Image

മാപ്പിളപ്പാട്ടിന്റെ സുല്‍ത്താന്‍ എരഞ്ഞോളി മൂസയുടെ നിര്യാണത്തില്‍ നവയുഗം കലാവേദി അനുശോചിച്ചു.

Published on 06 May, 2019
മാപ്പിളപ്പാട്ടിന്റെ സുല്‍ത്താന്‍ എരഞ്ഞോളി മൂസയുടെ നിര്യാണത്തില്‍ നവയുഗം കലാവേദി അനുശോചിച്ചു.
ദമ്മാം: പ്രശസ്ത മാപ്പിളപ്പാട്ട് ഗായകന്‍ എരഞ്ഞോളി മൂസയുടെ നിര്യാണത്തില്‍ നവയുഗം സാംസ്‌ക്കാരികവേദി കലാവേദി കേന്ദ്രകമ്മിറ്റി അനുശോചിച്ചു.  

മിഅ്‌റാജ് രാവിലെ കാറ്റേ, മാണിക്യ മലരായ പൂവി തുടങ്ങി നൂറുകണക്കിനു ഹിറ്റ് മാപ്പിളപ്പാട്ടുകള്‍ക്കു മധുരമായ ശബ്ദം നല്‍കിയ അദ്ദേഹം, ആയിരക്കണക്കിന് പാട്ടുകള്‍ പാടിയിട്ടുണ്ട്.  ഗള്‍ഫ്‌നാടുകളില്‍ ഏറ്റവും കൂടുതല്‍ സ്‌റ്റേജ്‌ഷോ അവതരിപ്പിച്ച മാപ്പിളപ്പാട്ട് ഗായകനും മൂസാക്കയാണ്.

കേരളത്തിലെ കണ്ണൂര്‍ ജില്ലയിലെ തലശ്ശേരിക്കടുത്തുള്ള എരഞ്ഞോളിയില്‍ ജനിച്ചു, ഏറെ കഷ്ടപ്പാടുകള്‍ക്കിടയില്‍ വളര്‍ന്ന എരഞ്ഞോളി മൂസ , കുട്ടിക്കാലത്ത് ശരത്ചന്ദ്ര മറാഠെയുടെ കീഴില്‍ രണ്ടുവര്‍ഷം സംഗീതം പഠിച്ചു.  എം.എം. റോഡിലെ ടെലിച്ചേറി മ്യൂസിക്കില്‍ നിത്യസന്ദര്‍ശകനായിരുന്ന കെ.രാഘവനാണു അദ്ദേഹത്തെ മാപ്പിളപ്പാട്ടില്‍ പ്രോല്‍സാഹിപ്പിച്ചത്. 'അരിമുല്ലപ്പൂമണം ഉള്ളോളെ അഴകിലേറ്റം ഗുണമുള്ളോളെ' എന്നു തുടങ്ങുന്ന ഗാനത്തോടെയാണ് എരഞ്ഞോളി മൂസ പാട്ടുജീവിതം തുടങ്ങുന്നത്. ഗ്രാമീണ കലാസമിതികളിലൂടെയാണ് അദ്ദേഹം വളര്‍ന്നത്. കല്യാണവീടുകളില്‍ പെട്രോമാക്‌സിന്റെ ഇരുണ്ട വെളിച്ചത്തില്‍ പാടിത്തുടങ്ങിയ അദ്ദേഹം, കഠിനപരിശ്രമത്താല്‍ അറിയപ്പെടുന്ന ഗായകനായി മാറി. 

മാപ്പിളപ്പാട്ട് എന്ന കലയ്ക്ക് അമൂല്യമായ സംഭാവനകള്‍ നല്‍കിയ അദ്ദേഹം, ഫോക്ലോര്‍ അക്കാദമി വൈസ് ചെയര്‍മാനുമായിരുന്നു. കമല്‍ സംവിധാനം ചെയ്ത 'ഗ്രാമഫോണ്‍' സിനിമയില്‍ ഒരു പ്രധാന വേഷത്തില്‍ അദ്ദേഹം അഭിനയിച്ചിട്ടുമുണ്ട്. 'ജീവിതം പാടുന്ന ഗ്രാമഫോണ്‍' എന്ന ആത്മകഥ പുസ്തകം രചിച്ചിട്ടുണ്ട്. കലാകേരളത്തിന് വലിയൊരു നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗം.

മാപ്പിളപ്പാട്ടിന്റെ സുല്‍ത്താന്‍ എരഞ്ഞോളി മൂസയുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ ആദരഞ്ജലികള്‍ അര്‍പ്പിയ്ക്കുന്നതായും, അദ്ദേഹത്തിന്റെ വിയോഗത്തില്‍ വേദനിയ്ക്കുന്നവരുടെ ദുഃഖത്തില്‍ പങ്കു ചേരുന്നതായും നവയുഗം കലാവേദി പ്രസിഡന്റ് നിസാര്‍ ആലപ്പുഴയും, സെക്രെട്ടറി സഹീര്‍ ഷായും പത്രക്കുറിപ്പിലൂടെ അറിയിച്ചു.

മാപ്പിളപ്പാട്ടിന്റെ സുല്‍ത്താന്‍ എരഞ്ഞോളി മൂസയുടെ നിര്യാണത്തില്‍ നവയുഗം കലാവേദി അനുശോചിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക