Image

മൃതദേഹം അബുദാബിയില്‍ ഉപേക്ഷിച്ചു; കുവൈത്ത് കെഎംസിസി നിയമനടപടിക്ക്

Published on 10 May, 2019
മൃതദേഹം അബുദാബിയില്‍ ഉപേക്ഷിച്ചു; കുവൈത്ത് കെഎംസിസി നിയമനടപടിക്ക്


കുവൈത്ത് സിറ്റി: കഴിഞ്ഞ ദിവസം കുവൈത്തില്‍ താമസ സ്ഥലത്ത് മരണപ്പെട്ട താമരശേരി അണ്ടോണ സ്വദേശി പരേതനായ പുള്ളേരക്കുന്ന് ഇബ്രാഹിമിന്റെ മകന്‍ ഹുസൈന്‍ കുട്ടി (49) യുടെ മൃതദേഹം അബുദാബിയില്‍ തള്ളിയ ഇത്തിഹാദ് എയര്‍വേയ്‌സിന്റെ നടപടിക്കെതിരെ കുവൈത്ത് കെഎംസിസി നിയമനപടിക്കൊരുങ്ങുന്നു.

ചൊവ്വാഴ്ച്ച രാവിലെ അബാസിയയിലെ താമസസ്ഥലത്ത് ഹുസൈന്‍ കുട്ടിയെ അബോധാവസ്ഥയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഫര്‍വാനിയ ആശുപത്രിയില്‍ എത്തിക്കുകയും പിന്നീട് മരണം സ്ഥിരീകരിക്കുകയുമായിരുന്നെന്ന് കുവൈത്ത് കെ.എംസിസി പ്രസിഡന്റ് ഷറഫുദ്ദീന്‍ കണ്ണേത്ത് പറഞ്ഞു. തുടര്‍ന്ന് മൃതദേഹം നാട്ടില്‍ കൊണ്ട് പോകാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ കെഎംസിസി നേതാക്കളായ ഹാരിസ് വള്ളിയോത്ത്, ഷാഫി കൊല്ലം തുടങ്ങിയരെ ചുമതലപ്പെടുത്തുകയും അതനുസരിച്ച് ഒറ്റ ദിവസം കൊണ്ടുതന്നെ നടപടിക്രമങ്ങളെല്ലാം പാലിച്ച് ബുധനാഴ്ച്ച ഇത്തിഹാദ് എയര്‍വേയ്‌സില്‍ അയച്ചതായിരുന്നു. 
നിര്‍ഭാഗ്യവശാല്‍ മൃതദേഹം അബുദാബിയില്‍ നിന്നും എടുക്കാതെ ഇത്തിഹാദ് എയര്‍വേയ്‌സ് നിരുത്തരവാദപരമായി പ്രവര്‍ത്തിക്കുകയായിരുന്നു എന്നാണ് മനസിലാക്കാന്‍ കഴിഞ്ഞത്. 

രാവിലെ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തി മൃതദേഹം കാത്തുനിന്ന ബന്ധുമിത്രാഥികള്‍ക്ക് വളരെ നിരാശയും ഉത്കണ്ഠയുളവാക്കുന്ന വാര്‍ത്തയാണ് കേള്‍ക്കാനായത്. 

വര്‍ഷങ്ങളായി കുവൈത്ത് കെഎംസിസി ചെയ്തു വരുന്ന സേവന പ്രവര്‍ത്തനമെന്ന് നിലയില്‍, നടപടിക്രമത്തില്‍ യാതൊരു പിഴവും ഉണ്ടായിട്ടില്ല. മറിച്ചു വരുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് രേഖകള്‍ ഹാജരാക്കി കെഎംസിസി നേതാക്കള്‍ പറഞ്ഞു. 

കുവൈത്തില്‍ നിന്നും മൃതദേഹം അയച്ച സംഘടനയെന്ന നിലയില്‍, ഇത്തിഹാദ് എയര്‍വേയ്‌സിന്റെ അനാസ്ഥക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കെഎംസിസി ഭാരവാഹികള്‍ അറിയിച്ചു. 

വാര്‍ത്താസമ്മേളനത്തില്‍ ഷറഫുദ്ദീന്‍ കണ്ണേത്ത് , മുഹമ്മദ് അസ്ലം കുറ്റിക്കാട്ടൂര്‍, ഹാരിസ് വള്ളിയോത്ത്, .മുഷ്താഖ്, ഷാഫി കൊല്ലം തുടങ്ങിയവര്‍ സംബന്ധിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക