Image

ശബരിമല സ്ത്രീ പ്രവേശനം: വിശ്വാസികളെ രാഷ്ട്രീയമായി മുതലെടുത്തുവെന്ന് ആക്ഷേപം, സോഷ്യല്‍ മീഡിയയില്‍ പോര് മുറുകുന്നു

Published on 08 May, 2019
ശബരിമല സ്ത്രീ പ്രവേശനം: വിശ്വാസികളെ രാഷ്ട്രീയമായി മുതലെടുത്തുവെന്ന് ആക്ഷേപം, സോഷ്യല്‍ മീഡിയയില്‍ പോര് മുറുകുന്നു

തിരുവനന്തപുരം: ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിക്കണമെന്നാണ് തങ്ങളുടെ അഭിപ്രായമെന്നും ഇത് സംബന്ധിച്ച സുപ്രീം കോടതി വിധി തെറ്റായി നടപ്പിലാക്കിയതാണ് തങ്ങള്‍ എതിര്‍ത്തതെന്നും ഹിന്ദു ഐക്യവേദി നേതാവ് ആര്‍.വി.ബാബു. സ്ത്രീ പ്രവേശനം അടക്കമുള്ള ഏത് ആചാരമാറ്റവും നടത്താമെന്നാണ് സംഘത്തിന്റെ അഭിപ്രായമെന്നും അദ്ദേഹം ഒരു കമന്റില്‍ കുറിച്ചു. ശബരിമല പ്രക്ഷോഭത്തില്‍ വിശ്വാസികളുടെ വികാരം മുതലെടുത്ത് ചിലര്‍ രാഷ്ട്രീയ നേട്ടമുണ്ടാക്കിയെന്ന ആരോപണങ്ങള്‍ക്കിടയിലാണ് ആര്‍.വി.ബാബുവിന്റെ ആരോപണവും രംഗത്തെത്തിയത്.

അതേസമയം, ശബരിമല വിഷയത്തില്‍ ആര്‍.എസ്.എസിലെ ഒരു വിഭാഗവും റെഡി ടു വെയിറ്റ് ക്യാംപയിനുകാരും തമ്മിലുള്ള തര്‍ക്കം രൂക്ഷമായിട്ടുണ്ട്. ആര്‍.എസ്.എസിലെ ഒരു വിഭാഗം ശബരിമലയില്‍ ആചാര മാറ്റങ്ങള്‍ വേണമെന്ന് ആവശ്യപ്പെടുന്നവരാണെന്നും ശബരിമല വിഷയം തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള അടവ് നയം മാത്രമാണെന്നുമാണ് റെഡി ടു വെയിറ്റും ഇവര്‍ക്ക് പിന്തുണ നല്‍കുന്ന ആചാര സംരക്ഷണ വിഭാഗവും ആരോപിക്കുന്നത്. ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന് ഇപ്പോള്‍ സമര രംഗത്തുള്ള ബി.ജെ.പി നേതാക്കള്‍ വരെ പരസ്യമായി ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ എല്ലാകാലത്തും ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടവരാണ് തങ്ങളെന്ന് റെഡി ടു വെയിറ്റ് പ്രവര്‍ത്തകര്‍ പറയുന്നു. വിധിക്ക് പിന്നാലെ വിഷയത്തില്‍ ആര്‍.എസ്.എസ് ഇടപെട്ടതോടെ ശബരിമല പ്രക്ഷോഭത്തിന് ഏകീകൃത സ്വഭാവം കൈവന്നെങ്കിലും മുഖ്യമന്ത്രി പിണറായി വിജയനെയും സി.പി.എമ്മിനെയും എതിര്‍ക്കുന്നതിനും തിരഞ്ഞെടുപ്പില്‍ വോട്ട് തേടുന്നതിനും വേണ്ടി മാത്രമുള്ള വിഷയമാക്കി ഇതിനെ മാറ്റിയെന്നാണ് ഇവരുടെ ആക്ഷേപം. ആചാരങ്ങള്‍ സംരക്ഷിക്കുന്നതിനേക്കാള്‍ ശബരിമലയില്‍ യുവതീ പ്രവേശനമുണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് ബി.ജെ.പി ശ്രമിച്ചതെന്നും ഇക്കൂട്ടര്‍ ആരോപിക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക