ത്ഥി ബെനറ്റ് എബ്രഹാമിന് 248,941 വോട്ടുകള്‍ മാത്രമാണ് നേടാന്‍ കഴിഞ്ഞിരുന്നത്. കഴിഞ്ഞ തവണ 68.63 ശതമാനമായിരുന്ന പോളിങ് ഇത്തവണ 73.45 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്.

പത്തനംതിട്ടയില്‍ യു.ഡി.എഫിനും ഇടതുപക്ഷത്തിനും ബഹുദൂരം പിന്നിലാണ് കണക്കുകളില്‍ ബി.ജെ.പി. കഴിഞ്ഞ തവണ 358,842 വോട്ടുകള്‍ നേടിയാണ് കോണ്‍ഗ്രസ്സ് നേതാവ് ആന്റോ ആന്റണി ഇവിടെ നിന്നും വിജയിച്ചത്.രണ്ടാം സ്ഥാനത്തായ സി.പി.എമ്മിലെ പീലിപ്പോസ് തോമസ് 3,02651 വോട്ടുകള്‍ നേടാനായിരുന്നു. ബി.ജെ.പിയിലെ എം.ടി രമേശിനാകട്ടെ 1,38,954 വോട്ടുകള്‍ കൊണ്ട് തൃപ്തിപ്പെടേണ്ടിയും വന്നിരുന്നു. ഇതിനു ശേഷം നടന്ന നിയമസഭാ തെഞ്ഞെടുപ്പില്‍ പക്ഷേ രണ്ട് ലക്ഷത്തിനടുത്ത് വോട്ട് സമാഹരിക്കാന്‍ ബി.ജെ.പിക്ക് പത്തനംതിട്ടയില്‍ കഴിഞ്ഞിരുന്നു.
ശബരിമല വിഷയമാണ് കണക്കുകള്‍ക്കും മീതെ ബി.ജെ.പിക്ക് നല്‍കുന്ന വിജയ പ്രതീക്ഷ. ഹിന്ദു ഭൂരിപക്ഷ മണ്ഡലത്തിലെ വോട്ടിങ് ശതമാനം കുതിച്ചുയര്‍ന്നതും വലിയ പ്രതീക്ഷയോടെയാണ് ബി.ജെ.പി നോക്കി കാണുന്നത്.
കഴിഞ്ഞ തവണതേതില്‍ നിന്നും 7.8 ശതമാനത്തോളം വോട്ടാണ് ഇത്തവണ വര്‍ദ്ധിച്ചിരിക്കുന്നത്. സിറ്റിംഗ് എം.പി ആന്റോ ആന്റണിക്കെതിരായി മണ്ഡലത്തില്‍ നിലനില്‍ക്കുന്ന വികാരമാണ് ബി.ജെ.പിയുടെയും ഇടതുപക്ഷത്തിന്റെയും പ്രതീക്ഷക്ക് അടിസ്ഥാനം. മികച്ച സ്ഥാനാര്‍ത്ഥികളെയാണ് ബി.ജെ.പിയും സി.പി.എമ്മും കളത്തിലിറക്കിയത്.കെ.സുരേന്ദ്രന്‍ -വീണ ജോര്‍ജ് നേര്‍ക്കുനേര്‍ പോരാട്ടമായി ഒടുവില്‍ പത്തനംതിട്ട മാറിയതായാണ് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്.എന്നാല്‍ പ്രചരണ രംഗത്തെ ആധിപത്യമല്ല വോട്ടെണ്ണുമ്പോള്‍ കാണുക എന്നാണ് കോണ്‍ഗ്രസ്സ് നേതൃത്വം ചൂണ്ടിക്കാട്ടുന്നത്.

തൃശൂര്‍ മണ്ഡലത്തില്‍ ലേറ്റായാലും ലേറ്റസ്റ്റായി വന്ന സൂപ്പര്‍ സ്റ്റാര്‍ സുരേഷ് ഗോപി തന്നെയാണ് പ്രവചനം പോലും അസാധ്യമാക്കുന്നത്.സുരേഷ് ഗോപി പിടിക്കുന്ന വോട്ടുകള്‍ ഏത് പെട്ടിയില്‍ നിന്നും പോകുന്നതെന്നതാണ് ഇടതുപക്ഷത്തെയും യു.ഡി.എഫിനെയും ആശങ്കപ്പെടുത്തുന്നത്.

കഴിഞ്ഞ തവണ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി സി.എന്‍ ജയദേവന്‍ 3,89,209 വോട്ടിനാണ് ഇവിടെ നിന്നും വിജയിച്ചത് യു.ഡി.എഫിലെ കെ.പി ധനപാലന്‍ 3,50,982 വോട്ടുകള്‍ പിടിച്ച് രണ്ടാമതെത്തി. ബി.ജെ.പിക്ക് കഴിഞ്ഞ തവണ 1,20,681 വോട്ടുകളാണ് തൃശൂര്‍ ലോകസഭ മണ്ഡലത്തില്‍ നിന്നും ലഭിച്ചത്.വലിയ അടിയൊഴുക്കുകള്‍ തന്നെ മൂന്ന് മണ്ഡലങ്ങളിലും നടന്നിട്ടുണ്ടെന്നും അത് തങ്ങള്‍ക്ക് അനുകൂലമാകുമെന്നുമുള്ള പ്രതീക്ഷ മറ്റ് മുന്നണികള്‍ക്കുമുണ്ട്. ഈ മൂന്ന് മണ്ഡലങ്ങളിലെ അടിയൊഴുക്കിന്റെ വ്യാപ്തി തന്നെ ആയിരിക്കും മറ്റു മണ്ഡലങ്ങളിലെയും വിജയ - പരാജയങ്ങളിലും ഇനി നിര്‍ണ്ണായക ഘടകമാകുക.
വിജയ പ്രതീക്ഷ പുലര്‍ത്താന്‍ പോലും ബി.ജെ.പിയെ സംബന്ധിച്ച് പത്തനംതിട്ടയെ പോലെ വലിയ അത്ഭുതം തന്നെ സംഭവിക്കേണ്ട മണ്ഡലമാണ് തൃശൂരും.വിലയിരുത്തലുകള്‍ ഇതൊക്കെയാണെങ്കിലും ശബരിമല വിഷയം സുനാമിയായി ആഞ്ഞടിച്ച് ഒടുവില്‍ ഞെട്ടിക്കുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക