Image

പാടുന്നു പാഴ്മുളം തണ്ടു പോലെ ! (അനുഭവക്കുറിപ്പുകള്‍: 4 ജയന്‍ വര്‍ഗീസ്)

Published on 04 May, 2019
പാടുന്നു പാഴ്മുളം തണ്ടു പോലെ ! (അനുഭവക്കുറിപ്പുകള്‍: 4 ജയന്‍ വര്‍ഗീസ്)
രോഗത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപെട്ട എന്നെ അപ്പന്‍ സ്കൂളില്‍ ചേര്‍ത്തു. അതിനു മുന്‍പ് തന്നെ ' തോലാനിക്കുന്നേല്‍ ആദായി ആശാന്‍ ' എന്നയാളുടെ കുടിപ്പള്ളിക്കൂടത്തില്‍ നിലത്തഴുത്ത് പഠിച്ചിരുന്നു. ഞങ്ങളുടെ നാട്ടിലെ മിക്ക കുട്ടികളും ഈ ആശാന്റെ അടുത്തു നിന്നാണ് ആദ്യാക്ഷരം കുറിച്ചു തുടങ്ങിയിരുന്നത്. വിക്കനും, ദരിദ്രനുമായ ഈ ആശാന് ഈ ജോലി കൊണ്ട് തന്റെയും, കുടുംബത്തിന്റെയും വയറു നിറക്കാന്‍ സാധിച്ചിരുന്നില്ലെങ്കിലും അദ്ദേഹത്തില്‍ നിന്ന് പഠിച്ചെടുത്ത അക്ഷരങ്ങളും, കണക്കുകളും ഞാനുള്‍പ്പെടെയുള്ള അനേകം കുട്ടികളുടെ തലച്ചോറുകളില്‍ എന്നെന്നും നിറഞ്ഞു നില്‍ക്കുന്നുണ്ടാവും.

( പില്‍ക്കാലത്ത് ഈ ആശാന് സ്വന്തമായി ഒരു കുടിപ്പള്ളിക്കൂടം സ്ഥാപിക്കുന്നതിനായി സര്‍ക്കാര്‍ സ്കൂളിനോട് ചേര്‍ന്ന് അല്‍പ്പം സ്ഥലം വാങ്ങിക്കുന്നതിനും, അവിടെ ഒരു ഷെഡ് കെട്ടി അതില്‍ ആശാന്റെ സ്കൂള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനും, ആവശ്യമായ ഐഡിയ ആവിഷ്കരിച്ചതും, അതിനുള്ള സാന്പത്തികം സ്വരൂപിക്കുന്നതിനായി  മുന്‍ നിരയില്‍ നിന്ന് പ്രവര്‍ത്തിച്ചതും  ഞാനായിരുന്നു എന്നതിനാല്‍ പുത്ര നിര്‍വിശേഷമായ ഒരു സ്‌നേഹം അദ്ദേഹത്തിന് എന്നോടുണ്ടായിരുന്നു. ഇവിടെ പഠിപ്പിച്ചു കൊണ്ട് തികച്ചും വിശ്രമകരമായ ഒരുജീവിതം നയിക്കുന്നതിനിടയില്‍ ഞാന്‍ അമേരിക്കയില്‍ എത്തുന്നതിനും വളരെ മുന്‌പേ വാര്‍ദ്ധക്യ സഹജമായി അദ്ദേഹം മരണമടഞ്ഞു. )

അക്കാലത്ത് ഞങ്ങളുടെ വീട്ടില്‍ ഒരു ടീച്ചര്‍ താമസിച്ചിരുന്നു. കാര്‍ത്തികപ്പിള്ളിക്കാരിയായ ഒരു ശാരദ ടീച്ചര്‍. ഞങ്ങളുടെ വീടിന്റെ ഒരരികില്‍ ചാര്‍ത്തിയെടുത്ത ഒരു ചായ്പ്പിലാണ് ടീച്ചര്‍ താമസിച്ചിരുന്നത്. ഞങ്ങള്‍ക്ക് പോലും വേണ്ടത്ര സൗകര്യമില്ലാത്ത വൈക്കോല്‍ കൊണ്ട് മേഞ്ഞ വീട്ടില്‍ എല്ലാ ഇല്ലായ്മകളോടും പൊരുത്തപ്പെട്ടാണ് ടീച്ചര്‍ താമസിച്ചിരുന്നത്. ടീച്ചറിനേക്കാള്‍ വളരെ പ്രായം കൂടിയ ഒരാളായിരുന്നു ഭര്‍ത്താവ്. അവര്‍ക്കു കുട്ടികള്‍ ഉണ്ടായിരുന്നതായി അറിവില്ല. ദൂര ദേശത്തു നിന്ന് ഞങ്ങളുടെ കുഗ്രാമത്തിലെ െ്രെപമറി സ്കൂളില്‍ ജോലിക്കു വന്നിട്ട് താമസിക്കാന്‍ ഒരിടമില്ലാതെ വട്ടം തിരിഞ്ഞപ്പോള്‍ എന്റെ അപ്പന് തോന്നിയ സഹതാപമാണ് ടീച്ചറിനെ ഞങ്ങളുടെ ചായിപ്പിലെ താമസക്കാരിയാക്കിയത്. മാതൃ നിര്‍വിശേഷമായ സ്‌നേഹമായിരുന്നു ടീച്ചര്‍ എന്നോട് കാണിച്ചിരുന്നത്. ടീച്ചറിന്റെ കൂടെയായിരുന്നു ഞാന്‍ സ്കൂളില്‍ പോയിരുന്നത്. കഠിനമായ രോഗത്തില്‍ നിന്ന് രക്ഷപ്പെട്ട ഒരു കുട്ടി എന്ന നിലയില്‍ സഹതാപ പൂര്‍ണ്ണമായ ഒരു വലിയ വാത്സല്യം ടീച്ചറില്‍ നിന്നും എനിക്ക് കിട്ടിയിരുന്നു.

അന്ന് രണ്ടാം ക്ലാസില്‍ പഠിക്കുകയാണ് ഞാന്‍. നല്ല കൈയക്ഷരത്തില്‍ ആണ് ഞാന്‍ എഴുതുന്നതെന്ന് എല്ലാവരും പറഞ്ഞിരുന്നു. ക്ലാസില്‍ വച്ച് കുട്ടികളുടെ എഴുത്ത് പരിശോധിക്കുന്നതിനിടയില്‍ " ഇത് കോഴി കിള്ളിത്തിരയുന്നത് പോലെയാണല്ലോ " എന്ന് ടീച്ചര്‍ ആരോടോ പറഞ്ഞു. ഇപ്പറഞ്ഞത് എന്നെപ്പറ്റിയാണെന്ന് ഞാന്‍ ധരിക്കുകയും, അത് വീട്ടില്‍ പറയുകയും ചെയ്തു. ടീച്ചര്‍ വന്നപ്പോള്‍ എന്റെ   വല്യാമ്മ  ഇത് ടീച്ചറിനോട് ചോദിക്കുകയും, പരിഭവിക്കുകയും ചെയ്തു. ടീച്ചറിനുണ്ടായ സങ്കടത്തിന് അതിരില്ലായിരുന്നു. ഇത് പറഞ്ഞത് മറ്റേതോ കുട്ടിയോടാണെന്ന് ടീച്ചര്‍ കരഞ്ഞു പറഞ്ഞു. എന്നെപ്പോലെ നന്നായി എഴുതുന്ന കുട്ടികള്‍ തന്റെ ക്ലാസില്‍ ഇല്ലാ എന്നും ടീച്ചര്‍ പറഞ്ഞു.

ഒന്നുരണ്ടു ദിവസങ്ങളോളം ടീച്ചറിന്റെ കണ്ണുകള്‍ തോര്‍ന്നില്ലാ എന്നത് ഞാനറിഞ്ഞിരുന്നു. ഒന്നാശ്വസിപ്പിക്കാനോ, മാപ്പു പറയുവാനോ ഉള്ള വിവരമോ, വിവേകമോ എനിക്കോ, വീട്ടുകാര്‍ക്കോ ഉണ്ടായില്ല. ആ സ്കൂള്‍ വര്‍ഷം തന്നെ എന്നെ ചേര്‍ത്തു നിര്‍ത്തി നെറുകയില്‍ ചുംബിച്ച്  ടീച്ചര്‍ എങ്ങോ സ്ഥലം മാറിപ്പോയി. പിന്നീടവരെ ഞാന്‍ കണ്ടിട്ടില്ല. പോകുന്ന ദിവസം വരെ ഞാന്‍ നോക്കുന്‌പോളെല്ലാം ടീച്ചറിന്റെ കണ്ണില്‍ നിന്ന് രണ്ടു മുത്തുമണികള്‍ അടര്‍ന്നു വീഴുന്നത് ഞാന്‍ കണ്ടിരുന്നു. എന്റെ ജീവിതത്തില്‍ എനിക്ക് കിട്ടിയ ആദ്യത്തെ ശാപം. ഇന്നിപ്പോള്‍ ഇത് വായിക്കാന്‍ അവര്‍ ജീവിച്ചിരിക്കാന്‍ ഇടയില്ല. എങ്കിലും ഞാന്‍ മൂലം അവരുടെ കണ്ണുകളില്‍  നിന്ന് അടര്‍ന്നു വീണ മുഴുവന്‍ മുത്തു മണികള്‍ക്കുമായി അവരുടെ ആത്മാവിനോട്  ഇന്ന്  ഇവിടെ ഹൃദയം കൊണ്ട് ഞാന്‍ മാപ്പുചോദിക്കുകയാണ്.

ക്ലാസിലെ ഏറ്റവും നന്നായി പഠിക്കുന്ന കുട്ടിയായിരുന്നു ഞാന്‍. ' നീ വലിയ ആളായിത്തീരും ' എന്ന് എന്നോട് സ്‌നേഹമുള്ള ചില അധ്യാപകര്‍ പറയുമായിരുന്നുവെങ്കിലും, ഒന്നുമാവാന്‍ കഴിയാതെ പതിനൊന്ന് പേരുള്ള കുടുംബത്തിന്റെ ദാരിദ്ര്യത്തിന് ഒരു കൈത്താങ്ങാവാന്‍ വേണ്ടി ഇടക്ക് വച്ച് പഠിപ്പുപേക്ഷിച്ചു പണിക്കിറങ്ങേണ്ടി വന്നു.

അപ്പന്റെ ' പങ്കുകൃഷി ' യില്‍ നിന്ന് ( നിലമുടമക്ക് മൂന്നു ഭാഗവും, കൃഷി ചെയ്യുന്നയാള്‍ക്കു ഒരു ഭാഗവുമായി പങ്കു വയ്ക്കുന്ന രീതിയെയാണ് പങ്കുകൃഷി എന്ന് വിളിച്ചിരുന്നത്.) കിട്ടുന്ന നെല്ലിനെ ഒരു വര്‍ഷത്തിലേക്കായി ഭാഗിക്കുന്‌പോള്‍ കിട്ടുന്ന വീതം കൊണ്ടായിരുന്നു ഒരു ദിവസത്തെ ഊണ്. ഒരു നേരം ഇത് രണ്ടു നാഴിക്കും, മൂന്നു നാഴിക്കും ഇടയിലുള്ള അരിയായിരുന്നു. വല്യാമ്മയാണ് എന്നും വിളന്പിയരുന്നത്. അപ്പന്‍ മുതല്‍ ഇളയ കുഞ്ഞു വരെയുള്ള പത്തു പേര്‍ക്ക് ആനുപാതികമായ അളവില്‍ വിളന്പി വരുന്‌പോള്‍ അവസാനം കലത്തില്‍ ഒന്നുമുണ്ടാവില്ല. തനിക്കു വേണ്ടി കലത്തില്‍ അല്‍പ്പം ബാക്കി വയ്ക്കുവാന്‍ വല്യമ്മ ഒരിക്കലും ശ്രമിച്ചതുമില്ല. പിന്നെ വല്യാമ്മ കുറെ കഞ്ഞിവെള്ളം കലത്തിലേക്കൊഴിക്കും. കലത്തിന്റെ വശങ്ങളില്‍ പറ്റിപ്പിടിച്ചിരിക്കുന്ന അരിപ്പറ്റുകള്‍ എല്ലാം കൂടി ഇളക്കിക്കൂട്ടി ആ കഞ്ഞിവെള്ളമാണ് അറുപത്തി രണ്ടാം വയസ്സില്‍ മരിക്കുന്നതു വരെ വല്യാമ്മ കഴിച്ചിരുന്നത്.

ഞങ്ങളുടെ കുടുംബത്തിന്റെ വിശപ്പകറ്റുവാന്‍ ഈ കഞ്ഞികുടി മതിയാകുമായിരുന്നില്ല. പുരയിടത്തിലുണ്ടായിരുന്ന ഒരു പറ ( പതിന്നാലു സെന്റ് ) മാരിക്കണ്ടത്തിലെ കപ്പകൃഷി കൊണ്ടാണ് ഞങ്ങള്‍ പിടിച്ചു നിന്നത്. നാടന്‍ ഭാഷയില്‍ ' വെണ്ണനെയ് പോലെ വേവുന്ന ' ഈ കപ്പ ഉപ്പും, മുളകും ഒന്നും ചേര്‍ക്കാതെ വട്ടം കണ്ടിച്ച് പുഴുങ്ങിയെടുക്കുന്നതായിരുന്നു ഞങ്ങളുടെ ഇഷ്ട ഭക്ഷണം. കപ്പയോടൊപ്പം മിക്കപ്പോഴും കാന്താരി ചമ്മന്തിയും, പാലോ, പഞ്ചസാരയോ ചേര്‍ക്കാത്ത കട്ടന്‍ കാപ്പിയും ഉണ്ടാവും. ഈ കാപ്പിയുടെ കാര്യവും അറിഞ്ഞിരിക്കേണ്ടതാണ്. ഞങ്ങളുടെ പറന്പില്‍ പ്രതിവര്‍ഷം ഒന്ന്  ഒന്നര പറയോളം ( പത്ത് ഇടങ്ങഴി ഒരു പറ ) കാപ്പിക്കുരു ഉണ്ടാവാറുണ്ട്. ഈ കാപ്പിക്കുരുവും, കുറച്ച് പാക്കുമാണ് പറന്പില്‍ നിന്നുള്ള ആദായം. ഇവകള്‍ വിറ്റു കിട്ടുന്ന പണം കൊണ്ടാണ് തുണി ഉള്‍പ്പടെയുള്ള സാധനങ്ങള്‍ വാങ്ങിയിരുന്നത്. മിക്ക ദിവസങ്ങളിലും പാടത്ത് പണിയാന്‍ പോകുന്ന അപ്പന്‍ ചായക്കടയില്‍ നിന്ന് ഒരു ചായയും, രണ്ടു കഷ്ണം പുട്ടും കഴിച്ചിരുന്നതും ഈ വരുമാനത്തില്‍ നിന്നായിരുന്നു.

ഞങ്ങളുടെ കാപ്പിക്കുരു പതിവായി വാങ്ങിയിരുന്നത് പൂച്ചക്കാക്കയായിരുന്നു. പ്രധാനമായും പൂച്ചകളെ വില്‍ക്കുവാന്‍ വേണ്ടി ഞങ്ങളുടെ ഗ്രാമത്തില്‍ വന്നിരുന്ന ഒരാളായിരുന്നു പൂച്ചക്കാക്ക എന്ന മധ്യ വയസ്ക്കന്‍. ഗ്രാമത്തിലെ ഉല്‍പ്പന്നങ്ങള്‍ വാങ്ങുകയും, ആളുകള്‍ ആവശ്യപ്പെടുന്ന സാധനങ്ങള്‍ കൊണ്ട് വന്നു കൊടുക്കുകയും ആയിരുന്നു ഇദ്ദേഹത്തിന്റെ ബിസിനസ്. സ്വന്തം പേര് എന്തായിരുന്നാലും, ആളുകളുടെ ഇടയില്‍ അദ്ദേഹം അറിയപ്പെട്ടിരുന്നത് പൂച്ചക്കാക്ക എന്ന പേരിലായിരുന്നു. അന്നും കാപ്പിക്കുരു ഒരു ഡിമാന്റുള്ള ഉല്പന്നമായിരുന്നു. ഉണ്ടാവുന്ന മുഴുവന്‍ കാപ്പിക്കുരുവും പൂച്ചക്കാക്കക്ക് വില്‍ക്കും. മൂവാറ്റുപുഴയിലെ മില്ലുകളില്‍ കുത്തി പരിപ്പെടുത്തിട്ട് ആ പരിപ്പാണ് പൂച്ചക്കാക്ക വില്‍ക്കുന്നത്. പരിപ്പെടുക്കുന്‌പോള്‍ ബാക്കി വരുന്ന തൊണ്ട് ' കാപ്പിത്തൊണ്ട് ' എന്ന പേരില്‍ പൂച്ചക്കാക്ക തന്നെ വില്‍ക്കാന്‍ കൊണ്ട് വരും. ഈ തൊണ്ടിന് ഒരിടങ്ങഴിക്ക് ഒരണയാണ് വില. ഇത് വാങ്ങി പാകത്തിന് വറുത്ത് ഉരലിലിട്ടു ഇടിച്ചുപൊടിച്ചു വല്യാമ്മ ഉണ്ടാക്കിയെടുക്കുന്ന കാപ്പിപ്പൊടി ഇട്ടു തിളപ്പിച്ച വെള്ളമാണ് കപ്പയോടൊപ്പം ഞങ്ങള്‍ കുടിച്ചിരുന്നത്.

(തുടരും)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക