Image

കണ്ണാടി (കവിത: രമ സരസ്വതി)

Published on 05 May, 2019
കണ്ണാടി (കവിത: രമ സരസ്വതി)
ചൂണ്ടുവിരലിലെ ചുവന്ന സിന്ദൂരം
നെറ്റിയില്‍ അമര്‍ത്തവേ.
നീ പറഞ്ഞു..

ശിരസ്സിലെ നരച്ച മുടിയിഴകളെ
നെറ്റിയിലെ വരകളെ.. .
പുരികങ്ങള്‍ക്കിടയിലെ ചുളിവുകളെ
കണ്‍തടങ്ങളിലെ കറുപ്പിനെ ..
അയഞ്ഞു തൂങ്ങിയ കവിളുകളെ.. 
തിളക്കം നഷ്ടപ്പെട്ട ചര്‍മത്തെ ...
അഞ്ചാമത്തെ ദശകത്തിനൊടുവിലെ
മധ്യവയസ്കയുടെ രൂപം.. .

ചമയത്താല്‍ ചുളിവുകള്‍
മായിച്ചപ്പോള്‍
നിന്റെ പരിഹാസപുഞ്ചിരി
കണ്ടില്ലെന്നു നടിച്ചു ഞാന്‍..

നിന്നിലെ പ്രതിബിംബങ്ങളായ് മറഞ്ഞ
എന്റെ ബാല്യ കൗമാര യൗവനങ്ങള്‍
നീ സൂക്ഷിച്ചില്ല.....
സ്വന്തമാക്കിയില്ല....

സൂക്ഷിച്ചത് നിന്റെ പിന്‍ഗാമികളായിരുന്നു..
ക്യാമറയില്‍ തുടങ്ങിയ..
വിവരസാങ്കേതിക വിദ്യയുടെ
സമര്‍ഥ സന്തതികള്‍...
പുതുമ നഷ്ടപ്പെടാതെ..
മുഖങ്ങളെ സൂക്ഷിക്കുന്നവര്‍...

തെല്ലശ്രദ്ധയില്‍ നീ വീണുടഞ്ഞപ്പോള്‍
ചിതറിതെറിച്ച ചില്ലുകള്‍
എന്റെ  നിരവധി പ്രതിച്ഛായകളായി..

അമ്മമ്മ പറഞ്ഞതോര്‍മിച്ചു ഞാന്‍
"പൊട്ടിയ കണ്ണാടി ദോഷം. കളയുക "
അമ്മമ്മ ഭയന്നിരുന്നു..
ചിതറിയ പ്രതിച്ഛായകളെ...

എന്നിട്ടും അശ്രദ്ധയില്‍ ഇടക്കൊക്കെ
ദര്‍പ്പണങ്ങള്‍ ഉടഞ്ഞു.
ജീവിതനാടകത്തിലെ..
പെറുക്കി കൂട്ടിയ നിരവധി മുഖങ്ങളായി..

പുത്രിയുടെ
സഹോദരിയുടെ
ബന്ധുവിന്റെ
മിത്രത്തിന്റെ
വിദ്യാര്‍ത്ഥിനിയുടെ
നവവധുവിന്റെ
സഹധര്‍മിണിയുടെ
അമ്മയുടെ
ഉദ്യോഗസ്ഥയുടെ മുഖങ്ങള്‍.

പിന്നെ  ഞാനറിഞ്ഞ എന്റെ
മാത്രം മുഖമായി..
മനസാക്ഷിയുടെ കോടതിയില്‍
നൊടിയിടയില്‍ വാദിയും പ്രതിയുമായി
വേഷം മാറുന്ന എന്റെ മുഖം..

ഒടുവില്‍ അനുവാദം ചോദിക്കാതെ
ഏതോ നിമിഷത്തില്‍
കാലം തിരശീല താഴ്ത്തിയപ്പോള്‍
 ഒരുമിച്ച് ഇമ പൂട്ടിയ മുഖങ്ങള്‍
ജഡത്തില്‍ നിശ്ചലമായി..
സ്വന്തമാക്കിയത്
ചിതയിലെ അഗ്‌നിനാളങ്ങള്‍..
കല്ലറയുടെ കോണ്‍ക്രീറ്റ് പാളികള്‍.. .

അഭിനയത്തികവിന്റെ പുരസ്കാരങ്ങള്‍
അടക്കം പറച്ചിലുകളായി
അന്തരീക്ഷത്തില്‍ ഒഴുകിനടന്നു..

പക്ഷേ, കണ്ണാടീ.....
പിന്നൊരിക്കലും സ്വന്തമാക്കാന്‍
കഴിയാത്ത എന്റെ പ്രതിബിംബത്തെയോര്‍ത്ത്
നീ വിതുമ്പിയത്..
ഞാന്‍ അറിയുന്നുണ്ടായിരുന്നു....

Join WhatsApp News
PC MATHEW 2019-05-06 23:20:04
NICE POEM... THE LOST IN TIME IS THE GREAT AND SWEET MEMORY FOR ALL.. PLEASE WRITE MORE PD
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക