Image

കല കുവൈറ്റ് പ്രയാണം വര്‍ണാഭമായി

Published on 07 May, 2019
കല കുവൈറ്റ് പ്രയാണം വര്‍ണാഭമായി

കുവൈത്ത് സിറ്റി: കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍, കല കുവൈത്തിന്റെ ഈ വര്‍ഷത്തെ മെഗാ സാംസ്‌കാരിക മേളയായ പ്രയാണം 2019 ന് വര്‍ണാഭമായ സമാപനം. ഖാല്‍ദിയ യൂണിവേഴ്‌സിറ്റി തീയേറ്ററില്‍ ഉച്ചകഴിഞ്ഞ് രണ്ടിന് ആരംഭിച്ച മേളയുടെ സദസ് ആദ്യാവസാനം ആളുകളെ കൊണ്ട് നിറഞ്ഞു കവിഞ്ഞു. 

കല കുവൈറ്റിന്റെ ലോഗോ അവതരണത്തെ തുടര്‍ന്ന് നാല് മേഖലകളിലേയും അംഗങ്ങള്‍ അണിയിച്ചൊരുക്കിയ കലാപരിപാടികളോടെ ആരംഭിച്ച മേളയുടെ സാംസ്‌കാരിക സമ്മേളനം കേരള നിയമസഭ സ്പീക്കര്‍ പി ശ്രീരാമകൃഷണന്‍ ഉദ്ഘാടനം ചെയ്തു. മാറ്റമില്ലാതെ നിലനില്‍ക്കുന്ന ഒന്നല്ല സംസ്‌കാരമെന്നും കൊടുക്കല്‍ വാങ്ങലുകള്‍ കൊണ്ട് സംമ്പുഷ്ടമാകുന്നതും നിരന്തരം പരിണാമം സംഭവിച്ചുകൊണ്ടിരിക്കുന്നതുമാണ് അതെന്നും ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. അങ്ങനെയാണ് മഹത്തായ ഇന്ത്യന്‍ സംസ്‌കാരം നിലനിന്നു പോന്നിട്ടുള്ളതെന്നും എന്നാല്‍ ലിഖിതമായ ഒന്ന് നിലവിലുണ്ടെന്നും അതില്‍ പിടിച്ചുകെട്ടിയിടാനുള്ള ശ്രമമാണ് ഇന്ന് ഭാരതത്തില്‍ നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കല കുവൈറ്റ് കഴിഞ്ഞ 28 വര്‍ഷമായി നടത്തി വരുന്ന പ്രധാന സാമൂഹിക പരിപാടിയായ വേനലവധിക്കാലത്തെ സൗജന്യ മാതൃഭാഷ പഠനത്തിന്റെ ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും സ്പീക്കര്‍ നിര്‍വഹിച്ചു. ഇന്ത്യന്‍ എംബസിയുടെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍, രാജ് ഗോപാല്‍ സിംഗ് വിശിഷ്ടാതിഥിയായി പങ്കെടുത്ത് സംസാരിച്ചു. പരിപാടിയില്‍ മുഖ്യ അതിഥിയായി തെന്നിന്ത്യന്‍ ചലച്ചിത്ര താരം രമ്യ നമ്പീശന്‍ പങ്കെടുത്തു. കല കുവൈറ്റ് ജനറല്‍ സെക്രട്ടറി ടികെ സൈജു സ്വാഗതം ആശംസിച്ച സമ്മേളനത്തില്‍ പ്രസിഡന്റ് ടി.വി. ഹിക്മത്ത് അധ്യക്ഷത വഹിച്ചു. പരിപാടിയുടെ പ്രധാന സ്‌പോണ്‍സര്‍ ആയ ബിഇസി എക്‌സ്‌ചേഞ്ച് ജനറല്‍ മാനേജര്‍ മാത്യൂസ് വര്‍ഗീസ്, കേരള പ്രവാസി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ എന്‍ അജിത്ത് കുമാര്‍, വനിതാവേദി കുവൈറ്റ് ജനറല്‍ സെക്രട്ടറി ഷെറിന്‍ ഷാജു എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. 

മലയാളം മിഷന്‍ കുവൈറ്റ് ചാപ്റ്റര്‍ ചീഫ് കോഓര്‍ഡിനേറ്റര്‍ ജെ സജി, മാതൃഭാഷ സമിതി ജനറല്‍ കണ്‍വീനര്‍ അനീഷ് കല്ലുങ്കല്‍, ബാലവേദി കുവൈറ്റ് വൈസ് പ്രസിഡന്റ് സെന്‍സ അനില്‍, പ്രോഗ്രസീവ് പ്രൊഫഷണല്‍ ഫോറം വൈസ് പ്രസിഡന്റ് രാജഗോപാല്‍, കല കുവൈറ്റ് ട്രഷറര്‍ കെവി നിസാര്‍, വൈസ് പ്രസിഡന്റ് ജ്യോതിഷ് ചെറിയാന്‍, ജോയിന്റ് സെക്രട്ടറി രജീഷ് സി നായര്‍ എന്നിവര്‍ സംബന്ധിച്ചു. പ്രയാണം  2019 ജനറല്‍ കണ്‍വീനര്‍ സാം പൈനുംമൂട് സമ്മേളനത്തിന് നന്ദി പറഞ്ഞു. 

കല കുവൈറ്റ് സംഘടിപ്പിച്ച എന്റെ കൃഷി മത്സര വിജയികള്‍ക്കും ബാലകലാമേളയില്‍ ഓവറോള്‍ കിരീടം കരസ്ഥമാക്കിയ സ്‌കൂളുകള്‍ക്കും കല) തിലകം, കലാപ്രതിഭ പട്ടങ്ങള്‍ കരസ്ഥമാക്കിയവര്‍ക്കുമുള്ള സ്വര്‍ണ മെഡലുകള്‍ വിതരണം ചെയ്തു. ഈ വര്‍ഷത്തെ സുവനീറിന്റെ കവര്‍ രചന മത്സരത്തില്‍ വിജയിയായ ശ്രീകുമാര്‍ വല്ലനക്കുള്ള സമ്മാനവും ദീര്‍ഘകാലമായി കലയോടൊപ്പം സഞ്ചരിക്കുന്ന പത്മനാഭന്‍, ബാലചന്ദ്രന്‍ എന്നിവര്‍ക്കുള്ള കലയുടെ സ്‌നേഹോപഹാരവും പ്രയാണം  2019 ന്റെ പ്രമുഖ പ്രായോജകര്‍ക്കുള്ള സ്‌നേഹോപഹാരങ്ങളും ചടങ്ങില്‍ കൈമാറി.

തുടര്‍ന്നു പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകരായ പുഷ്പാവതി, അന്‍വര്‍ സാദത്ത് കൂടാതെ രമ്യ നമ്പീശന്‍, കീബോര്‍ഡിസ്റ്റ് അനൂപ് കോവളം എന്നിവര്‍ നയിച്ച ഗാനമേള ആസ്വാദകര്‍ക്ക് ആവേശമായി. 

നേരത്തെ ബാലകലാമേളയില്‍ ഗ്രൂപ്പ് ഡാന്‍സില്‍ ഒന്നാം സമ്മാനാര്‍ഹരായ കുട്ടികള്‍ അവതരിപ്പിച്ച നൃത്തത്തോടും കലയുടെ നാല് മേഖലകളില്‍ നിന്നുള്ള കലാകാരന്മാര്‍ അവതരിപ്പിച്ച കലാപരിപാടികളോടെയുമാണ് മേള ആരംഭിച്ചത്. കുവൈറ്റ് സാല്‍മിയ മേഖല സംഘടിപ്പിച്ച ഒപ്പനയും സംഗീതശില്‍പവും, അബു ഹലീഫ മേഖലയുടെ മോജോ മ്യൂസിക്കും, ഫഹാഹീല്‍ മേഖല അവതരിപ്പിച്ച 'മാനവീയം', അബ്ബാസിയ മേഖലയുടെ 'കേളി' എന്നിവ മെഗാ സാംസ്‌കാരിക മേളയുടെ മാറ്റ് കൂട്ടി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക