Image

മൂന്നാമത് സീറോ മലബാര്‍ വാല്‍ത്സിംഗ്ഹാം തീര്‍ഥാടനം ജൂലൈ 20 ന്

Published on 10 May, 2019
മൂന്നാമത് സീറോ മലബാര്‍ വാല്‍ത്സിംഗ്ഹാം തീര്‍ഥാടനം ജൂലൈ 20 ന്

 
വാല്‍സിംഗ്ഹാം: യുകെയിലെ നസ്രത്ത് എന്നറിയപ്പെടുന്ന ഇംഗ്ലണ്ടിലെ പ്രമുഖ മരിയന്‍ പുണ്യ കേന്ദ്രമായ വാല്‍സിംഗ്ഹാമില്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന മൂന്നാമത് മരിയന്‍ തീര്‍ഥാടനം ജൂലൈ 20നു (ശനി) വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു. 

പതിനായിരത്തില്‍പ്പരം മരിയ ഭക്തരെ പ്രതീക്ഷിക്കുന്ന സീറോ മലബാര്‍ സഭയുടെ മൂന്നാമത് തീര്‍ഥാടനം ഈ വര്‍ഷം ഏറ്റെടുത്തു നടത്തുന്നത് ഈസ്റ്റ് ആംഗ്ലിയായിലെ പ്രമുഖ സീറോ മലബാര്‍ കുര്‍ബാന കേന്ദ്രവും, പ്രാര്‍ത്ഥനാ കൂട്ടായ്മ്മയിലും, ആത്മീയ നവീകരണ മേഖലകളിലും മാത്രുകയുമായ കോള്‍ചെസ്റ്റര്‍ സീറോ മലബാര്‍ കാത്തലിക് കമ്യൂണിറ്റിയാണ്. 

തീര്‍ഥാടനത്തിന്റെ വിജയത്തിനായി പ്രീസ്റ്റ് ഇന്‍ ചാര്‍ജ് ഫാ.തോമസ് പാറക്കണ്ടത്തിലും ഫാ.ജോസ് അന്ത്യാംകുളവും സംഘാടകര്‍ക്ക് നേതൃത്വം നല്‍കുന്നു. 

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാദ്ധ്യക്ഷനും യു കെ യിലെ മരിയന്‍ പ്രഘോഷണ തീര്‍ത്ഥാടനങ്ങള്‍ക്കും ശുശ്രുഷകള്‍ക്കും പ്രമുഖ നേതൃത്വം അരുളുകയും ചെയ്യുന്ന മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ആണ് വാല്‍സിംഗ്ഹാം തീര്‍ത്ഥാടനത്തിനും നായകത്വം വഹിക്കുന്നത്. തീര്‍ത്ഥാടന തിരുക്കര്‍മ്മങ്ങളില്‍ മുഖ്യ കാര്‍മ്മികനായ മാര്‍ ജോസഫ് സ്രാമ്പിക്കലിനോടൊപ്പം യു കെ യിലെ സീറോ മലബാര്‍ വികാരി ജനറാള്‍മാരും വൈദികരും ചേര്‍ന്ന് അര്‍പ്പിക്കുന്ന ആഘോഷപൂര്‍വ്വമായ വാല്‍സിങ്ങാം തീര്‍ത്ഥാടന സമൂഹ ബലി തീര്‍ത്ഥാടകര്‍ക്ക് അനുഗ്രഹീത ആല്മീയ ചൈതന്യം പകരും. ഈ മരിയോത്സവത്തിലെ പ്രമുഖമായ തീര്‍ത്ഥാടന പ്രദക്ഷിണം മരിയന്‍ സന്നിധേയത്തില്‍ മലയാളികളുടെ മാതൃഭക്തിവിശ്വാസസ്‌നേഹ പ്രഖ്യാപന മുഖരിതമാവും. 

കത്തോലിക്കാ ചരിത്രമൂറുന്ന യുറോപ്പിലെ ഏറ്റവും പുരാതനവും പ്രമുഖവുമായ മരിയന്‍ പുണ്യ കേന്ദ്രമായ വാല്‍സിംഗ്ഹാമില്‍ കഴിഞ്ഞ വര്‍ഷം സംഘടിപ്പിച്ച തീര്‍ത്ഥാടനത്തില്‍ യ മാര്‍ സ്രാമ്പിക്കല്‍ പിതാവില്‍ നിന്നും ആശീര്‍വദിച്ചു സ്വീകരിച്ച മെഴുതിരി കോള്‍ചെസ്റ്ററിലെ ഭവനങ്ങള്‍തോറും മാതാവിനോട് മാദ്ധ്യസ്ഥം യാചിച്ചും ജപമാലയും മരിയ സ്തുതി ഗീതങ്ങള്‍ ആലപിച്ചും പ്രാര്‍ത്ഥനാ നിറവില്‍ ചുറ്റി സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. അനുഗ്രഹങ്ങളുടെ പെരുമഴ പൊഴിയുന്ന വാല്‍ത്സിങ്ങാമിലെ തീര്‍ത്ഥാടനത്തിനുള്ള വിജയ പാഥ ഒരുക്കുന്നത്തിനായി കോള്‍ചെസ്റ്ററിലെ എല്ലാ ഭവനങ്ങളും ഉപവാസവും, നോയമ്പും പ്രാര്‍ഥനകളും സമര്‍പ്പിച്ചു വരുന്നു. 

കുട്ടികളെ അടിമ വയ്ക്കുന്നതിനും കുമ്പസാരത്തിനും മാദ്ധ്യസ്ഥ പ്രാര്‍ഥനകള്‍ക്കും കൗണ്‍സിലിങ്ങുകള്‍ക്കും തീര്‍ത്ഥാടന കേന്ദ്രത്തില്‍ സൗകര്യം ഉണ്ടായിരിക്കുമെന്ന് കമ്മിറ്റി അംഗങ്ങളായ ടോമി പാറക്കല്‍, നിതാ ഷാജി എന്നിവര്‍ അറിയിച്ചു. ഭക്ഷണ സ്റ്റാളുകള്‍, പാര്‍ക്കിംഗ് സൗകര്യം എന്നിവ തീര്‍ത്ഥാടകര്‍ക്കായി സജ്ജീകരിക്കും. പ്രാഥമിക പരിചരണവിഭാഗവും പ്രവര്‍ത്തന നിരതമായി ഉണ്ടായിരിക്കും.

തീര്‍ത്ഥാടനത്തില്‍ പങ്കുചേരുവാനും മാതൃ പ്രഘോഷണ വേദിയില്‍ പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥത്തില്‍ അനുഗ്രഹങ്ങളും, ആല്മീയ അനുഭവങ്ങളും പ്രാപിക്കുവാനും എല്ലാ വിശ്വാസി മക്കളെയും സസ്‌നേഹം ക്ഷണിക്കുന്നതായി മാര്‍ സ്രാമ്പിക്കലും സംഘാടകരായ കോള്‍ചെസ്റ്റര്‍ സമൂഹത്തിനു വേണ്ടി ഫാ.തോമസ് പാറക്കണ്ടത്തിലും ഫാ.ജോസ് അന്ത്യാംകുളവും പ്രസുദേന്തികളും അറിയിച്ചു.

വിവരങ്ങള്‍ക്ക് ട്രസ്റ്റിമാരായ ടോമി പാറക്കല്‍ 07883010329 നിതാ ഷാജി 07443042946 

റിപ്പോര്‍ട്ട്:അപ്പച്ചന്‍ കണ്ണഞ്ചിറ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക