Image

രാജീവ്‌ ഗാന്ധിക്കെതിരായ പരാമര്‍ശത്തില്‍ മോദിയെ തള്ളി രാജ്‌നാഥ്‌ സിംഗ്‌

Published on 12 May, 2019
രാജീവ്‌ ഗാന്ധിക്കെതിരായ പരാമര്‍ശത്തില്‍ മോദിയെ തള്ളി രാജ്‌നാഥ്‌ സിംഗ്‌

മുന്‍ പ്രധാനമന്ത്രി രാജീവ്‌ ഗാന്ധിക്കെതിരെയുള്ള വിവാദ പരാമര്‍ശത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തള്ളിപ്പറഞ്ഞ്‌ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ്‌ സിംഗ്‌. രാജ്യത്തെ ഒരു പ്രധാനമന്ത്രിയെ കുറിച്ചും താന്‍ മോശമായി സംസാരിക്കില്ലെന്ന്‌ രാജ്‌നാഥ്‌ സിഗ്‌ പറഞ്ഞു. ഇതോടെ മോദിയുടെ പരാമര്‍ശത്തെ സ്വന്തം മന്ത്രിമാര്‍ പോലും അനുകൂലിക്കുന്നില്ലെന്ന്‌ വ്യക്തമായിരിക്കുകയാണ്‌.

`ഏതു രാഷ്ട്രീയ പാര്‍ട്ടിയായാലും ഒരു പ്രധാനമന്ത്രിയെക്കുറിച്ചും അസഭ്യ പരാമര്‍ശം ഞാന്‍ നടത്തില്ല. പ്രധാനമന്ത്രി, പ്രസിഡന്റ്‌ എന്നിവരൊന്നും വ്യക്തികളല്ല സ്ഥാപനങ്ങളാണ്‌'- രാജ്‌നാഥ്‌ സിംഗ്‌ ബീഹാറില്‍ തിരഞ്ഞെടുപ്പ്‌ പ്രചാരണ റാലിയില്‍ പറഞ്ഞു.

`എല്ലാ പാര്‍ട്ടിക്കാരുടേയും പൊതുജനത്തിന്റേയും കര്‍ത്തവ്യമാണ്‌ ഈ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുക എന്നുള്ളത്‌. ഈ സ്ഥാപനങ്ങള്‍ ദുര്‍ബലപ്പെട്ടാല്‍ ജനാധിപത്യം ദുര്‍ബലപ്പെടും. ജനാധിപത്യം ദുര്‍ബലപ്പെട്ടാല്‍ ലോകത്തെ ഒരു ശക്തിക്കും രാജ്യം വിഭജിക്കുന്നത്‌ തടയാന്‍ കഴിയില്ല.

രാജ്യത്തിന്റെ വികസനത്തിന്‌ ഏതെങ്കിലും പാര്‍ട്ടി ഒന്നും ചെയ്‌തിട്ടില്ലെന്നും ഞാന്‍ പറയില്ല. എല്ലാ പാര്‍ട്ടികളും എന്തെങ്കിലുമൊക്കെ ചെയ്‌തിട്ടുണ്ട്‌, അവരുടെ പ്രവര്‍ത്തന രീതികള്‍ വ്യത്യസ്‌തമായിരിക്കും എന്നു മാത്രം'- രാജ്‌നാഥ്‌ സിംഗ്‌ കൂട്ടിച്ചേര്‍ത്തു.

നേരത്തെ, രാജീവ്‌ ഗാന്ധി ഒന്നാം നമ്പര്‍ അഴിമതിക്കാരനായിരുന്നുവെന്ന മോദിയുടെ പരാമര്‍ശം വലിയ വിവാദമായിരുന്നു. ഉത്തര്‍പ്രദേശില്‍ മെയ്‌ നാലിനായിരുന്നു മോദിയുടെ വിവാദ പ്രസംഗം.

മിസ്റ്റര്‍ ക്ലീന്‍ എന്നായിരുന്നു സേവകര്‍ നിങ്ങളുടെ പിതാവിനെ വിളിച്ചിരുന്നത്‌. എന്നാല്‍ ഒന്നാം നമ്പര്‍ അഴിമതിക്കാരന്‍ എന്ന പേരിലാണ്‌ നിങ്ങളുടെ പിതാവിന്റെ ജീവിതം അവസാനിച്ചത്‌,'നിങ്ങളുടെ പിതാവിനെ മിസ്റ്റര്‍ ക്ലീന്‍ ആക്കി കാണിക്കുന്നത്‌ അദ്ദേഹത്തിന്റെ സേവകരാണ്‌. സത്യത്തില്‍ അദ്ദേഹം അവസാനം വരെ നമ്പര്‍ വണ്‍ അഴിമതിക്കാരനായിരുന്നു.' എന്നാണ്‌ മോദി രാഹുല്‍ ഗാന്ധിയെ ലക്ഷ്യമിട്ട്‌ പ്രസംഗിച്ചത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക