Image

ബിസിനസ് പിടിക്കാന്‍ അമേരിക്ക ഇന്ത്യയിലേക്കു പോകുമ്പോള്‍(പകല്‍ക്കിനാവ് 147 : ജോര്‍ജ് തുമ്പയില്‍ )

ജോര്‍ജ് തുമ്പയില്‍ Published on 09 May, 2019
  ബിസിനസ് പിടിക്കാന്‍ അമേരിക്ക ഇന്ത്യയിലേക്കു പോകുമ്പോള്‍(പകല്‍ക്കിനാവ് 147 : ജോര്‍ജ് തുമ്പയില്‍ )
ഒരു നൂറ്റാണ്ടു മുന്‍പു വരെ ഇന്ത്യക്കാര്‍ തൊഴില്‍-ബിസിനസ്സ് അവസരങ്ങള്‍ തേടി അമേരിക്കയുടെ കാല്‍ക്കീഴില്‍ കാത്തുകെട്ടി കിടന്ന ഒരു കാലമുണ്ടായിരുന്നു. അമേരിക്ക എന്ന ആഡംബരലോകം  മൂന്നാം ലോകരാജ്യങ്ങളിലെ ജനങ്ങള്‍ക്ക് കിട്ടാക്കനിയായിരുന്നു. പ്രത്യേകിച്ച് ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക്. എന്നാലിന്ന് കഥ മാറുകയാണ്. അമേരിക്കയിലേക്ക് ബിസിനസ് കൊണ്ടു വരാനായി ഇവിടുത്തെ സംസ്ഥാന പരമാധികാരി തന്നെ ഇന്ത്യ സന്ദര്‍ശിക്കുന്നു. ഇന്ത്യക്കാരെ ബിസിനസ് പ്രലോഭനങ്ങളില്‍ അമേരിക്കയിലേക്ക് ആകര്‍ഷിക്കുകയാണ് ഉദ്ദേശം. ന്യൂജേഴ്‌സി ഗവര്‍ണര്‍ ഫില്‍ മര്‍ഫിയാണ് ഗാര്‍ഡന്‍ സിറ്റിയെ പ്രതിനിധീകരിച്ച് ഇന്ത്യ സന്ദര്‍ശിക്കുന്നത്. ഡല്‍ഹി, ഹൈദരാബാദ്, ബംഗളൂരു, മുംബൈ, അഹമ്മദാബാദ് എന്നീ അഞ്ച് നഗരങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട വ്യാപാര പ്രമുഖരെയാണ് മര്‍ഫി സായിപ്പ് കാണുന്നത്. കഴിഞ്ഞവര്‍ഷം ജര്‍മ്മനിയിലേക്കും ഇസ്രയേലിലേക്കും അദ്ദേഹം ഇത്തരത്തില്‍ യാത്ര നടത്തിയിരുന്നു. ഇവിടെ നിന്നും കാര്യമായ വാണിജ്യവ്യവസായങ്ങളെ ന്യൂജേഴ്‌സിയിലേക്ക് ആകര്‍ഷിക്കാന്‍ കഴിഞ്ഞുവത്രേ. അതിന്റെ ചുവടു പിടിച്ചാണ് ഉപഭോക്തൃരാജ്യമെന്നു പുകള്‍പെറ്റ ഇന്ത്യയെആകര്‍ഷിക്കാനായി പോകുന്നത്. മുന്‍ ഗവര്‍ണര്‍ ക്രിസ് ക്രിസ്റ്റിയുടെ കാലത്ത് ഇത്തരം നീക്കങ്ങള്‍ നടത്തിയിരുന്നുവെങ്കിലും അദ്ദേഹം ഇരിക്കുന്ന കസേര വിട്ട് എഴുന്നേറ്റിരുന്നില്ല. ഇപ്പോഴത്തെ ഇന്ത്യ സന്ദര്‍ശനത്തിനു പുറമേ വിദേശ വ്യവസായങ്ങള്‍ സംസ്ഥാനത്തേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായി ഈ വര്‍ഷം തന്നെ ഉന്നതാധികാര ടീമിനെ അയര്‍ലന്‍ഡിലേക്കും അദ്ദേഹം അയയ്ക്കുന്നുണ്ട്. എന്നാല്‍ ഗവര്‍ണര്‍ മര്‍ഫിയുടെ ബിസിനസ് സന്ദര്‍ശനത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ സുരക്ഷയ്ക്കു വേണ്ടി ചെലവഴിക്കേണ്ടി വരുന്നതു വന്‍ തുകയാണെന്ന ആക്ഷേപവും സംസ്ഥാനത്തു നിന്നു തന്നെ ഉയരുന്നുണ്ട്. കഴിഞ്ഞ ജര്‍മനി- ഇസ്രയേല്‍ യാത്രയില്‍ ഇത്തരത്തില്‍ ലക്ഷക്കണക്കിനു ഡോളറാണത്രേ ചെലവഴിക്കേണ്ടി വന്നത്. അതു കൂടുതല്‍ നികുതി തീരുമാനങ്ങളിലേക്ക് സംസ്ഥാനത്തെ വലിച്ചിഴയ്ക്കുമോയെന്നു നികുതിദായകര്‍ സംശയിക്കുന്നുണ്ട്. മാസങ്ങള്‍ക്ക് മുന്‍പ് ഗവര്‍ണര്‍ മര്‍ഫി കാലിഫോര്‍ണിയയിലെ നിരവധി ടിവി ചാനലുകളുമായും സിനിമ എക്‌സിക്യൂട്ടീവുമായും സംസാരിച്ചതിനെ തുടര്‍ന്ന് ഇപ്പോള്‍ ന്യൂജേഴ്‌സിയില്‍ നിരവധി ഷൂട്ടിങ്ങുകളും അതുവഴി വരുമാനസാധ്യതയും പുരോഗമിക്കുന്നുണ്ട്. ഇക്കഴിഞ്ഞ മാസം ഒരു സിനിമയുടെയും ഒരു ടിവി ഷോയുടെയും ഷൂട്ടിങ് ന്യൂവാര്‍ക്കില്‍ നടന്നു.

ഇപ്പോള്‍ ഗവര്‍ണര്‍ മര്‍ഫിയുടെ ഇന്ത്യന്‍ സന്ദര്‍ശന കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടിട്ടില്ലെങ്കിലും അത് ഉടനെ ഉണ്ടാകുമെന്ന കാര്യത്തില്‍ ഉറപ്പാണ്. അമേരിക്കയിലേക്ക് ബിസിനസ് വിസ കാത്തു നില്‍ക്കുന്നവരില്‍ ഇന്ത്യക്കാരുടെ വന്‍ വര്‍ദ്ധനയാണ് ന്യൂജേഴ്‌സി ഗവര്‍ണറെ ഇക്കാര്യത്തില്‍ പ്രേരിപ്പിച്ചതെന്നും കരുതണം. എന്നാല്‍ ഇതല്ലാതെ മറ്റെന്തെങ്കിലും കാര്യവുമായി ഇതിനു വല്ല ബന്ധവുമുണ്ടോ എന്നു ചരിത്രകാരന്മാര്‍ സംശയം പ്രകടിപ്പിച്ചാല്‍ അതത്ര വാസ്തവമൊന്നുമില്ല. 2,800 വര്‍ഷത്തോളം ആദിമ അമേരിക്കന്‍ ഇന്ത്യന്‍ നിവാസികള്‍ ഇവിടെ വസിച്ചിരുന്നുവെന്നത് നേരാണ്. 1600കളുടെ ആദ്യസമയത്ത് സ്വീഡനും ഡച്ചുമാണ് ഇവിടെ ആദ്യമായി യൂറോപ്യന്‍ കോളനികള്‍ സ്ഥാപിച്ചത്. ഇംഗ്ലീഷുകാര്‍ പിന്നീട് ഇവിടുത്തെ അധികാരം പിടിച്ചെടുത്തു. ആ നിലയ്ക്ക് ഇംഗ്ലീഷുകാരെയാണ് ബിസിനസ്സ് ചെയ്യാനായി ഇവിടേക്ക് ക്ഷണിക്കേണ്ടതെങ്കിലും ഇരിക്കാന്‍ അവസരം കൊടുത്താല്‍ തറ വരെ മാന്തിക്കൊണ്ടു പോകുന്നവരാണ് ഇക്കൂട്ടര്‍ എന്ന ചരിത്രോദാഹരണങ്ങള്‍ മതിയാവും മിസ്റ്റര്‍ മര്‍ഫിയെ മാറി ചിന്തിപ്പിക്കാന്‍ പ്രേരിപ്പിച്ചത്. അതു കൊണ്ട് അദ്ദേഹം അയര്‍ലന്‍ഡിലേക്കു പോലും പോകുന്നില്ല. യൂറോപ്പില്‍ ചെന്നപ്പോള്‍ വേണമെങ്കില്‍ പൂര്‍വ്വചിന്തയില്‍ യുകെയെങ്കിലും ഒന്നു സന്ദര്‍ശിക്കാമായിരുന്നുവെങ്കിലും അതിനു പോലും അദ്ദേഹം തുനിഞ്ഞില്ലെന്നും ഈ നിലയ്ക്ക് വായിക്കണം. അതിനേക്കാള്‍ രസകരമാണ് ഫ്രഞ്ചുകാരുമായുള്ള നിലവിലെ പ്രതിസന്ധി. അമേരിക്കയുടെ സിംബലെന്നു വിശേഷിപ്പിക്കുന്ന 'സ്റ്റാച്യു ഓഫ് ലിബര്‍ട്ടി' സ്ഥാപിച്ചു നല്‍കിയത് ഫ്രഞ്ചുകാരാണ്. അതൊക്കെ ശരി തന്നെ ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മക്രോണും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും തമ്മിലുള്ള ശീതസമരം ഇന്നു ലോകമെങ്ങും ചര്‍ച്ചാവിഷയമാണ്. രണ്ടാം ലോക മഹായുദ്ധത്തിന്റെ മുറിവുകള്‍ ഇപ്പോഴും സൂക്ഷിക്കുന്നതു കൊണ്ട് ടോക്കിയോയിലേക്ക് ഒരു പോക്കും അസാധ്യമായിരിക്കുന്നു. ആ നിലയ്ക്ക് ഉപോത്പന്ന ബിസിനസ്സിലാണ് മര്‍ഫി ഗവര്‍ണറുടെ കണ്ണ്. അടുത്ത വര്‍ഷം ജപ്പാനില്‍ നടക്കുന്ന ഒളിംപിക്‌സിലേക്ക് എങ്ങനെ കാര്യമായ സ്വാധീനം ചെലുത്താമെന്നും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ചിന്തിച്ചു കൂട്ടുന്നുണ്ട്. 

നാട്ടിലെ മുഖ്യമന്ത്രി പദവിക്കു തുല്യമാണ് ഇവിടുത്തെ ഗവര്‍ണര്‍ പദവി. നാട്ടില്‍ ഗവര്‍ണര്‍ നിയമിക്കുന്നത് കേന്ദ്രസര്‍ക്കാരാണല്ലോ, ഇവിടെ നാലു വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പില്‍ മത്സരിച്ചാണ് ഗവര്‍ണര്‍ സ്ഥാനത്ത് എത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇവിടെ വന്നു കാടിളക്കിപ്പോയെങ്കിലും മുഖ്യധാരയില്‍ ഒരു ചലനവും ഉണ്ടാക്കാനായിട്ടില്ല. ഇനി അതിനൊട്ടു കഴിയുകയുമില്ല. എന്നാല്‍ തത്തുല്യ പദവി വഹിക്കുന്ന ഗവര്‍ണര്‍ മര്‍ഫി ഇന്ത്യയിലെത്തുമ്പോള്‍ ഇന്ത്യ എത്രമാത്രം ശ്രദ്ധിക്കുന്നുവെന്നൊരു വ്യത്യാസമുണ്ട്.

ഇന്ന് അമേരിക്കയിലെ ജനസാന്ദ്രതയില്‍ ഒന്നാം സ്ഥാനത്തും വരുമാനത്തില്‍ രണ്ടാം സ്ഥാനത്തും നില്‍ക്കുന്ന സംസ്ഥാനമാണ് ന്യൂ ജേഴ്‌സി. എന്നാല്‍ അതൊന്നും വലിയനിലയ്ക്ക് ആശ്രയിക്കാവുന്നതല്ലെന്നും സ്ഥിരമായ നിക്ഷേപങ്ങളാണ് സംസ്ഥാനത്തിനു വേണ്ടതെന്നുമുള്ള ദീര്‍ഘവീക്ഷണം ഗവര്‍ണര്‍ മര്‍ഫിക്കുണ്ട്. അത് അദ്ദേഹത്തിന്റെ കാലിഫോര്‍ണിയ സന്ദര്‍ശത്തില്‍ ബോധ്യപ്പെടുകയും ചെയ്തു. അതു കൊണ്ടാവണം, അദ്ദേഹം ഇന്ത്യന്‍ വ്യവസായികളെ ലക്ഷ്യമിടുന്നത്. 

സാന്‍ഫ്രാന്‍സിസ്‌ക്കോയിലെ സിലിക്കണ്‍ വാലി പോലെ കംപ്യൂട്ടര്‍ അധിഷ്ഠിത വ്യവസായങ്ങളെ അദ്ദേഹം മീനിനെ നോക്കുന്ന പൂച്ചയെ പോലെ നോക്കുന്നു. ഇന്ത്യന്‍ സിലിക്കണ്‍ വാലിയിലേക്കുള്ള അദ്ദേഹത്തിന്റെ പോക്കും ആ നിലയ്ക്ക് കാണേണ്ടതുണ്ട്. മുന്‍പ് ഇന്ത്യക്കാരെന്നാല്‍ പരമപുച്ഛമായിരുന്ന വെള്ളക്കാരാണ് ഇപ്പോള്‍ ബിസിനസ്സിന്റെ വാതായനങ്ങള്‍ തേടി മൂന്നാം ലോക രാജ്യങ്ങളിലേക്ക് എത്തുന്നതെന്നും ശ്രദ്ധിക്കണം. ആ നിലയ്ക്ക് ഇന്ത്യക്കാര്‍ക്ക് കാര്യമായ പരിഗണന ന്യൂജേഴ്‌സിയില്‍ നിന്നും ഇനിയുള്ള കാലത്ത് കിട്ടാനുമിടയുണ്ട്. ഇതിനു പിന്നിലെ രാഷ്ട്രീയം കൂടി നാം കാണേണ്ടതുണ്ട്. പൊതുമേഖല യൂണിയനുകളും സംസ്ഥാന സര്‍ക്കാരും തമ്മില്‍ പതിറ്റാണ്ടുകളായി തുടരുന്ന ശീതസമരത്തെ മറികടക്കാന്‍ കൂടിയാണ് അദ്ദേഹത്തിന്റെ ഇന്ത്യന്‍ സന്ദര്‍ശനം കൊണ്ടു ലക്ഷ്യമിടുന്നത്. പെന്‍ഷന്‍, ഹെല്‍ത്ത് കെയര്‍ എന്നിവ വാഗ്ദാനം ചെയ്തിട്ടും കൊടുക്കാത്തതിന്റെ അമര്‍ഷത്തെ ഇന്ത്യന്‍ വ്യവസായികളുടെ രംഗപ്രവേശം എങ്ങനെ മറികടക്കുമെന്നും കാണേണ്ടിയിരിക്കുന്നു. അതിനുള്ള രാഷ്ട്രീയ ബുദ്ധി ഏതായാലും ഗവര്‍ണര്‍ ഫില്‍ മര്‍ഫിക്കുണ്ടെന്ന് കാലം തെളിയിച്ചിട്ടുണ്ട്.

  ബിസിനസ് പിടിക്കാന്‍ അമേരിക്ക ഇന്ത്യയിലേക്കു പോകുമ്പോള്‍(പകല്‍ക്കിനാവ് 147 : ജോര്‍ജ് തുമ്പയില്‍ )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക