Image

തോമസ് ഐസക്കിനെതിരെ ശ്രീധരന്‍ പിള്ള നിയമനടപടിക്ക്; മന്ത്രി മാപ്പ് പറയണമെന്ന് ആവശ്യം

Published on 09 May, 2019
തോമസ് ഐസക്കിനെതിരെ ശ്രീധരന്‍ പിള്ള നിയമനടപടിക്ക്; മന്ത്രി മാപ്പ് പറയണമെന്ന് ആവശ്യം

തിരുവനന്തപുരം: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് തനിക്കെതിരെ ആരോപണം ഉന്നയിച്ച മന്ത്രി തോമസ് ഐസക്കിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള നിയമനടപടിക്ക്. അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ച മന്ത്രി മാപ്പ് പറയണം. അല്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

ചെയ്യാത്ത കുറ്റത്തിന് തന്നെ ക്രൂശിക്കുകയായിരുന്നു. കേരളത്തിലെ ദേശീയ പാതാ വികസനം മരവിപ്പിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിന് പിന്നില്‍ ശ്രീധരന്‍ പിള്ളയാണെന്ന് ധനമന്ത്രി തോമസ് ഐസക് ആരോപിച്ചിരുന്നു. ഇതിനെതിരെയാണ് ബിജെപി അധ്യക്ഷന്‍ രംഗത്തുവന്നിരിക്കുന്നത്. ഭൂമി ഏറ്റെടുക്കല്‍ തടയാന്‍ ശ്രീധരന്‍ പിള്ള കേന്ദ്രത്തിന് അയച്ച കത്തും മന്ത്രി പുറത്തുവിട്ടിരുന്നു. എന്നാല്‍ ആരോപണം ശ്രീധരന്‍ പിള്ള നിഷേധിച്ചു. യഥാര്‍ഥ പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ് മന്ത്രിയുടെ ശ്രമമെന്നും കേരളത്തെ മുന്‍ഗണനാ പട്ടികയില്‍ നിന്ന് കേന്ദ്രം നീക്കിയത് തന്റെ കത്തിന്റെ പേരില്‍ അല്ലെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

അതേസമയം, ദേശീയപാത വികസനത്തിന്റെ മുന്‍ഗണനാ പട്ടികയില്‍ നിന്ന് കേരളത്തെ ഒഴിവാക്കിയ വിജ്ഞാപനം റദ്ദാക്കി. കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയാണ് ഇക്കാര്യം അറിയിച്ചത്. കേരളത്തിലെ റോഡ് വികസന പ്രവര്‍ത്തനങ്ങള്‍ ഒന്നാം പട്ടിക പ്രകാരം തുടരുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. സംസ്ഥാന ബിജെപി നേതാക്കളും കേന്ദ്രസര്‍ക്കാരും ചേര്‍ന്ന് കേരളത്തിന്റെ ദേശീയ പാതാ വികസനം തടസ്സപ്പെടുത്തിയെന്ന് കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി തോമസ് ഐസകും ആരോപിച്ചതിന് പിന്നാലെയാണ് കേന്ദ്രമന്ത്രി വിഷയത്തില്‍ ഇടപെട്ടത്. കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം വിഷയം നിതിന്‍ ഗഡ്കരിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. തുടര്‍ന്നാണ് വിജ്ഞാപനം റദ്ദാക്കിയത്.

കേന്ദ്രസര്‍ക്കാരിനും സംസ്ഥാന ബിജെപി നേതൃത്വത്തിനുമെതിരെ ശക്തമായ ഭാഷയിലാണ് കഴിഞ്ഞദിവസം മുഖ്യമന്ത്രി രംഗത്തുവന്നത്. കേരളത്തിലെ ദേശീയ പാതാ വികസനം തടസ്സപ്പെടുത്തണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കേന്ദ്രമന്ത്രിക്ക് അയച്ച കത്ത് പുറത്തുവന്നത് ഞെട്ടിക്കുന്ന കാര്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക