Image

വിദേശികളായ വിദഗ്ധ തൊഴിലാളികളെ ആകര്‍ഷിക്കാന്‍ ജര്‍മനി

Published on 10 May, 2019
വിദേശികളായ വിദഗ്ധ തൊഴിലാളികളെ ആകര്‍ഷിക്കാന്‍ ജര്‍മനി


ബര്‍ലിന്‍: വിദേശത്തു നിന്നുള്ള വിദഗ്ധ തൊഴിലാളികള്‍ക്ക് ജര്‍മനിയില്‍ കൂടുതല്‍ തൊഴിലവസരം തുറന്നു കിട്ടുന്നു. രാജ്യത്തിപ്പോള്‍ പന്ത്രണ്ട് ലക്ഷം വിദഗ്ധ തൊഴിലാളികളുടെ ഒഴിവുകള്‍ നികത്താനാവാതെ കിടക്കുന്നു എന്നാണ് ഏകദേശ കണക്ക്. രാജ്യത്ത് ആവശ്യത്തിനു തൊഴിലാളികളെ കിട്ടാനില്ലാത്തതു തന്നെയാണ് പ്രശ്‌നം.

വിദേശത്തുനിന്നുള്ള വിദഗ്ധ തൊഴിലാളികള്‍ക്ക് ജര്‍മനിയില്‍ റിക്രൂട്ടിംഗ് എളുപ്പമാകാന്‍ പാകത്തില്‍ നിയമ ഭേദഗതികള്‍ സര്‍ക്കാര്‍ പരിഗണിയ്ക്കുന്നതിന്റെ ഭാഗമായി പുതിയ വിദേശ കുടിയേറ്റ നിയമത്തിന് ജര്‍മന്‍ പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്ക് തുടക്കമായി. ആഭ്യന്തരമന്ത്രി ഹോര്‍സ്റ്റ് സീഹോഫറാണ് ഇതുസംബന്ധിച്ച ബില്ല് അവതരിപ്പിച്ചത്. 

കരട് നിയമം അവതരിപ്പിച്ച മന്ത്രി ചരിത്രപരമായ ഒരു വഴിത്തിരിവും നാഴികകല്ലുമാണ് ഈ ബില്ലെന്നും ചരിത്രത്തിന്റെ ചരിത്രപരമായ ഒരു പോയിന്റ് എന്നുമാണ് വിശേഷിപ്പിച്ചത്. എന്നാല്‍ ജര്‍മനിയുടെ ഇമിഗ്രേഷന്‍ നിയമങ്ങളുടെ ഉദാരവല്‍ക്കരണമല്ല മറിച്ച് കാലാകാലങ്ങളില്‍ അവശ്യം വേണ്ടുന്ന മാറ്റങ്ങളാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഐടി, എന്‍ജിനിയറിംഗ്, നഴ്‌സിംഗ്, കണ്‍സ്ട്രക്ഷന്‍ തുടങ്ങിയ മേഖലകളിലാണ് ഏറ്റവും കൂടുതല്‍ തൊഴിലാളി ക്ഷാമം നേരിടുന്നത്. തൊഴില്‍ വിപണിയിലെ ക്ഷാമം രാജ്യത്തിന്റെ സന്പദ് വ്യവസ്ഥയെയും ബാധിക്കുമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് പുതിയ നടപടികള്‍ ആലോചിക്കുന്നത്. കഴിഞ്ഞ മുപ്പത് വര്‍ഷമായി ജര്‍മനിയില്‍ നിലനിന്നിരുന്ന വിദേശ കുടിയേറ്റ നിയമമാണ് വഴി മാറുന്നതെന്നും മന്ത്രി വിശദീകരിച്ചു.വിദേശികളായ വിദഗ്ധ തൊഴിലാളികളുടെ കുടിയേറ്റം ആകര്‍ഷകമാക്കുകയാണ് ബില്ലിന്റെ ലക്ഷ്യമെന്നും മന്ത്രി കൂട്ടിചേര്‍ത്തു.

തൊഴിലധിഷ്ഠിത യോഗ്യതയുള്ളവര്‍ക്ക് ജര്‍മനിയിലേക്കുള്ള കുടിയേറ്റം ഇത് എളുപ്പമാക്കും. മുന്‍ഗണനയുള്ള അപേക്ഷകര്‍ക്ക്, പ്രധാനമായും അക്കാഡമിക യോഗ്യതകളുള്ളവര്‍ക്ക് ഏറെ സഹായകമാവും. ചില പ്രത്യേക സാഹചര്യങ്ങളില്‍ ജര്‍മനിയില്‍ തൊഴില്‍ പരിശീലനം തേടാന്‍ അനുവദിക്കുമെന്നും ബില്ലില്‍ വ്യവസ്ഥയുണ്ടാവും.

സഹിഷ്ണുതയോടുകൂടി തൊഴിലാളികളെ സ്വീകരിക്കുകയാണ് ജര്‍മനിയുടെ ലക്ഷ്യമെന്ന് ജര്‍മന്‍ തൊഴില്‍കാര്യ മന്ത്രി ഹൂബര്‍ട്ടൂസ് ഹെയില്‍ ബില്ലിനെ അധികരിച്ച് വ്യക്തമാക്കി. അപേക്ഷകള്‍ എത്രത്തോളം വന്നാലും യോഗ്യതതന്നെ മാനദണ്ഡമാക്കുമെന്ന് മന്ത്രി പറഞ്ഞു. വിദേശികളായ വിദ്യാര്‍ത്ഥികള്‍ക്ക് ഇപ്പോള്‍ തന്നെ ആഴ്ചയില്‍ 18 മണിക്കൂര്‍ ജോലി ചെയ്യാനും ജര്‍മന്‍ ഭാഷ പഠിക്കാനും അവസരം ഉണ്ടാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

ജര്‍മനിയില്‍ ജോലി ചെയ്യുന്ന ആളുകളെയും മറ്റു വിദഗ്ധ തൊഴിലാളികളെ പ്രോത്സാഹിപ്പിക്കുന്നതിനും ശ്രമിക്കുന്നതാണ് പുതിയ കുടിയേറ്റ നയമെന്നും ബില്ല് വ്യക്തമാക്കുന്നു. ബില്ലിനെ തുടക്കത്തില്‍ തന്നെ പ്രതിപക്ഷം എതിര്‍ക്കുന്നുണ്ടെങ്കിലും രാജ്യത്തിന്റെ ഇപ്പോഴത്തെ താത്പര്യം മുന്‍നിര്‍ത്തി പുതിയ വിദേശ കുടിയേറ്റ നിയമം വഴി ഇന്ത്യ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ നിന്ന് ഒട്ടനവധിയാളുകള്‍ക്ക് ജര്‍മനിയില്‍ തൊഴില്‍ അവസരം ഉറപ്പാക്കാനുള്ള നിയമനിര്‍മ്മാണമാണ് ഇതിലൂടെ ലഭിക്കുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക