Image

അനുപമം ഈ മാതൃസ്‌നേഹം (ജ്യോതിലക്ഷ്മി നമ്പ്യാര്‍)

Published on 11 May, 2019
അനുപമം ഈ മാതൃസ്‌നേഹം (ജ്യോതിലക്ഷ്മി നമ്പ്യാര്‍)
ഈ കരച്ചില്‍ സാന്താപത്തിന്റെയോ, സന്തോഷത്തിന്റേയോ അല്ല. ആരോ പഠിപ്പിച്ചതോ, പറഞ്ഞു ചെയ്യിയ്ക്കുന്നതോ അല്ല. ഇതൊരു പ്രപഞ്ച സത്യമാകുന്നു. പ്രകൃതിയും ഒരു പുതു ജീവനും കണ്ടുമുട്ടുന്ന അനുഭൂതി. ഒരു സ്ത്രീ തന്റെ ജീവിതത്തില്‍ കേള്‍ക്കാന്‍ ആഗ്രഹിയ്ക്കുന്ന, അവളില്‍ മാതൃത്വം ചുരത്തപ്പെടുന്ന, ഒരമ്മയുടെ ജീവിത സങ്കല്‍പ്പങ്ങളുടെ വാതായനങ്ങള്‍ തുറക്കപ്പെടുന്ന, ഒരു മാതാവിലെ പ്രതീക്ഷകളുടെ മൊട്ടുകള്‍ വിടര്‍ന്ന് മനസ്സൊരു പലവര്‍ണ്ണ പുഷ്പങ്ങള്‍ നിറഞ ഒരു പൂങ്കാവനമാകുന്ന നിമിഷമാണ് നവജാത ശിശുവിന്റെ കരച്ചില്‍. കൗമാര പ്രായത്തില്‍ ഒരു പെണ്‍കുട്ടി വിവാഹത്തെകുറിച്ച് സ്വപനം കാണുമ്പോള്‍ ആ സ്വപ്നം അതിന്റെ പൂര്‍ണ്ണാവസ്ഥയില്‍ എത്തുന്നത് താലോലിച്ച് വളര്‍ത്താന്‍ ഒരു കുഞ്ഞു എന്ന അവസ്ഥയിലാണ്. തന്റെ ഉദരത്തില്‍ ഒരു ജീവന്‍ ഉത്ഭവിച്ച് കഴിഞ്ഞാല്‍ അവളിലെ ഓരോ ചിന്തകളും പിറക്കാനിരിയ്ക്കുന്ന കുഞ്ഞിനെ കുറിച്ചാകുന്നു. ഒമ്പത് മാസക്കാലം അവള്‍ അനുഭവിയ്ക്കുന്ന എല്ലാ ശാരീരികമായ ബുദ്ധിമുട്ടുകളും, പ്രസവ നോവും അവള്‍ കുഞ്ഞിന്റെ ആദ്യ കരച്ചില്‍ കേള്‍ക്കുമ്പോഴുണ്ടാകുന്ന നിര്‍വൃതിയില്‍ മറക്കുന്നു

ജന്മദിവസത്തെക്കുറിച്ച് ഡോ. എ പി ജെ അബ്ദുല്‍ കലാം ഇങ്ങിനെ പറഞ്ഞു ' 'The only day in your life your mother smiled when you cried'. ഒരു കുഞ്ഞിന്റെ കരച്ചില്‍ കേട്ടാല്‍ യഥാര്‍ത്ഥ അമ്മയ്ക്ക് ചിരിയ്ക്കാന്‍ കഴിയുന്നത് കുഞ്ഞിന്റെ ജനിച്ചു വീഴുന്ന കരച്ചില്‍ കേള്‍ക്കുമ്പോള്‍ മാത്രമാണ് .അതല്ലാതെ ഒരു സാഹചര്യത്തിലും മക്കള്‍ കരയുന്നത് സഹിയ്ക്കാന്‍ ശരിയായ ഒരു മാതൃ ഹൃദയത്തിനു കഴിയില്ല.
മാതാവിലൂടെ അല്ലെങ്കില്‍ ഒരു അമ്മയിലൂടെ മാത്രം സംഭാവ്യമാകുന്ന 'ജനനം' എന്ന പ്രപഞ്ച പ്രക്രിയ. പ്രകൃതിയില്‍, മനുഷ്യനോ, മൃഗമോ ആകട്ടെ ഒരു ജീവന്‍ ഉത്ഭവിച്ചിട്ടുണ്ടെങ്കില്‍ അത് 'അമ്മ എന്ന സത്യത്തിലൂടെ മാത്രം സംജാതമാകുന്നു. ഓരോ ജീവനും തന്റെ അമ്മയുടെ വാത്സല്യം അനുപമമാണ് അതുപോലെതന്നെ ഒരുപെറ്റമ്മയ്ക്ക് തന്റെ ഉദരത്തില്‍ ഉത്ഭവിച്ച ജീവന്‍ കള്ളനോ, ദുഷ്ടനോ, ക്രൂരനോ അല്ലെങ്കില്‍ അംഗ വൈകല്യമുള്ളവനോ, ബുദ്ധിയില്ലാത്തതോ ആയാലും തന്റെ കുഞ്ഞു എന്നും അരുമതന്നെ. ഒരിയ്ക്കലും പകരം നല്‍കാനോ, കൊടുത്തുതീര്‍ക്കാനോ, പറഞ്ഞു അവസാനിപ്പിയ്ക്കാനോ കഴിയാത്ത ബന്ധമാണ് ഒരു ജീവന് 'അമ്മ. എത്ര പറഞ്ഞാലും, എത്ര വര്‍ണ്ണിച്ചാലും വാക്കുകള്‍കൊണ്ട് മാത്രം പൂര്‍ണ്ണത വരാത്ത പദം 'അമ്മ'

മുംബൈയിലും, പല ഗ്ലോബല്‍ മീഡിയകളിലും, മാധ്യമങ്ങളിലും പ്രശസ്തനായ ശ്രീ തൊടുപുഴ കെ ശങ്കര്‍ 'അമ്മയും ഞാനും' എന്ന തന്റെ കവിതാസമാഹാരത്തില്‍ ഇരുപതില്‍ പരം കവിതകള്‍ അമ്മയെകുറിച്ച് മാത്രം എഴുതിയിരിയ്ക്കുന്നു. ഈ കവിതാ സമാഹാരത്തില്‍ ''അമ്മ എന്റെ ആദ്യബന്ധു' എന്ന കവിതയില്‍ അദ്ദേഹം എഴുതി 'വീട്ടുവാനാകാത്തതീക്കടം വാടകവീടലല്ലമ്മേ, നിന്‍ ഗര്‍ഭപാത്രം! പത്തുമാസം മാത്രം താമസിച്ചെങ്കിലും ചത്തുപോകുംവരെ ഓര്‍മ്മ നില്‍ക്കും!' അങ്ങനെ ഓരോ കവിയും കലാകാരനും അമ്മയെ കുറിച്ച് എഴുതിയിട്ടും വര്‍ണ്ണിച്ചിട്ടും അവസാനിയ്ക്കാത്ത ഒരു ആവനാഴിയാണ് മാതൃ സ്‌നേഹം. 

ഒരുപക്ഷെ പാശ്ചാത്യ സംസ്‌കാരത്തെക്കാളും പാവനമായും അമൂല്യവുമായാണ് ഇന്ത്യന്‍ സംസ്‌കാരത്തില്‍ 'അമ്മ എന്ന സത്യത്തെ കാണുന്നത്. ഒരു ജീവന്റെ ചുട്ടമുതല്‍, ചുടലവരെ ഹൃത്തില്‍ സുഗന്ധം പകരുന്ന, വാടാമലരായി മാതൃസ്‌നേഹം നിറഞ്ഞു നില്‍ക്കുന്നു. ഒരാള്‍ എത്ര വലിയവനായാലും 'അമ്മ എന്ന സ്മരണയ്ക്ക് മുന്നില്‍ എന്നും നിഷ്‌കളങ്കമായ ഒരു കുഞ്ഞാകുന്നു . ഒരുപക്ഷെ ഓരോരുത്തരിലും അലിഞ്ഞുചേര്‍ന്ന ഈ മാതൃസ്‌നേഹം തന്നെയാകാം നമ്മുടെ സംസ്‌കാരത്തില്‍ 'അമ്മ എന്ന സങ്കല്‍പ്പത്തെ നിത്യഹരിതമാക്കുന്നത്. 

എന്നാല്‍ ഇന്നത്തെ കാലഘട്ടത്തില്‍ നിര്‍മലമായ ഈ മാതൃസ്‌നേഹത്തിനു മൂല്യച്ച്യുതി സംഭവിച്ചുവോ എന്ന് പല സന്ദര്ഭങ്ങളിലും നമുക്ക് തോന്നിപോകാം. അവിഹിത ബന്ധങ്ങളില്‍ പിറക്കുന്ന കുഞ്ഞുങ്ങളെ പൊതുസ്ഥലങ്ങളിലും, ചവിട്ടുകൊട്ടകളിലും ഉപേക്ഷിയ്ക്കപ്പെടുന്നതും, വിവാഹേതര ബന്ധങ്ങള്‍ കൂടുതല്‍ സുഖമമാക്കുന്നതിന് സ്വന്തം ഉദരത്തില്‍ കുരുത്ത് തന്റെ രക്തത്തില്‍ പിറന്ന നിഷ്‌കളങ്കരായ കുഞ്ഞുങ്ങളെ ദാരുണമായി കൊലപ്പെടുത്തുന്നതും, ഒരു അമ്മയുടെ ചൂടും സ്‌നേഹവും ആവശ്യമുള്ളപ്പോള്‍ കുഞ്ഞിനെ ഉപേക്ഷിച്ച് സ്വന്തം സുഖം തേടി പോകുന്നതും അമ്മതന്നെ. ഇത്തരത്തിലുള്ള നിത്യ സംഭവങ്ങള്‍ 'അമ്മ എന്ന ദൈവികമായ പദം കളങ്കപ്പെടുത്തുന്നതും നിര്‍മ്മലമായ മാതൃസ്‌നേഹത്തെ ചോദ്യം ചെയ്യുന്നതും ആകാം. 

ജന്മം തന്നതിന് കണക്കുതീര്‍ത്ത് അമ്മമാരുടെ ശല്യം ഒഴിവാക്കുന്ന മക്കളും ഇന്ന് 'അമ്മ എന്ന പദത്തെ കളങ്കപ്പെടുത്തുന്നില്ലേ എന്ന് തോന്നിയേക്കാം. കൈ വളര്ന്നുവോ കാല്‍ വളരുന്നുവോ എന്ന് നോക്കി, ശരിയായ ആരോഗ്യത്തോടെ, തനിയ്ക്കാകുന്നതിനും ഉപരിയായി സാമ്പത്തിക പരാധീനതകള്‍ നികത്തി ആവശ്യമായ വിദ്യാഭ്യാസം നല്‍കി മക്കളെ ഉന്നത പദവികളില്‍ എത്തിയ്ക്കുമ്പോള്‍ മാതാപിതാക്കളെ ഒന്ന് വന്നു കാണാന്‍, അവരുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാന്‍, എന്തിനേറെ അവര്‍ക്ക് ഒരു ഫോണ്‍ വിളിച്ച് സംസാരിയ്ക്കാന്‍ വരെ സമയം കണ്ടെത്താന്‍ കഴിയാത്ത മക്കളെ കുറിച്ചുള്ള ദുഃഖങ്ങള്‍ കടിച്ചമര്‍ത്തി വാര്‍ദ്ധക്യം വേലക്കാര്‍ക്കൊപ്പം കഴിച്ചുകൂട്ടുന്ന മാതാപിതാക്കളെ സമൂഹത്തില്‍ നമുക്ക് കാണാന്‍ കഴിഞ്ഞേക്കാം. അറിയപ്പെടാത്ത വഴികളില്‍ , പള്ളികളില്‍, അമ്പലങ്ങളില്‍ അമ്മയെ ഉപേക്ഷിച്ച് സ്വത്ത് കരസ്ഥമാക്കി സ്വന്തം കാര്യം നോക്കി സ്ഥലം വിടുന്ന മക്കളും, ഹൃദയത്തില്‍ തന്റെ പ്രാണന്‍ പോലെ ഓരോ നിമിഷത്തിലും മക്കള്‍ക്കുവേണ്ടി നൊമ്പരം കൊണ്ട 'അമ്മയെ, മാതാപിതാക്കളെ അനാഥാലയത്തില്‍ നിഷ്പ്രയാസം ഉപേക്ഷിയ്ക്കുന്ന മക്കളും ഇന്ന് സമൂഹത്തിലുണ്ട് എന്നതും മാതൃ വാത്സല്യത്തെ ചോദ്യം ചെയ്യപ്പെടുന്നതാണ്.

ഇത്തരം സംഭവങ്ങള്‍ ഈ കാലഘട്ടത്തില്‍ മാത്രമല്ല പണ്ടുകാലങ്ങളിലും സംഭവിച്ചിരുന്നു എന്നാല്‍ ഇന്ന് മാധ്യമങ്ങളുടെ സ്വാധീനം കൂടുതല്‍ ഉള്ളതിനാല്‍ നല്ല സംഭവങ്ങളെക്കാള്‍ ഇത്തരം അനിശ്ചിത സംഭവങ്ങള്‍ കൂടുതല്‍ ശ്രദ്ധേയമാകുന്നു എന്നുമാത്രം. കഴിഞ്ഞ കാലഘട്ടത്തെക്കാള്‍ ഇന്ന് മക്കള്‍ക്ക് മാതാപിതാക്കളോടോ, മാതാപിതാക്കള്‍ക്ക് അച്ഛനമ്മമാരോടോ വാത്സല്യം നഷ്ടപ്പെടുന്നു എന്ന് തറപ്പിച്ച് പറയാനാകില്ല. ജീവിത സാഹചര്യങ്ങള്‍ മാറുന്നതനുസരിച്ച് ജീവിത രീതി മാറിയെന്നിരിയ്ക്കാം. അനിശ്ചിതമായ സംഭവങ്ങള്‍, ചില സംഭവങ്ങള്‍ മാത്രമാണ്. മനുഷ്യത്വം നഷ്ടപ്പെട്ട ജീവിതങ്ങള്‍ക്ക് മാത്രമേ ഇത്തരം അനിശ്ചിത സംഭവങ്ങള്‍ക്ക് ഉത്തരവാദികളാകാന്‍ കഴിയൂ.

ദേവാലയങ്ങളേക്കാള്‍ പരിശുദ്ധമാണ് മാതൃ ഹൃദയം, ദേവാലയങ്ങളില്‍ വാഴുന്ന ദൈവങ്ങളെക്കാളും ശക്തിയേറിയതും, സഹിയ്ക്കാനും പൊറുക്കാനും കഴിയപ്പെടുന്ന കാണപ്പെടുന്നതുമായ ദൈവമാണ് ത്യാഗത്തിന്റെയും സഹിഷ്ണുതയുടെയും, സ്‌നേഹത്തിന്റെയും, വാത്സല്യത്തിന്റെയും ആകെ തുകയായ ഒരു മാതാവ്. ഓരോ കുഞ്ഞിന്റെയും ശരീരത്തില്‍, മനസ്സില്‍ ഒരു വേദന പറ്റിയാല്‍ ആ വേദന കൂടുതല്‍ പ്രതിഫലിയ്ക്കുന്നത് മാതാവിന്റെ ഹൃദയത്തിലാണ്. ആ നെഞ്ചു പിടയുന്നത് മക്കള്‍ക്ക് വേണ്ടിയാണ്, ആ പ്രാര്‍ത്ഥന എന്നും തന്റെ രക്തത്തില്‍ നിന്നും ഉരുത്തിരിഞ്ഞ മറ്റൊരു ജീവനുവേണ്ടിയാണ്. തന്റെ അന്ത്യശ്വാസം വരെ ആ കണ്ണുകള്‍ കാണാന്‍ ആഗ്രഹിയ്ക്കുന്നത് മക്കളെയാണ്, മക്കളുടെ ചുണ്ടിലെ ചിരിയാണ്. ആ നിസ്വാര്‍ത്ഥ സ്‌നേഹം മക്കള്‍ക്കുവേണ്ടി മാത്രമാണ്. ആ ശാസന നന്മയ്ക്കുവേണ്ടി മാത്രമാണ്, ആ സ്വാര്‍ത്ഥത മക്കള്‍ എന്ന് മാത്രമാണ്. 

ഓരോ മനുഷ്യനും തന്റെ മനസ്സെന്ന ദേവാലയത്തില്‍ പ്രതിഷ്ഠിയ്‌ക്കേണ്ടത് 'അമ്മ എന്ന അനുപമമായ മാതൃ വാത്സല്യത്തെയാണ്. ആരാധന നടത്തേണ്ടത് ആ മനസ്സിന്റെ നന്മയെയാണ്. എന്നും സേവിയ്‌ക്കേണ്ടത് ആ പാദത്തെയാണ്. 'അമ്മ എന്ന ചൈതന്യം എല്ലാ മനസ്സിലും ജീവ ചൈതന്യമായി നിറഞ്ഞു നില്‍ക്കും.

നമ്മള്‍ നമ്മുടെ മാതാപിതാക്കളെ സ്‌നേഹിയ്ക്കുന്നതിലൂടെ വരും തലമുറ നമ്മിലെ മാതാപിതാക്കളും സ്‌നേഹിയ്ക്കപ്പെടട്ടെ. നമ്മള്‍ നമ്മുടെ മാതാപിതാക്കളെ സ്‌നേഹിയ്ക്കുന്നതിലൂടെ വരും തലമുറകളാല്‍ നമ്മിലെ മാതാപിതാക്കളും സ്‌നേഹിയ്ക്കപ്പെട്ടേക്കാം. ജനനിയെന്ന പ്രപഞ്ച ശക്തിയിലെ അതുല്യമായ സ്‌നേഹം അമ്മയെ സ്‌നേഹിച്ചുകൊണ്ടുതന്നെ ഓരോരുത്തര്‍ക്കും നുകര്‍ന്നറിയാം.

എല്ലാവര്ക്കും മാതൃദിനാശംസകള്‍!

അനുപമം ഈ മാതൃസ്‌നേഹം (ജ്യോതിലക്ഷ്മി നമ്പ്യാര്‍)
Join WhatsApp News
P R Girish Nair 2019-05-11 15:47:43
നൊന്തുപെറ്റു വളർത്തി നമ്മെ നമ്മളാക്കിയ വാത്സല്യനിധികളാണ് അമ്മമാർ. മക്കൾ എത്ര മേൽ വളർന്നാലും ലാളിച്ച് കൊതി തീരാത്ത ഹൃദയം ആണ് അമ്മമാരുടേത്. സർവ്വംസഹിക്കുന്നവൾ ആണ് അമ്മ. അമ്മയാണ്‌ എന്റെ ഗുരു, അമ്മയാണ് എന്റെ ദൈവം, അമ്മയാണ് എല്ലാം. അമ്മയാകുന്ന പ്രപഞ്ച വെളിച്ചത്തിൽ ഒരു മാതൃദിനം കൂടി ആഘോഷിക്കുമ്പോൾ അമ്മമാർ എല്ലാം മറന്ന് സന്തോഷിക്കട്ടെ. ആയുസ്സ് എത്തും വരെ നമ്മുടെ അമ്മമാർക്ക് കൊടുക്കാൻ സാധിക്കുന്നത് തികഞ്ഞ ആദരവും സ്നേഹവും പരിലാളനവും ആണ്. ശരണാലയത്തിലേക്ക് തള്ളിവിടുന്ന അമ്മമാരുടെ ചുടുകണ്ണീർ പ്രളയത്തിൽ ആരും മുങ്ങി പോകാതിരിക്കട്ടെ. 

നാളത്തെ സ്ഥിതി തീർത്തും പരിതാപകരമാണ് അമ്മയും അമ്മിഞ്ഞയും ഗർഭപാത്രവും വാടകക്ക് കിട്ടുന്ന ഇക്കാലത്തു അമ്മയ്ക്ക് കുട്ടികളോടും തിരിച്ചുമുള്ള മനസ്സിൻറെ അടുപ്പം എത്രമേൽ ഈടുറ്റതാകും.

എല്ലാ അമ്മമാർക്കും മാതൃദിനാശംസകൾ!!!   

നല്ലൊരു ലേഖനത്തിന് അഭിനന്ദനം ജ്യോ

Easow Mathew 2019-05-12 13:44:34
മാതൃ സ്നേഹത്തിന്‍റെ മാഹാത്മ്യം ജ്യോതിലക്ഷ്മി നന്നായി വര്‍ണ്ണിച്ചിരിക്കുന്നു. അഭിനന്ദനം! Dr. E,M. Poomottil
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക