Image

മായാവതിയുടെ പ്രധാനമന്ത്രിപദ മോഹത്തെ പിന്തുണച്ച്‌ അഖിലേഷ്: മെയ് 23ന് ശേഷം കാര്യങ്ങളില്‍ തീരുമാനം

Published on 07 May, 2019
മായാവതിയുടെ പ്രധാനമന്ത്രിപദ മോഹത്തെ പിന്തുണച്ച്‌ അഖിലേഷ്: മെയ് 23ന് ശേഷം കാര്യങ്ങളില്‍ തീരുമാനം

ദില്ലി: ഏഴു ഘട്ടങ്ങളിലായി നടക്കുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ 5 ഘട്ടങ്ങള്‍ പൂര്‍ത്തിയായതോടെ തിരഞ്ഞെടുപ്പ് ഫലമെന്താകുമെന്ന കാര്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഏകദേശ ധാരണയായിട്ടുണ്ട്. ഇതോടെ അടുത്ത പ്രധാനമന്ത്രി ആരാകുമെന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ക്ക് ചൂടു പിടിച്ചിരിക്കുകയാണ്. ബിജെപിയുടെ നരേന്ദ്ര മോദി ഭരണം തുടരുമോ അതോ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രാജ്യം ഭരിക്കണമോ എന്ന ചോദ്യമാണ് ഇത്രയും നാള്‍ നിലനിന്നതെങ്കില്‍ പ്രധാന മന്ത്രി പദത്തിനായുള്ള ആഗ്രഹം അറിയിച്ച് മായാവതി രംഗത്തെത്തിയതോടെ ചര്‍ച്ചകളുടെ ഗതി മാറി. ഇപ്പോഴിതാ മായാവതിയുടെ ആഗ്രഹത്തെ പിന്തുണച്ച് സമാജ് വാദി പാര്‍ട്ടി തലവന്‍ അഖിലേഷ് യാദവും രംഗത്തെത്തിയിരിക്കുകയാണ്.

മായവതിയുടെ ബിഎസ്പിയുമായുള്ള അപ്രതീക്ഷിതമായ കെമിസ്ട്രിക്ക് ഉത്തര്‍പ്രദേശില്‍ രൂപം നല്‍കിയത് സമാജ് വാദി പാര്‍ട്ടി തലവന്‍ അഖിലേഷ് യാദവാണ്. ഈ കെമിസ്ട്രി യുപിയില്‍ ശക്തമായ സഖ്യം രൂപീകരിച്ചു. ബഹുജന്‍ സമാജ് വാദി പാര്‍ട്ടിയുടെ അനിഷേധ്യ നേതാവായ മായാവതി പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള ആഗ്രഹം അറിയിച്ച് ഇന്നലെയാണ് രംഗത്തെത്തിയത്. എല്ലാം ശരിയായി വന്നാല്‍ ഉത്തര്‍പ്രദേശിലെ അംബേദ്കര്‍ നഗറില്‍ നിന്നും ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് മായാവതി തിരഞ്ഞെടുപ്പ് റാലിയില്‍ പ്രഖ്യാപിച്ചു.

മായാവതിയുടെ ആഗ്രഹത്തിനെ പിന്തുണയ്ക്കുന്നുവോ എന്ന എന്‍ഡിടിവിയുടെ ചോദ്യത്തിന് അഖിലേഷിന്റെ മറുപടി ഇങ്ങനെയായിരുന്നു, ''നോക്കൂ ഉത്തര്‍ പ്രദേശില്‍ നിന്നുമൊരാള്‍ പ്രധാനമന്ത്രിയാകുന്നതില്‍ എനിക്ക് സന്തോഷമേയുള്ളു. രാജ്യത്തെ ഏതു ഭാഗത്തു നിന്നും പ്രധാനമന്ത്രി സ്ഥാനത്തേക്ക് ആരു വന്നാലും ഞാന്‍ ആഗ്രഹിക്കുന്നത് യുപിയില്‍ നിന്നും ഒരാള്‍ വരുന്നതാണ്.''

അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലം ഉത്തര്‍പ്രദേശിലെ വാരണാസിയാണെന്ന കാര്യം പരാമര്‍ശിച്ചു കൊണ്ട് അദ്ദേഹം ഇങ്ങനെ പറഞ്ഞു. ''പക്ഷേ അതൊരിക്കലും വാരണാസിയല്ല, കാരണം അദ്ദേഹം രാജ്യത്തിന് വലിയ ദോഷം വരുത്തിയിട്ടുണ്ട്''. എന്നാല്‍ പിന്തുണ പിന്‍വലിക്കുന്ന കാര്യം അദ്ദേഹം നിഷേധിച്ചു. മെയ് 23ന് ഫലം വന്ന ശേഷമുള്ള കണക്കുകള്‍ അനുസരിച്ചായിരിക്കും തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു.ഈ തിരഞ്ഞെടുപ്പില്‍ ഇനിയും ഒരുപാട് സമയം ബാക്കിയുണ്ട്. അതിനാല്‍ ബിജെപി എന്തൊക്കെ വൃത്തികെട്ട കളി കളിക്കുമെന്നതിനെ കുറിച്ച് ആശങ്കയുണ്ടെന്നും മായാവതിക്കെതിരെ കോണ്‍ഗ്രസിനോടൊപ്പം ചേര്‍ന്ന് സമാജ് വാദി പാര്‍ട്ടി പ്രവര്‍ത്തിച്ചുവെന്ന മോദിയുടെ ആരോപണത്തെ ചൂണ്ടിക്കാട്ടി അഖിലേഷ് പറഞ്ഞു. അമേഠിയിലും റായ്ബറേലിയിലും കോണ്‍ഗ്രസ് നേതാക്കള്‍ക്ക് വോട്ട് ചെയ്യണമെന്ന് മായാവതി ശക്തമായി നിര്‍ദ്ദേശിച്ചതോടെ പ്രധാനമന്ത്രിയുടെ പദ്ധതി തകര്‍ന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.പ്രധാനമന്ത്രി സ്ഥാനത്തേക്ക് ആഗ്രഹമുണ്ടോയെന്ന ചോദ്യത്തിന് തനിക്ക് അത്തരം സ്വപ്‌നങ്ങളില്ലെന്നായിരുന്നു അഖിലേഷിന്റെ മറുപടി. എന്നാല്‍ മികച്ചൊരു സഖ്യം രൂപീകരിക്കാന്‍ ആഗ്രഹമുണ്ടെന്നും പ്രതീക്ഷിക്കുന്ന പോലൊരു മികച്ച പ്രകടനം കാഴ്ച വെക്കാന്‍ കഴിഞ്ഞാല്‍ സംസ്ഥാനത്ത് ബിജെപി ഒറ്റ അക്കത്തിലേക്ക് പോകുമെന്ന് അഖിലേഷ് പറഞ്ഞു.2014ലെ തിരഞ്ഞെടുപ്പില്‍ ബിജെപിയും സഖ്യ കക്ഷികളും ചേര്‍ന്ന് 72 സീറ്റുകളാണ് ഉത്തര്‍പ്രദേശില്‍ നേടിയത്. രാജ്യത്തെ ഏറ്റവും വലിയ ലോക്‌സഭ മണ്ഡലമായ യുപിയില്‍ 80 സീറ്റുകളാണുള്ളത്. 2017 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ യാദവിന്റെ സമാജ് വാദി പാര്‍ട്ടിയെ അടിച്ചമര്‍ത്തിയാണ് ബിജെപി അധികാരത്തിലെത്തിയത്. 403 നിയമസഭാ സീറ്റുകളില്‍ 312 സീറ്റുകള്‍ ബിജെപി നേടിയപ്പോള്‍ സമാജ് വാദി പാര്‍ട്ടിക്ക് ലഭിച്ചത് 47 സീറ്റുകളാണ്. കോണ്‍ഗ്രസിന് ഏഴ് സീറ്റും മായാവതിക്ക് 18 സീറ്റുമാണ് ലഭിച്ചത്.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക