Image

പി.വി.എസ് ആശുപത്രി വാങ്ങാന്‍ ചര്‍ച്ച നടത്തിയിട്ടില്ലെന്ന് ലിസി മാനേജ്‌മെന്റ്; കുറഞ്ഞ ചിലവില്‍ ചികിത്സ ഉറപ്പാക്കുമോ എന്ന ചോദ്യത്തിന് മറുപടിയില്ല

Published on 08 May, 2019
പി.വി.എസ് ആശുപത്രി വാങ്ങാന്‍ ചര്‍ച്ച നടത്തിയിട്ടില്ലെന്ന് ലിസി മാനേജ്‌മെന്റ്; കുറഞ്ഞ ചിലവില്‍ ചികിത്സ ഉറപ്പാക്കുമോ എന്ന ചോദ്യത്തിന് മറുപടിയില്ല

കൊച്ചി: എറണാകുളത്തെ പി.വി.എസ് ആശുപത്രി വാങ്ങാന്‍ എറണാകുളം അങ്കമാലി അതിരൂപത സ്ഥാപനമായ ലിസി ആശുപത്രി മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്നും നീക്കം നടത്തിയിട്ടില്ലെന്ന് മാനേജ്‌മെന്റിന്റെ പ്രസ്താവന. പി.വി.എസ് ആശുപത്രി വാങ്ങാന്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന വിധത്തില്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത തികച്ചും വാസ്തവ വിരുദ്ധമാണെന്ന് ലിസി ആശുപത്രി പി.ആര്‍.ഒ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

അറുപത്തിമൂന്നു വര്‍ഷമായി ഗുണമേന്മയുള്ളതും സാധാരണക്കാര്‍ക്ക് പ്രാപ്യവുമായ ആരോഗ്യപരിചരണം നല്‍കി വരുന്ന സ്ഥാപനമാണ് എറണാകുളത്തെ ലിസി ആശുപത്രി. സാധാരണക്കാര്‍ക്ക് അവരുടെ ഏതു രോഗങ്ങള്‍ക്കും ഏറ്റവും പ്രാപ്യമായ നിരക്കില്‍ ഗുണമേന്മയുള്ള ശുശ്രൂഷ ലഭിക്കുന്ന സ്ഥാപനമായ ലിസി ആശുപത്രി അതിന്റെ തനിമക്ക് യാതൊരു കോട്ടവും കൂടാതെ എറണാകുളം നഗരത്തില്‍ അതിന്റെ ശുശ്രൂഷ തുടരും എന്ന കാര്യത്തില്‍ ആരും സംശയിക്കേണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ സമരത്തിനു പിന്നില്‍ വില്‍പ്പനയ്ക്കുള്ള സമ്മര്‍ദ്ദതന്ത്രമാണെന്നും അതിനു പിന്നില്‍ ഒരു വൈദികനുള്‍പ്പെടെയുള്ളവര്‍ ഉണ്ടെന്നും ഇവരുടെ ലക്ഷ്യം കോടികളുടെ കമ്മീഷനിലും സഭാ ആശുപത്രിയുടെ കോര്‍പറേറ്റ് വത്കരണത്തിലുമാണെന്ന് ചൂണ്ടിക്കാട്ടി ാണ്‍ലൈന്‍ മാധ്യമങ്ങള്‍ ഇന്നലെ വാര്‍ത്ത നല്‍കിയിരുന്നു. ഇതിനുപിന്നലെയാണ് ഇന്നലെ ലിസി ആശുപത്രിയില്‍ ചേര്‍ന്ന അടിയന്തര യോഗത്തില്‍ പി.വി.എസ് വാങ്ങല്‍ തത്ക്കാലം നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചത്. പി.വി.എസ് ആശുപത്രിയിലെ ഡോക്ടര്‍മാരെയും ജീവനക്കാരെയും സമരത്തിലേക്ക് വലിച്ചിഴച്ചതിന് പിന്നില്‍ പ്രവര്‍ത്തിച്ച ഒരു സംഘം ഡോക്ടര്‍മാര്‍ ലിസി ആശുപത്രിയിലേക്ക് ചേക്കേറാന്‍ തയ്യാറെടുക്കുന്നതായും റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

അതിനിടെ, ലിസി മാനേജ്‌മെന്റിന്റെ നിലപാടിനെ ന്യായീകരിച്ച് ചില വൈദികരും രംഗത്തെത്തി. മികച്ച ഡോക്ടര്‍മാര്‍ ലിസിയിലേക്ക് വരുന്നതും മികച്ച ചികിത്സ കുറഞ്ഞ നിരക്കില്‍ നടത്താന്‍ കഴിയുന്നതും ചില ആശുപത്രികള്‍ ഭയപ്പെടുന്നു. അതാണ് ലിസിക്കെതിരെയുള്ള വികാരം. മറ്റു വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും അവര്‍ പറയുന്നു. ''പി. വി.എസ് പ്രതിസന്ധിയിലായിട്ട് രണ്ടു വര്‍ഷമായി. ചില ബ്രോക്കേഴ്‌സ് ലിസി ഡയറക്ടറെ സമീപിച്ചിരുന്നു. നാം അത്തരത്തില്‍ ചിന്തിക്കുന്നില്ല എന്ന് മറുപടി നല്‍കി. പക്ഷെ ലിസിയില്‍ ഓങ്കോളജി വിഭാഗത്തിന്റെ പണി കഴിഞ്ഞു വരുന്നു. അതു പൂര്‍ത്തിയാകുമ്പോള്‍ നമുക്ക് നല്ല ഡോക്ടഴ്‌സിനെ ആവശ്യമായി വരും. അത്തരം ചില ഡോക്ടഴ്‌സ് ഇപ്പോള്‍ പി.വി.എസ്സിലുണ്ട്. അവരൊക്കെ ലിസിയില്‍ വന്നാല്‍  ലിവര്‍ ട്രാന്‍സ്പ്ലാന്റേഷന്‍ തുടങ്ങിയവ നാം മറ്റേതു ആശുപത്രിയേക്കാളും കുറവായ റേറ്റില്‍ നടത്താനും പറ്റും. അതിനെ ചില ആശുപത്രികള്‍ ഭയപ്പെടുന്നു. അതാണ് ലിസിക്കെതിരെയുള്ള വികാരം. മറ്റുള്ള വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണ് '' ഈ വൈദികര്‍ പറയുന്നു.

എന്നാല്‍, ലിസി ആശുപത്രി കോര്‍പറേറ്റ് വത്കരിക്കില്ലെന്നും രോഗികള്‍ക്ക് കുറഞ്ഞ ചെലവില്‍ ചികിത്സ നല്‍കാമെന്നും പരസ്യമായി പ്രഖ്യാപിക്കാനും നടപ്പാക്കാനും മെത്രാന്മാരും ലിസി ഡയറക്ടറും തയ്യാറാണോ എന്ന ചോദ്യത്തോട് പ്രതികരിക്കാന്‍ ഒരു വൈദികനും തയ്യാറായില്ല.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക