Image

ബര്‍ഗന്‍ കൗണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പ് ഈസ്റ്റര്‍ ആഘോഷിച്ചു

Published on 07 May, 2019
ബര്‍ഗന്‍ കൗണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പ് ഈസ്റ്റര്‍ ആഘോഷിച്ചു
ബര്‍ഗന്‍ഫീല്‍ഡ്, ന്യൂജേഴ്‌സി: ബര്‍ഗന്‍കൗണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ എപ്രില്‍ 28ാം തീയതി സെന്റ്‌തോമസ് ഇവാഞ്ചലിക്കല്‍ പള്ളിയില്‍വെച്ച് വിവിധ സഭാവിഭാഗങ്ങളില്‍പ്പെട്ട മലയാളി ക്രിസ്ത്യാനികള്‍ ഈസ്റ്റര്‍ ആഘോഷിച്ചു.

എലിസബത്ത് ന്യൂജേഴ്‌സി ഇമ്മാനുവേല്‍ സി. എസ്. ഐ. ഇടവക വികാരിയും എക്യുമെനിക്കല്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പ് ഓഫ് ന്യൂജേഴ്‌സി പ്രസിഡന്‍റുമായ റവ. ജോബി ജോയി  ഈസ്റ്റര്‍ സന്ദേശം നല്‍കി. ഉയര്‍പ്പിന്‍റെ സന്തോഷവും സമാധാനവും ഈസ്റ്റര്‍ ആഘോഷിക്കുന്ന വേളയില്‍ മാത്രമല്ല, നമ്മുടെ ആത്മീയ ജീവിതത്തിലുടനീളം നില നിര്‍ത്തുവാന്‍  നാം ഉത്സുകരാകണമെന്ന് അദ്ദേഹം ഉദ്‌ബോധിപ്പിച്ചു. അമേരിക്കയിലെ സമ്പന്നത നല്‍കുന്ന സന്തോഷം  അനുഭവിക്കുന്ന അവസരത്തില്‍ അതിനു പിന്നില്‍ ദൈവിക കരുതലാണെന്നും അതുപോലെതന്നെ   ജീവിതയാത്രയില്‍ നിരാശയുടെയും ഏകാന്തതയുടെയും ദു:ഖത്തിന്‍റെയും പ്രയാസങ്ങളുടെയും അനുഭവങ്ങളിലൂടെ കടന്നു പോകുമ്പോള്‍ നമ്മെ കരം പിടിച്ച് ധൈര്യപ്പെടുത്തുന്നതും  ആ ദൈവമാണെന്നും നാം തിരിച്ചറിയണം.കുരിശു നമുക്ക് സഹനത്തിന്‍റെയും സ്‌നേഹത്തിന്‍റെയും ത്യാഗത്തിന്‍റെയും പ്രതീകമായിരിക്കണമെന്നും   കുരിശെടുത്ത് യേശുവിനെ അനുഗമിക്കുന്നതിലൂടെ ഉത്തമമായ ക്രിസ്തീയ സാക്ഷ്യം നമ്മുടെ ജീവിതത്തില്‍ നിലനിര്‍ത്തുവാന്‍   സാധിക്കണമെന്നും അദ്ദേഹം അനുസ്മരിപ്പിച്ചു.

സെന്‍റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ബര്‍ഗന്‍ഫീല്‍ഡ് വികാരി റവ. ലാജി വര്‍ഗീസിന്‍റെ പ്രാരംഭ പ്രാര്‍ത്ഥനയോടെ  ഈസ്റ്റര്‍ ആഘോഷം ആരംഭിച്ചു. തോമസ് ജെംസന്‍ കുറിയാക്കോസ്, സ്‌റ്റെഫനി തോമസ് എന്നിവര്‍ വേദഭാഗം വായിച്ചു.   ബി.സി. എം. സി. ഫെലോഷിപ്പ് ഗായകസംഘം ഗാനങ്ങള്‍ ആലപിക്കുകയും   റെജി ജോസഫ് മധ്യസ്ഥ പ്രാര്‍ത്ഥന നയിക്കുകയും ചെയ്തു. . പ്രസിഡന്‍റ് എഡിസന്‍ മാത്യു സ്വാഗതം ആശംസിച്ചു.   പാസ്റ്റര്‍ പോള്‍ ജോണ്‍ മുഖ്യാതിഥിയെ സദസ്സിനു പരിചയപ്പെടുത്തി.

അമേരിക്കയിലെ തങ്ങളുടെ ഇടവക  ദൗത്യം പൂര്‍ത്തിയാക്കി നാട്ടിലേയ്ക്കു മടങ്ങുന്ന ബര്‍ഗന്‍ഫീല്‍ഡ് സെ9റ് തോമസ് ഇവാഞ്ചലിക്കല്‍ പള്ളി വികാരി റവ. ലാജി വര്‍ഗീസ്, ടീനെക്ക് സെന്‍റ് പീറ്റേഴ്‌സ് മാര്‍ത്തോമ്മാ ചര്‍ച്ച് വികാരി റവ. മോന്‍സി മാത്യു എന്നിവര്‍ക്ക് യാത്രയയപ്പും ചടങ്ങില്‍ നല്‍കി. പ്രൊഫ. സണ്ണി മാത്യൂസ്  തന്‍റെ പ്രസംഗത്തില്‍   ബര്‍ഗന്‍ കൗണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പിനു   ഇവര്‍   നല്‍കിയ ആത്മീയ നേതൃത്വത്തെയും  കൂട്ടായ്മയെയും സ്മരിക്കുകയും ചുരുങ്ങിയ കാലയളവിലൂടെ  എന്നും നില നില്‍ക്കുന്ന നല്ല ഓര്‍മ്മകളും മൂല്യങ്ങളും അവശേഷിപ്പിച്ചിട്ടാണ് ഈ ഇടയന്മാര്‍ നാട്ടിലേയ്ക്കു മടങ്ങുന്നതെന്നും പറഞ്ഞു.

റവ. ലാജി വര്‍ഗീസ് തന്‍റെ മറുപടി പ്രസംഗത്തില്‍ ബി.സി.എം. സി. ഫെലോഷിപ്പിന്‍റെ ഭാഗമാകുവാനും അതിന്‍റെ പ്രവര്‍ത്തകരുമായി അടുത്തിടപെടുവാനും സാധിച്ചതില്‍ ചാരിതാര്‍ത്ഥ്യമുണ്ടെന്നും പറഞ്ഞു.
സെന്‍റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ന്യൂയോര്‍ക്ക്, സെന്‍റ് പീറ്റേഴ്‌സ് മാര്‍ത്തോമ്മാ ചര്‍ച്ച് ടീനെക്ക് എന്നീ ഗായകസംഘങ്ങളുടെ ഗാനങ്ങളും ആലിസന്‍ തര്യന്‍, അനു ഏബ്രഹാം എന്നിവരുടെ സോളോ ഗാനങ്ങളും ചടങ്ങിനു കൊഴുപ്പേകി.

ശ്രി ഏബ്രഹാം വര്‍ഗീസ്  കൃതജ്ഞതാ പ്രാര്‍ത്ഥനയും റവ. ഫാ. ബാബു കെ. മാത്യു സമാപന പ്രാര്‍ത്ഥനയും നടത്തി. സെക്രട്ടറി അജു തര്യന്‍ കൃതജ്ഞത രേഖപ്പെടുത്തി. ഷാജി ജോണ്‍ മാസ്റ്റര്‍ ഓഫ് സെറിമണിയായി പ്രവര്‍ത്തിച്ചു.  ഫെലോഷിപ്പ് ഡിന്നറോടെ പരിപാടികള്‍ സമാപിച്ചു.


ബര്‍ഗന്‍ കൗണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പ് ഈസ്റ്റര്‍ ആഘോഷിച്ചു
ബര്‍ഗന്‍ കൗണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പ് ഈസ്റ്റര്‍ ആഘോഷിച്ചു
ബര്‍ഗന്‍ കൗണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പ് ഈസ്റ്റര്‍ ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക