Image

ഒരു വിശ്വാസത്തിന്റെ വശങ്ങള്‍ (ഭാഗം:3 -ജോണ്‍വേറ്റം)

Published on 11 May, 2019
 ഒരു വിശ്വാസത്തിന്റെ വശങ്ങള്‍ (ഭാഗം:3 -ജോണ്‍വേറ്റം)
1992- ഡിസംബര്‍ മാസത്തില്‍, ഒരു ശനിയാഴ്ച രാവിലെ, ന്യൂജേഴ്‌സിയിലുള്ള സെയ്ന്റ് മാര്‍ക്ക് സിറിയന്‍ ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍, പത്തൊന്‍പത് മലങ്കര സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ നിന്നും വന്ന പ്രതിനിധികളും, കേരളത്തില്‍ നിന്നും വന്ന യൂഹാനോന്‍ മാര്‍ പീലക്‌സിനോസ് ഏബ്രഹാം മാര്‍ സേവേറിയോസ് എന്നീ മെത്രാന്മാരും, ഭദ്രാസന മെത്രാപ്പോലീത്ത മാര്‍ അത്താനാസിയോസിന്റെ അദ്ധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിനുവേണ്ടി കൂടിയ പ്രസ്തുത പള്ളി പ്രതിപുരുഷയോഗം, പൂതിയോട്ട് ചെറിയാന്‍ അച്ചനെ, സഹായമെത്രാനായി വാഴിക്കുന്നതിന്, വോട്ടെടുപ്പിലൂടെ തിരഞ്ഞെടുത്തു. യോഗത്തില്‍ തയ്യാറാക്കിയ 'റിപ്പോര്‍ട്ട് ' അന്ത്യോഖ്യാ പാത്രിയര്‍ക്കീസിന് അയച്ചുകൊടുക്കുന്നതിനും ക്രമീകരണം ചെയ്തു.
അഭ്യര്‍ത്ഥന കൈപ്പറ്റിയെങ്കിലും പാത്രിയര്‍ക്കീസ് പെട്ടെന്ന് നടപടി എടുത്തില്ല. അതുകൊണ്ട്, 1993-ജൂണ്‍ മാസത്തില്‍, ആര്‍ച്ച് ഡയസീസന്‍ കൗണ്‍സിലിലെ നാലംഗസംഘം മോറാന്‍മോര്‍ ഇഗ്നാത്തിയോസ് സഖാ ഒന്നാമന്‍ ഇവാസ് പാത്രിയര്‍ക്കീസിനെ സന്ദര്‍ശിച്ചു. ഏതാനും ദിവസത്തെ കൂടിയാലോചനയ്ക്കുശേഷം പാത്രിയര്‍ക്കീസ് തയ്യാറാക്കിയ കല്പനയും വാങ്ങി, നിവേദകസംഘം ന്യൂയോര്‍ക്കില്‍ മടങ്ങിയെത്തി. നോര്‍ത്തമേരിക്കയിലുള്ള മലങ്കര സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളികള്‍ക്ക് പാത്രിയര്‍ക്കീസിന്റെ കല്പനയുടെ പകര്‍പ്പ് അയച്ചുകൊടുത്തു. എന്നാല്‍, പരിശുദ്ധ സിംഹാസനത്തില്‍ നിന്നുമുള്ള കല്പനകള്‍ ഭദ്രാസന മെത്രാപ്പോലീത്തായ്ക്കും പള്ളികള്‍ക്കും പാത്രിയര്‍ക്കീസ് നേരിട്ടയയ്ക്കുന്ന പാരമ്പര്യമനുസരിച്ചു പ്രവര്‍ത്തിക്കാഞ്ഞതും, പള്ളി പ്രതിപുരുഷ യോഗത്തിന്റെ അഭ്യര്‍ത്ഥന പൂര്‍ണ്ണമായി അംഗീകരിക്കാഞ്ഞതും, ഭദ്രാസന  മെത്രാപ്പോലീത്തയോട് അഭിപ്രായം ചോദിക്കാത്തതും അല്‍മായരിലും വൈദികരിലും അസംതൃപ്തിയും അഭിപ്രായ ഭിന്നതയും ഉളവാക്കി.

നോര്‍ത്തമേരിക്കയില്‍ ഒരു സ്വതന്ത്രഭദ്രാസനം സ്ഥാപിക്കുമെന്നും, അത് അമേരിക്കയിലും ക്യാനഡായിലുമുള്ള എല്ലാ മലങ്കര സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളികളേയും ഉള്‍പ്പെടുത്തുന്നതും മലയാളികളായ സുറിയാനി  ക്രിസ്ത്യാനികള്‍ക്കു വേണ്ടിയുള്ളതായിരിക്കുമെന്നും, ഭദ്രാസന മെത്രാപ്പോലീത്ത മാര്‍ അത്താനാസിയോസിന് അതിന്മേല്‍ അധികാരമില്ലെന്നും, അതില്‍ തിരഞ്ഞെടുക്കപ്പെട്ട ചെറിയാന്‍ അച്ചനെ മേല്പട്ടം നല്‍കി വാഴിക്കുമെന്നും കല്പന സൂചിപ്പിച്ചു. പ്രതിഷേധവും വിമര്‍ശനവും ഉണ്ടായെങ്കിലും, കല്പനപ്രകാരം പാത്രിയര്‍ക്കീസ് തന്റെ അധികാരപരിധിക്കുള്ളില്‍ മലങ്കര സുറിയാനി ഓര്‍ത്തഡോക്‌സ് ദേവാലയങ്ങളെ കൂട്ടിച്ചേര്‍ത്ത് 'മലങ്കര ആര്‍ച്ച് ഡയസീസ് ഓഫ് ദി സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഇന്‍ നോര്‍ത്ത് അമേരിക്ക' എന്ന ശീര്‍ഷകത്തില്‍ സ്വതന്ത്രഭദ്രാസനം സ്ഥാപിച്ചു. അതില്‍, തിരഞ്ഞെടുക്കപ്പെട്ട, ചെറിയാന്‍ അച്ചനെ സക്കറിയ മാര്‍ നിക്കോളാവോസ് എന്ന പേരില്‍ അഭിഷേകം ചെയ്തു ഭ്ദ്രാസനാധിപനാക്കി വാഴിച്ചു. സഭാപരമാധികാരത്തിന്റെ ആ നടപടി മലങ്കരയിലുള്ള സുറിയാനി ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്, നേട്ടമല്ല, നഷ്ടമാണ് വരുത്തിയതെന്ന അഭിപ്രായം ഉണ്ടായി. പ്രസ്തുത ഭദ്രാസനത്തില്‍ മെത്രാപ്പോലീത്തയെ നിയമിക്കാനും നീക്കാനുമുള്ള അധികാരം പാത്രിയര്‍ക്കീസില്‍ നിക്ഷിപ്തമാക്കിയെന്നും, ഭദ്രാസനത്തിലുള്ള മലങ്കര ദൈവാലയങ്ങളുടെയും വൈദികരുടെയും മേല്‍ ഭരണാധികാരം നല്‍കാതെ മലങ്കര സുനഹദോസിനെ മാറ്റിനിറുത്തിയെന്നും കരുതപ്പെട്ടു. എങ്ങനെയായാലും, നോര്‍ത്തമേരിക്കയില്‍ ഉണ്ടായിരുന്നതും ഉണ്ടാകുന്നതുമായ മലങ്കര സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളികളും വിശ്വാസികളും, വൈദികരും, പള്ളിസ്വത്തുക്കളും, ഭദ്രാസനവും ഭരണാധികാരത്തിന്റെ നിയന്ത്രണത്തിലായി. അത് കഷ്ടമാണെന്നും, മലങ്കര സഭയിലെ കാതോലിക്ക വിഭാഗത്തിന് നോര്‍ത്തമേരിക്കയില്‍ നേടാന്‍ കഴിഞ്ഞ വികസിതപുരോഗതി മലങ്കരയിലെ പാര്‍ത്രിയര്‍ക്കീസ് പക്ഷത്തിന് ലഭിക്കാത്തതിന്റെ മുഖ്യകാരണം പ്രസ്തുത ഭദ്രാസനത്തിന്റെ സ്ഥാപനമെന്നും, വിശ്വസിച്ചവര്‍ വിരളമല്ല!
ന്യൂയോര്‍ക്ക് കേന്ദ്രമാക്കി പ്രവര്‍ത്തനം ആരംഭിച്ച, പുതിയ മലങ്കര ആര്‍ച്ച് ഡയസീസിന് സ്വന്തമായ ആസ്ഥാനവും സാമ്പത്തിക ഭദ്രതയും ഇല്ലായിരുന്നു. അക്കാരണത്താല്‍, ഭദ്രാസന മെത്രാപ്പോലീത്ത ബോധപൂര്‍വ്വമായ താല്‍പര്യത്തോടെ പ്രയത്‌നിച്ചു. വിഘടിച്ചു നിന്ന പള്ളികളെയും വൈദികരേയും ഭദ്രാസനത്തില്‍ കൊണ്ടുവരണമായിരുന്നു. ക്രമേണ, അദ്ദേഹത്തിന്റെ നയതന്ത്രപരമായ സമീപനം സഫലമായി. ഏകോപനത്തിന്റെ സമാധാനം അനുഭവമായി. എന്നിട്ടും, അസമത്വത്തിന്റെ ആദര്‍ശവുമായി ഏതാനും വൈദികര്‍ മാറിനിന്നു. അവരുടെ നിന്ദകല്പിക്കുന്ന പ്രവണത പോരിന് ചേര്‍ന്നവയായിരുന്നു. സ്വകാര്യതാല്‍പര്യങ്ങളില്‍ ഉറച്ചുനിന്നുകൊണ്ട് അവര്‍ മറവില്‍ പ്രവര്‍ത്തിച്ചു. അതിന്റെ ഫലമായി; ഭദ്രാസന മെത്രാപ്പോലീത്തയെ വിമര്‍ശിക്കാനും, അദ്ദേഹത്തിനെതിരേ പ്രവര്‍ത്തിക്കാനും, കല്പനകളെ അവഗണിക്കാനും സന്നദ്ധരായ കുറെ വൈദികര്‍ സംഘടിച്ചു. അസത്യത്തിനു വേണ്ടി വാദിച്ചു. പാത്രിയര്‍ക്കീസിന് പരാതികള്‍ നല്‍കി. അതനുസരിച്ച്, അന്ത്യോഖ്യാ സിംഹാസനത്തിന്റെ അന്വേഷണ സംഘം ന്യൂയോര്‍ക്കിലുമെത്തി. അത് ഭദ്രാസനത്തോട് കൂറ് പുലര്‍ത്തിയ ബഹുഭൂരിപക്ഷം വൈദികരെയും വിശ്വാസികളെയും വേദനിപ്പിച്ചു. വിശ്വാസികളുടെ സമൂഹത്തില്‍ സംശയമുളവായി. യഥാര്‍ത്ഥ സ്‌നേഹം കുറഞ്ഞു. ഭ്ദ്രാസനത്തിനു നല്‍കേണ്ട സുരക്ഷ തടയപ്പെട്ടു എന്ന ചിന്ത പരന്നു. അന്ത്യോഖ്യാ സിംഹാസനത്തിന്റെ നിയന്ത്രണത്തില്‍ നിന്നും അടര്‍ന്നു മലങ്കരയിലുള്ള മാതൃസഭയില്‍ പറ്റിച്ചേരാനുള്ളൊരു തൃഷ്ണ അനേകരില്‍ നിറഞ്ഞു.

1995 ജൂണ്‍ മാസത്തില്‍ ഇന്‍ഡ്യന്‍ സുപ്രീം കോടതി സമുദായക്കേസ് സംബന്ധിച്ച അന്തിമവിധി പുറപ്പെടുവിച്ചു. അതിന്റെ പ്രസക്തഭാഗങ്ങള്‍ കേരളത്തിലെ പത്രമാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചു. പ്രസ്തുത വിധി സുറിയാനിസഭയില്‍ സമാധാനം സ്ഥാപിക്കുമെന്ന പ്രതീക്ഷ ശക്തമാക്കി. പാത്രിയര്‍ക്കീസ് പരമാദ്ധ്യകഷനായിരിക്കുന്ന ആകമാന സുറിയാനിസഭയുടെ ഭാഗമാണ് മലങ്കരസഭയെന്നും, കേരളത്തിലെ സിംഹാസനപ്പള്ളി തുടങ്ങിയ പ്രസ്ഥാനങ്ങളില്‍ ബന്ധം പുലര്‍ത്തുന്ന സ്ഥിതി നിലനിര്‍ത്തുന്നുവെന്നും വ്യക്തമാക്കുന്ന വിധി അന്നത്തെ പാത്രിയര്‍ക്കീസിനെ സന്തുഷ്ടനാക്കി. മലങ്കരയിലെ മക്കള്‍ ഭാഗങ്ങളായി കാണപ്പെടുന്നവെങ്കിലും, അവര്‍ ഐക്യപ്പെടുന്നതിന് കോടതിവിധി സന്ദര്‍ഭമാകട്ടെയെന്നും, യോജിപ്പും സമാധാനവും കൈവരുത്തുന്നതിനുള്ള പരിശ്രമങ്ങളെ അനുഗ്രഹിക്കുമെന്നും, ഐക്യപ്പെടുന്നപക്ഷം സന്തോഷിക്കുമെന്നും' അറിയിച്ചുകൊണ്ടുള്ള കല്പന അന്നത്തെ ശ്രേഷ്ട കാതോലിക്കായ്ക്ക് പാത്രിയര്‍ക്കീസ് അയച്ചു കൊടുത്തു! അതിന്റെ പകര്‍പ്പും, മലയാളം പരിഭാഷയും, നോര്‍ത്തമേരിക്കയിലുള്ള സുറിയാനി ഓര്‍ത്തഡോക്‌സ പള്ളികള്‍ക്കും ശ്രേഷ്ഠ കാതോലിക്ക അയച്ചുകൊടുത്തു. അപ്പോഴും, സുപ്രീം കോടതിവിധി വികലമാണെന്ന വിമര്‍ശനം ഉയര്‍ന്നു. ഒരു ചെറിയഭാഗം വൈദികരും വിശ്വാസികളും പ്രതിഷേധിച്ചു. അപ്പീലും അനന്തര നടപടികളുമായി മുന്നോട്ട് പോയി.

സുപ്രീം കോടതി വിധി നടപ്പായാല്‍, പ്രസ്തുത വിധിക്ക് മുമ്പ് നേടിയെടുത്ത സ്ഥാനമാനങ്ങളും സ്വത്തും നഷ്ടപ്പെടുമെന്നും, സ്ഥാനഭ്രംശം ഉണ്ടാകുമെന്നും കരുതി ഭയന്നവര്‍ നിയമങ്ങളെ നിഷേധിച്ചു. അവരുടെ പ്രതികൂലപ്രവര്‍ത്തനം അമേരിക്കയിലും പെട്ടെന്ന് പടര്‍ന്നു. അങ്ങനെ, കേരളത്തിലും മറു നാടുകളിലും ഇരമ്പിയെത്തിയ പ്രതിഷേധം പാത്രിയര്‍ക്കീസിന്റെ സമാധാനയഞ്ജത്തെ തടഞഞ്ഞു. 1934-ലെ ഭരണഘടനയനുസരിച്ചു കാതോലിക്കോസിന്റെ നേതൃത്വത്തില്‍ മലങ്കരസഭ മുഴുവനായും ഭരിക്കപ്പെടണമെന്ന നിശ്ചയത്തോടെ കാതോലിക്കാ പക്ഷം ഉറച്ചു നില്‍ക്കുകയും ചെയ്തു. 1934-ലെ ഭരണഘനയുടെ ഉള്ളടക്കം  എന്തെന്നറിയാഞ്ഞവര്‍ നേതാക്കളുടെ പ്രസംഗം കേട്ടു പ്രവര്‍ത്തിച്ചു. നീതിനിയമങ്ങളെ നിര്‍ജ്ജീവമാക്കുവാന്‍ ശ്രമിച്ചു.

1934 ലെ ഭരണഘടനയനുസരിച്ച്, പട്ടക്കാരേയും മേല്‍പട്ടക്കാരെയും അഭിഷേകം ചെയ്തു വാഴിക്കുക, സുനഹദോസില്‍ അദ്ധ്യക്ഷം വഹിക്കുക, സുനഹദോസിന്റെ തീരുമാനങ്ങള്‍ നടപ്പിലാക്കുക, സഭയുടെ ഭരണം നടത്തുക, മൂറോന്‍ കൂദാശ നിര്‍വ്വഹിക്കുക എന്നിവ കാതോലിക്കോസിന്റെ അധികാരത്തില്‍ നിക്ഷിപ്തമാണ്. കാതോലിക്കോസിന്റെ സഹകരണത്തോടെ കാനോനികമായി വാഴിക്കപ്പെടുന്ന പാത്രിയര്‍ക്കീസിനെ മലങ്കരസഭ അംഗീകരിക്കേണ്ടതാണ്. മലങ്കര സഭ അംഗീകരിച്ച പാത്രിയര്‍ക്കീസ് ഉണ്ടെങ്കില്‍ അദ്ദേഹത്തെ കാതോലിക്കോസിന്റെ സ്ഥാനാരോഹണച്ചടങ്ങില്‍ സംബന്ധിക്കാന്‍ ക്ഷണിക്കാവുന്നതാണ്. കാതോലിക്കോസിനെ തിരഞ്ഞെടുക്കേണ്ടത് മലങ്കര അസോസ്യേഷനും അത് അംഗീകരിക്കേണ്ടത് 'മലങ്കര മെത്രാപ്പോലീത്ത' എന്നീ രണ്ട് സഭാസ്ഥാനങ്ങളും, ആത്മീയവും ലൗകികവും സഭാസംബന്ധവുമായ അധികാരങ്ങളും ഏകവ്യക്തിയില്‍-കാതോലിക്കാസില്‍- നിക്ഷിതമെന്നും, 1934-ലെ ഭരണഘന, വ്യക്തമാക്കുന്നു.
തുടരും....

 ഒരു വിശ്വാസത്തിന്റെ വശങ്ങള്‍ (ഭാഗം:3 -ജോണ്‍വേറ്റം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക