Image

വിജയ് സൂപ്പര്‍ സ്‌റ്റാറാണെങ്കിലും സൂപ്പര്‍ നടനാണെന്ന് പറയാന്‍ കഴിയില്ല: സിദ്ദിഖ്

Published on 05 May, 2019
വിജയ് സൂപ്പര്‍ സ്‌റ്റാറാണെങ്കിലും സൂപ്പര്‍ നടനാണെന്ന് പറയാന്‍ കഴിയില്ല: സിദ്ദിഖ്

നടന്‍ വിജയ് സൂപ്പര്‍ സ്‌റ്റാറാണെങ്കിലും സൂപ്പര്‍ നടനാണെന്ന് പറയാന്‍ കഴിയില്ലെന്ന് നടന്‍ സിദ്ദിഖ്. നമ്മുടെ സൂപ്പര്‍ താരങ്ങള്‍ സൂപ്പര്‍ നടന്മാരാണെന്നതാണ് മലയാളസിനിമയുടെ സൗഭാഗ്യമെന്നും, എന്നാല്‍ അന്യഭാഷയില്‍ അത്തരം മഹിമകളില്ലെന്നും സിദ്ദിഖ് പറഞ്ഞു. ഒരു പ്രമുഖ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.

'സൂപ്പര്‍സ്റ്റാറുകളെ ആശ്രയിച്ചാണ് സിനിമ നില്‍ക്കുന്നത്. 'മധുരരാജ' എന്ന സിനിമ ഉണ്ടാകണമെങ്കില്‍ മമ്മൂക്കയും 'ലൂസിഫര്‍' എന്ന സിനിമ വരണമെങ്കില്‍ മോഹന്‍ലാലും വേണം. ഈ സൂപ്പര്‍താരങ്ങളെ ആശ്രയിച്ചാണ് ഇന്‍ഡസ്ട്രി നില്‍ക്കുന്നത്. അത്തരം താരങ്ങളുടെ സിനിമ ആശ്രയിച്ചാണ് ഞങ്ങളെപ്പോലുള്ള നടീനടന്മാര്‍ നിലനില്‍ക്കുന്നത്. നമ്മുടെ സൂപ്പര്‍താരങ്ങള്‍ സൂപ്പര്‍നടന്മാരാണെന്നതാണ് മലയാളസിനിമയുടെ സൗഭാഗ്യം. അന്യഭാഷകളില്‍ അത്തരം മഹിമകളില്ല. വിജയ് സൂപ്പര്‍സ്റ്റാറാണെങ്കിലും സൂപ്പര്‍നടനാണെന്ന് പറയാന്‍കഴിയില്ല. എന്നാല്‍, കമല്‍ഹാസന്‍ സൂപ്പര്‍നടനും സൂപ്പര്‍സ്റ്റാറുമാണ്.

മലയാളത്തിലെ സഹനടന്മാരുടെ നിരയില്‍ ഒരുപാട് കഴിവുറ്റ നടന്മാരുണ്ട്. അവര്‍ക്കിടയില്‍ മത്സരിച്ചുജയിക്കുക എന്ന പ്രയത്നം ഞങ്ങള്‍ക്കിടയിലുണ്ട്. ഞാന്‍ സിനിമയില്‍ വലിയ അംഗീകാരങ്ങള്‍ നേടിയ നടനല്ല. അഭിനയിച്ച ചിത്രങ്ങളിലെ കഥാപാത്രങ്ങളുടെ ഗുണം കണ്ടുകൊണ്ട് കിട്ടുന്ന അടുത്ത ചിത്രങ്ങളിലെ അവസരങ്ങളാണ് എനിക്കുകിട്ടിയ വലിയ അംഗീകാരങ്ങള്‍. ഇത്രയൊന്നും പ്രതീക്ഷിച്ചുവന്നയാളല്ല ഞാന്‍. ചെറിയ കഥാപാത്രങ്ങളായി അഭിനയിച്ച്‌ അതില്‍ സംതൃപ്തി കണ്ടെത്തും. ഇന്നുകിട്ടുന്നതെല്ലാം ബോണസാണ്'.

ഉയരെ എന്ന ചിത്രത്തില്‍ പാര്‍വതിയുടെ അഭിനയം കണ്ട് താന്‍ ഞെട്ടിയെന്നും, പാര്‍വതിയുടെ പ്രായംവെച്ച്‌ നോക്കുമ്ബോള്‍ ആ ഡെഡിക്കേഷന്‍ എത്രയോ വലുതാണെന്നും സിദ്ദിഖ് പറഞ്ഞു. 'ഈ പ്രായത്തില്‍ ഞാന്‍ സിനിമയില്‍ അഭിനയിക്കാന്‍ ഇറങ്ങിയിട്ടില്ല. സംശയമില്ല, മലയാളസിനിമ കണ്ട ഏറ്റവുംനല്ല നടിമാരില്‍ ഒരാളാണ് പാര്‍വതി'- സിദ്ദിഖ് കൂട്ടിച്ചേര്‍ത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക