Image

ദിവ്യ സ്‌പന്ദനയ്‌ക്ക്‌ ഏഷ്യാനെറ്റും സുവര്‍ണ ന്യൂസും അമ്പതു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം, മാനനഷ്ടക്കേസില്‍ ബംഗളുരു കോടതിയുടെ ഉത്തരവ്‌

Published on 08 May, 2019
ദിവ്യ സ്‌പന്ദനയ്‌ക്ക്‌ ഏഷ്യാനെറ്റും സുവര്‍ണ ന്യൂസും അമ്പതു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം, മാനനഷ്ടക്കേസില്‍ ബംഗളുരു കോടതിയുടെ ഉത്തരവ്‌


കോണ്‍ഗ്രസ്‌ നേതാവും കന്നഡ സിനിമയിലെ പ്രമുഖ നടിയുമായ ദിവ്യ സ്‌പന്ദനയ്‌ക്ക്‌ ഏഷ്യാനെറ്റും സുവര്‍ണ ന്യൂസും അമ്പതു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം. ദിവ്യ നല്‍കിയ മാനനഷ്ട കേസില്‍ ബംഗളുരു അഡിഷണല്‍ സിറ്റി സിവില്‍ ആന്‍ഡ്‌ സെഷന്‍സ്‌ കോടതിയാണ്‌ ഉത്തരവ്‌ പുറപ്പെടുവിച്ചത്‌.

2013ലെ ഐ പി എല്‍ മത്സരങ്ങളില്‍ നടന്ന വാതുവെയ്‌പ്പില്‍ ദിവ്യ സ്‌പന്ദനയ്‌ക്ക്‌ ബന്ധമുണ്ടെന്ന തരത്തില്‍ വാര്‍ത്ത സംപ്രേഷണം ചെയ്‌തതിനാണ്‌ കോടതി നടപടി. ഈ വാര്‍ത്ത തനിക്ക്‌ മനനഷ്ടമുണ്ടാക്കിയെന്ന്‌ കാണിച്ച്‌ ദിവ്യ കോടതിയെ സമീപിക്കുകയായിരുന്നു. ഏഷ്യാനെറ്റിന്റെ ഉടമസ്ഥയിലുള്ള കന്നഡ ന്യൂസ്‌ ചാനലാണ്‌ സുവര്‍ണ.

സ്‌പോട്ട്‌ ഫിക്‌സിംഗ്‌, മാച്ച്‌ ഫിക്‌സിംഗ്‌ തുടങ്ങിയ വിവാദങ്ങളില്‍ ദിവ്യ സ്‌പന്ദനയുടെ പേര്‌ പരാമര്‍ശിക്കുന്ന ഒരു വാര്‍ത്തയും നല്‍കരുതെന്നും ജഡ്‌ജി പാട്ടീല്‍ നാഗലിംഗന ഗൗഡ ഉത്തരവില്‍ വ്യക്തമാക്കിയതായി പ്രമുഖ കോടതി വാര്‍ത്താ പോര്‍ട്ടലായ ലൈവ്‌ ലോ റിപ്പോര്‍ട്ട്‌ ചെയ്‌തു.

2013 മെയ്‌ മാസത്തിലാണ്‌ ചാനല്‍ ഇത്‌ സംബന്ധിച്ച വാര്‍ത്ത നല്‍കിയത്‌. വര്‍ത്തയോടൊപ്പം ബാംഗളൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന്റെ ബ്രാന്‍ഡ്‌ അംബാസിഡറായിരുന്ന ദിവ്യയുടെ ചിത്രവും നല്‍കിയിരുന്നു. ഇത്‌ തനിക്ക്‌ മാനനഷ്ടം ഉണ്ടാക്കിയതായി കാണിച്ചാണ്‌ അവര്‍ കോടതിയെ സമീപിച്ചത്‌. മാച്ച്‌ ഫിക്‌സിംഗുമായി ഒരു വിധത്തിലും ദിവ്യക്ക്‌ ബന്ധമില്ലെന്ന്‌ കോടതി കണ്ടെത്തി.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക