Image

ഓസ്‌ട്രേലിയന്‍ ഷാഡോ മന്ത്രിമാര്‍ കേരളം സന്ദര്‍ശിച്ചു

Published on 04 May, 2019
ഓസ്‌ട്രേലിയന്‍ ഷാഡോ മന്ത്രിമാര്‍ കേരളം സന്ദര്‍ശിച്ചു


മെല്‍ബണ്‍: ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്റെ പ്രകൃതിഭംഗിയും ഭക്ഷ്യവൈവിധ്യങ്ങളും ആസ്വദിച്ച്, രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക മേഖലകള്‍ അടുത്തറിഞ്ഞ് വിക്ടോറിയന്‍ ഷാഡോ മന്ത്രിമാര്‍ തിരിച്ചെത്തി.

ലിബറല്‍ പാര്‍ട്ടി നേതാക്കളും വിക്ടോറിയ സംസ്ഥാനത്തെ ഷാഡോ മന്ത്രിമാരുമായ ബ്രാഡ് ബാറ്റിന്‍, നിക്ക് വക്കെലിംഗ് എന്നിവരടങ്ങിയ സംഘം മാധ്യമപ്രവര്‍ത്തകന്‍ ജോണ്‍സണ്‍ മാമലശേരിക്കൊപ്പമാണ് സന്ദര്‍ശനം പൂര്‍ത്തിയാക്കിയത്. കേരളത്തിനു പുറമേ ഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലും സംഘം സന്ദര്‍ശനം നടത്തി. 

ഇന്ത്യന്‍ പാര്‍ലമെന്റ്, താജ്മഹല്‍ തുടങ്ങിയവ സന്ദര്‍ശിച്ചശേഷം കേരളത്തിലെത്തിയ സംഘം വിവിധ സാമൂഹ്യ സാംസ്‌കാരിക കേന്ദ്രങ്ങളും സന്ദര്‍ശിച്ചു. കാലടി ശ്രീശങ്കരസ്മൃതിസ്തംഭം, ശങ്കരാചാര്യ ആശ്രമം, മലയാറ്റൂര്‍ പള്ളി എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തി. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ കാണാക്കാഴ്ചകള്‍ സംഘത്തിന് അത്ഭുതമുളവാക്കി. എറണാകുളം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഹൈബി ഈഡന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പര്യടനത്തിലും സംഘം പങ്കെടുത്തു. 

കേരളത്തിന്റെ അഗ്‌നിശമനസേനയുടെ പ്രവര്‍ത്തനങ്ങള്‍ മനസിലാക്കാന്‍, സാമൂഹ്യ സുരക്ഷയുടെ ചുമതലയുള്ള ഷാഡോ മന്ത്രിയായ ബ്രാഡ് ബാറ്റിന്‍ എറണാകുളം കടവന്ത്രയില്‍ ഫയര്‍ സ്‌റ്റേഷന്‍ സന്ദര്‍ശിച്ചു. ഫയര്‍ ഓഫീസര്‍മാരുമായി അഗ്‌നിശമനസേനയുടെ പ്രവര്‍ത്തന രീതികള്‍ ചര്‍ച്ച ചെയ്തു.

കുമരകം കായലിലെ ഓളപ്പരപ്പിലൂടെ ഹൗസ്‌ബോട്ടുയാത്രയും കുട്ടനാടന്‍ ഭക്ഷണവും ആസ്വദിച്ച അവര്‍ മട്ടാഞ്ചേരിയിലെയും ഫോര്‍ട്ട് കൊച്ചിയിലെയും പുരാതന ചരിത്ര സ്മാരകങ്ങളും തൃപ്പൂണിത്തുറയിലെ ഹില്‍പാലസും ചുറ്റിക്കണ്ടു. മുവാറ്റുപുഴയാറിന്റെ കുളിര്‍മ നുകരാനും കേരളത്തിന്റെ ഗ്രാമീണഭംഗി ആസ്വദിക്കാനും സമയം കണ്ടെത്തി. പാഴൂര്‍ പ്രസിദ്ധമായ പെരുംത്രുക്കോവില്‍, പുഴയ്ക്കു കുറുകെയുള്ള തൂക്കുപാലവും സംഘം സന്ദര്‍ശിച്ചു. ആറു കാലങ്ങളില്‍ പാടി സംഗീതത്തിന്റെ ഉത്തുംഗ ശ്രുംഗത്തില്‍ എത്തിയ ഷട്കാലഗോവിന്ദമാരാരുടെ രാമമംഗലത്തെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി.
റോഡുകളുടെ ദുരവസ്ഥയും ഗതാഗതക്കുരുക്കുകളും അല്പം ബുദ്ധിമുട്ടുണ്ടാക്കിയെങ്കിലും സന്ദര്‍ശനത്തില്‍ തങ്ങള്‍ വളരെ സന്തുഷ്ടരാണെന്ന് ബ്രാഡും നിക്കും പറഞ്ഞു. മധ്യകേരളം മാത്രമാണ് ഈ യാത്രയില്‍ കാണാന്‍ കഴിഞ്ഞുള്ളുവെന്നും മറ്റ് പ്രദേശങ്ങളും കാണാന്‍ ആഗ്രഹമുണ്ടെന്നും അവര്‍ പറഞ്ഞു.

ഗ്രാമീണ ജീവിതശൈലികള്‍ അടുത്തറിയാന്‍ ഗ്രാമീണ കുടുംബങ്ങളോടൊപ്പം സമയം ചെലവിട്ടും ഭക്ഷണം കഴിച്ചുമാണ് സംഘം മടങ്ങിയത്. 

മാധ്യമ പ്രവര്‍ത്തകനായ ബിജു ആബേല്‍ ജേക്കബ്, ജില്ലാ പഞ്ചായത്തംഗം കെ.എന്‍. സുഗതന്‍, ഫോക്കാന എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്റ് ജോയ് ഇട്ടന്‍, അങ്കമാലി മുന്‍ മുന്‍സിപ്പല്‍ ചെയര്‍മാന്‍ അഡ്വ. ഷിയോ പോള്‍ , ഷട്കാല ഗോവിന്ദമാരാര്‍ സ്മാരകസമിതി സെക്രട്ടറി ജയചന്ദ്രന്‍ തുടങ്ങിയവര്‍ വിവിധ സ്ഥലങ്ങളില്‍ സംഘത്തെ സ്വീകരിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക