Image

കേന്ദ്ര നടപടി സ്വാഗതം ചെയ്യുന്നു; കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ കൈകോര്‍ത്താല്‍ മാത്രമേ ദേശീയപാത വികസനം സാധ്യമാവൂ: ജി സുധാകരന്‍

Published on 09 May, 2019
കേന്ദ്ര നടപടി സ്വാഗതം ചെയ്യുന്നു; കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ കൈകോര്‍ത്താല്‍ മാത്രമേ ദേശീയപാത വികസനം സാധ്യമാവൂ: ജി സുധാകരന്‍

ആലപ്പുഴ : കേരളത്തിലെ ദേശീയപാത വികസനം ദേശീയപാത അതോറിറ്റിയുടെ മുന്‍ഗണനാ പട്ടികയില്‍ നിന്നും ഒഴിവാക്കിയ നടപടി റദ്ദാക്കിയെന്ന് മാധ്യമ വാര്‍ത്തകളില്‍ നിന്ന് അറിയുന്നതായും, വാര്‍ത്ത ശരിയെങ്കില്‍ അതിനെ സ്വാഗതം ചെയ്യുന്നതായും മന്ത്രി ജി സുധാകരന്‍ പറഞ്ഞു. മുന്‍ഗണനാ പട്ടികയില്‍ നിന്നും കേരളത്തിലെ ദേശീയപാതയെ ഒഴിവാക്കിയപ്പോള്‍ തന്നെ ദേശീയപാത വികസനത്തില്‍ ഏറെ മുന്നേറിയ കേരളത്തെ മുന്‍ഗണനാ പട്ടികയില്‍ നിന്നും ഒഴിവാക്കിയ നടപടി റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പുമന്ത്രിക്കും, ദേശീയപാത അതോറിറ്റി ചെയര്‍മാനും കത്തയച്ചിരുന്നു. മുഖ്യമന്ത്രി ഇതേ ആവശ്യം ഉന്നയിച്ച്‌ നിധിന്‍ ഗഡ്കരിയുമായി സംസാരിച്ചിരുന്നു. ഇക്കാര്യം സംബന്ധിച്ച്‌ കേന്ദ്ര സര്‍ക്കാരില്‍ നിന്നോ ദേശീയപാത അതോറിറ്റിയില്‍ നിന്നോ ഔദ്യോഗിക അറിയിപ്പുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല- മന്ത്രി പറഞ്ഞു.

കേന്ദ്രþസംസ്ഥാന സര്‍ക്കാരുകള്‍ കൈകോര്‍ത്ത് പിടിച്ചാല്‍ മാത്രമേ ദേശീയപാത വികസനം സാധ്യമാവുകയുള്ളൂ. 3എ വിഞ്ജാപനം പുറപ്പെടുവിച്ച എല്ലാ റീച്ചുകളിലും ദേശീയപാത അതോറിറ്റിക്ക് ടെണ്ടര്‍ വിളിക്കാവുന്നതാണ്. അങ്ങനെയാണെങ്കില്‍ രണ്ടുവര്‍ഷം കൊണ്ട് ദേശീയപാത വികസനം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉറപ്പു നല്‍കുന്നതായും മന്ത്രി അറിയിച്ചു.

കേരളത്തിന്റെ ദേശീയപാത വികസനം തടസ്സപ്പെടുന്ന നില വന്നപ്പോള്‍ കേരളത്തിലെ ജനങ്ങളുടെ താല്‍പര്യങ്ങള്‍ക്കൊപ്പം നിലകൊണ്ട വാര്‍ത്താ മാധ്യമങ്ങളെയും മന്ത്രി അഭിനന്ദിച്ചു. എഡിറ്റോറിയല്‍ ഉള്‍പ്പെടെ എഴുതി കേരള സര്‍ക്കാരിന്റെയും ജനങ്ങളുടെയും നിലപാടുകള്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തി പരിഹാരം കാണാനും വാര്‍ത്താ മാധ്യമങ്ങളും സഹായിച്ചു. കേരളത്തിന്റെ വികസന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാടുകള്‍ക്കുളള അംഗീകാരമായി ഇതിനെ കാണുന്നുവെന്നും ജി സുധാകരന്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക