Image

പൂരശോഭ കെടില്ല,​ ആരോഗ്യമുള്ള എല്ലാ ആനകളെയും വിട്ടു നല്‍കുമെന്ന് ഗുരുവായൂര്‍ ദേവസ്വം: ആന ഉടമകളുടെ പിടിവാശി നടക്കില്ല

Published on 08 May, 2019
പൂരശോഭ കെടില്ല,​ ആരോഗ്യമുള്ള എല്ലാ ആനകളെയും വിട്ടു നല്‍കുമെന്ന് ഗുരുവായൂര്‍ ദേവസ്വം: ആന ഉടമകളുടെ പിടിവാശി നടക്കില്ല

തൃശൂര്‍: തൃശൂര്‍ പൂരത്തിന് ആരോഗ്യമുള്ള എല്ലാ ആനകളെയും വിട്ടു നല്‍കുമെന്ന് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് പറഞ്ഞു. നേരത്തെ മേയ് 11 മുതല്‍ ഉത്സവങ്ങള്‍ക്കും പൊതുപരിപാടികള്‍ക്കും ആനകളെ നല്‍കില്ലെന്ന ആന ഉടമകളുടെ സംഘടന തീരുമാനമെടുത്തിരുന്നു. അതേസമയം,​ തീരുമാനത്തില്‍ നിന്ന് ഉടമകള്‍ പിന്‍മാറണമെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍ ആവശ്യപ്പെട്ടു. ആന ഉടമകളുടെ തീരുമാനം നിര്‍ഭാഗ്യകരമെന്നും,​ വിലക്കും പൂരവുമായി ബന്ധമില്ലെന്നും മന്ത്രി പ്രമുഖ മാദ്ധ്യമത്തോട് പറ‌ഞ്ഞു.

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് ഉത്സവങ്ങള്‍ക്ക് പങ്കെടുക്കാന്‍ വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ചാണ് മേയ് 11 മുതല്‍ ഉത്സവങ്ങള്‍ക്കും പൊതുപരിപാടികള്‍ക്കും ആനകളെ നല്‍കില്ലെന്ന് ആന ഉടമകളുടെ സംഘടന പ്രഖ്യാപിച്ചത്. തൃശൂര്‍ പൂരത്തിന് മറ്റ് ആനകളെയും വിട്ടു നല്‍കില്ല. ഉടമകള്‍ ആനക്കള പീഡിപ്പിച്ച്‌ കോടികള്‍ ഉണ്ടാക്കുന്നുവെന്ന വനം മന്ത്രിയുടെ പ്രസ്താവന പ്രതിഷേധാര്‍ഹമാണെന്നും സംഘടന വ്യക്തമാക്കിയിരുന്നു.

കേരള എലിഫെന്റ് ഓണേഴ്‌സ് ഫെഡറേഷന്റെ നേതൃത്വത്തിലാണ് തീരുമാനം. മന്ത്രിതലയോഗത്തിലെ തീരുമാനം സര്‍ക്കാര്‍ അട്ടിമറിച്ചെന്നും ഡോക്‌ടര്‍മാരെ പോലും ഭീഷണിപ്പെടുത്തി ആനയ്‌ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കാതെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തുന്ന ഗൂഡാലോചനയാണിതെന്നും ഫെഡറേഷന്‍ പ്രതിനിധികള്‍ ആരോപിച്ചു. വനംവകുപ്പ് മന്ത്രിയും ഇതിന് കൂട്ടുനില്‍ക്കുകയാണ്. പിന്നില്‍ വന്‍ഗൂഡാലോചനയുണ്ട്. അത് മന്ത്രി തന്നെ വ്യക്തമാക്കണമെന്നും വാര്‍ത്താ സമ്മേളനത്തില്‍ പ്രതിനിധികള്‍ ആവശ്യപ്പെട്ടു. ഉത്സവം നാടിന്റെ ആഘോഷമാണ്. ഉടമകള്‍ക്ക് കാശുണ്ടാക്കുന്നതിനുള്ള മാര്‍ഗം മാത്രമല്ല ആനയെന്നും തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്ക് പിന്‍വലിക്കും വരെ ബഹിഷ്‌കരണം തുടരുമെന്നും സംഘടന പറഞ്ഞു.

അതേസമയം, തൃശൂര്‍ പൂരം സംബന്ധിച്ച്‌ ഉണ്ടായിട്ടുള്ള പ്രശ്‌നം എല്ലാവരോടും കൂടിയാലോചിച്ച്‌ പരിഹരിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. പൂരത്തില്‍ നിന്ന് ആനയുടമകള്‍ മാറിനില്‍ക്കുമെന്ന് കരുതുന്നില്ല. ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും അവര്‍ അത് മനസിലാക്കുമെന്ന് കരുതുന്നതായും മന്ത്രി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക