Image

വൈദ്യുതിമുടക്കം: മധുര ഗവണ്‍മെന്റ്‌ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കഴിഞ്ഞിരുന്ന അഞ്ചു രോഗികള്‍ മരിച്ചു

Published on 09 May, 2019
വൈദ്യുതിമുടക്കം: മധുര ഗവണ്‍മെന്റ്‌ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കഴിഞ്ഞിരുന്ന അഞ്ചു രോഗികള്‍ മരിച്ചു


മധുര രാജാജി സര്‍ക്കാര്‍ ആശുപത്രിയില്‍ വൈദ്യുതി മുടങ്ങിയതിനെ തുടര്‍ന്ന്‌ ജീവന്‍രക്ഷാസംവിധാനമായ വെന്റിലേറ്ററില്‍ കഴിഞ്ഞിരുന്ന അഞ്ചു രോഗികള്‍ മരിച്ചു. സംഭവത്തെ തുടര്‍ന്ന്‌ സര്‍ക്കാര്‍ ആശുപത്രിക്കെതിരെ പ്രതിഷേധം കനക്കുകയാണ്‌.

നടപടിയെടുക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ബന്ധുക്കള്‍ ആശുപത്രി ഉപരോധിച്ചു. വൈദ്യുതി വിതരണം മുടങ്ങിയ സമയത്ത്‌ വെന്റിലേറ്റര്‍ പ്രവര്‍ത്തനരഹിതമായതിനാലാണ്‌ രോഗികള്‍ മരിച്ചതെന്ന്‌ ആരോപിച്ചായിരുന്നു ബന്ധുക്കളുടെ പ്രതിഷേധം.

അതേസമയം, ബന്ധുക്കളുടെ ആരോപണം ആശുപത്രി അധികൃതര്‍ നിഷേധിച്ചു. ജനറേറ്റര്‍ തകരാറിലായിരുന്നെങ്കിലും ബാറ്ററി ഉപയോഗിച്ച്‌ വെന്റിലേറ്റര്‍ പ്രവര്‍ത്തിപ്പിച്ചിരുന്നുവെന്നാണ്‌ ആശുപത്രി അധികൃതര്‍ നല്‍കുന്ന വിശദീകരണം. എന്നാല്‍, ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന്‌ സംംഭവത്തില്‍ പോലീസ്‌ അന്വേഷണം ആരംഭിച്ചു.

`കനത്തെ മഴയെ തുടര്‍ന്ന്‌ ചൊവ്വാഴ്‌ച വൈകീട്ട്‌ 6.20-നും 7.20-നും ഇടയിലാണ്‌ വൈദ്യുതി മുടക്കമുണ്ടായത്‌. ജനറേറ്റര്‍ പ്രവര്‍ത്തിക്കാതിരുന്നതിനാല്‍ ആശുപത്രി വാര്‍ഡുകളില്‍ വെളിച്ചമുണ്ടായിരുന്നില്ല. എന്നാല്‍, ബാറ്ററിയില്‍ വെന്റിലേറ്റര്‍ പ്രവര്‍ത്തിപ്പിച്ചിരുന്നു'- ആശുപത്രിയിലെ ഡോ. കെ. വനിത പറഞ്ഞു.

മരിച്ച അഞ്ചുപേരില്‍ മധുര മേലൂര്‍ സ്വദേശിനി മല്ലിക (55), വിരുദുനഗര്‍ ശ്രീവില്ലിപ്പൂത്തുര്‍ സ്വദേശി രവിചന്ദ്രന്‍ (55), ദിണ്ടിഗല്‍ ഒട്ടന്‍ഛത്രം സ്വദേശിനി പഴനിയമ്മാള്‍ (60) എന്നിവരുടെ ബന്ധുക്കളാണ്‌ ആശുപത്രി ഉപരോധിച്ചത്‌. എന്നാല്‍, ഈ മൂന്നു രോഗികളും നേരത്തേ തന്നെ ഗുരുതരാവസ്ഥയിലായിരുന്നെന്ന്‌ ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക