Image

അമ്മ വാങ്ങിത്തന്ന അഡ്മിഷന്‍ (അനില്‍ പെണ്ണുക്കര)

Published on 12 May, 2019
അമ്മ വാങ്ങിത്തന്ന അഡ്മിഷന്‍ (അനില്‍ പെണ്ണുക്കര)
അമ്മയെക്കുറിച്ച് ഒരു പുസ്തകമെഴുതാന്‍ പറഞ്ഞാല്‍ എത്ര പുസ്തകങ്ങള്‍ നമുക്ക് എഴുതാന്‍ പറ്റും. എണ്ണമില്ലാത്ത അത്ര പുസ്തകങ്ങള്‍ ... അതാണ് അമ്മ.

നമുക്കുണ്ടാകുന്ന ജയ പരാജയങ്ങളിലെ പ്രധാന സാക്ഷിയാകും പലപ്പോഴും അമ്മ..

' ചുക്ക് ചേരാത്ത കഷായമില്ല'
എന്ന് പല അദ്ധ്യാപകരും എന്നെ കുറിച്ച് പത്താം ക്ലാസ് വരെ അമ്മയോട് പറഞ്ഞിട്ടുണ്ടെങ്കിലും

'നിങ്ങ.. നിങ്ങടെ കാര്യം നോക്ക്.. എന്റെ മോനെ എനിക്കറിയാം .അവന്‍ പഠിച്ചോളും നന്നായി വന്നോളും '

എന്ന് അമ്മ അവരോടൊക്കെ മറുപടി പറഞ്ഞത് പലപ്പോഴും എന്റെ മുഖത്ത് നോക്കിക്കൊണ്ടായിരുന്നു.

പത്താം ക്ലാസ് പാസായി കഴിഞ്ഞാല്‍ ഇന്നത്തെപ്പോലെ ഏകജാലകം ഒന്നും അന്നില്ല.മാര്‍ക്കുണ്ടങ്കില്‍ മെറിറ്റില്‍ കിട്ടും.

ഇല്ലങ്കില്‍ ഏതെങ്കിലും രാഷ്ട്രീയക്കാരന്റെയോ കോളജ് മാനേജ്‌മെന്റ് മൊതലാളിയുടേയോ ജാലക വാതിലില്‍ പോയി നില്‍ക്കണം.

1200 ല്‍ 572 മാര്‍ക്ക് വാങ്ങിയ എനിക്ക് സാധാരണ കോളജില്‍ അഡ്മിഷന്‍ കിട്ടാന്‍ പ്രയാസമാണെന്ന് അറിയാമായിരുന്നു. എങ്കിലും അന്നത്തെ പതിവ് ആചാരം തെറ്റിച്ചില്ല.. ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളജ്, മാവേലിക്കര ബിഷപ് മൂര്‍ കോളജ് ,ചെങ്ങന്നൂര്‍ ശ്രീ നാരായണ കോളജ് എന്നിവടങ്ങളില്‍ നിന്ന് ഫോം വാങ്ങി. എല്ലാവരും ചെയ്യുന്ന പോലെ ഒന്നാം ഓപ്ഷന്‍ ഫസ്റ്റ് ഗ്രൂപ്പും ,രണ്ടാം ഓപ്ഷന്‍ സെക്കന്റ് ഗ്രൂപ്പും, മൂന്നാം ഓപ്ഷന്‍ തേര്‍ഡ് ഗ്രൂപ്പും വച്ചു അപേക്ഷകള്‍ നല്‍കി.

കുറച്ച് ദിവസം കഴിഞ്ഞപ്പോള്‍ മാര്‍ക്ക് ഉള്ളവര്‍ക്കൊക്കെ അഭിമുഖക്കാര്‍ഡ് വന്നു തുടങ്ങി. അപ്പോഴാണ് അമ്മൂമ്മ അയല്‍വാസിയായ കോളജ് പ്രൊഫസറെക്കുറിച്ച് പറഞ്ഞത്. അദ്ദേഹം പഠിപ്പിക്കുന്ന കോളജില്‍ ഒരു അഡ്മിഷന്‍ വാങ്ങിത്തരാന്‍ പറയാം. ഞാനും അമ്മൂമ്മയും കൂടി ഒരു ദിവസം രാവിലെ അദ്ദേഹത്തെ കാണാന്‍ പോയി. എന്റെ മാര്‍ക്ക് ലിസ്റ്റ് വാങ്ങി നോക്കിയിട്ട് ...

' ഞാന്‍ ബാത്ത്‌റൂമില്‍ പോയി വരട്ടെ'

എന്ന് പറഞ്ഞ് പ്രൊഫസര്‍ അകത്തേക്ക് പോയതാണ്. പിന്നെ അദ്ദേഹത്തെ ഇതു വരെ ഞാന്‍ കണ്ടിട്ടില്ല.

അപേക്ഷിച്ച കോളജുകളില്‍ അഡ്മിഷന്‍ കിട്ടാതാവുകയും സുഹൃത്തുക്കളില്‍ പലര്‍ക്കും അഡ്മിഷന്‍ കിട്ടുകയും ചെയ്തപ്പോള്‍ ഒരു സങ്കടം..

'എടാ.. അവര്‍ക്ക് നിന്റെത്ര മാര്‍ക്കല്ലേ ഉള്ളു. ക്രിസ്ത്യന്‍ കോളജില്‍ അവര്‍ക്ക് കിട്ടിയല്ലോ ''
'അമ്മേ അവര്‍ക്ക് മാനേജ്‌മെന്റ് കോട്ടയില്‍ കിട്ടിയതാ റെക്കമെന്റും കാണും '

അമ്മയ്ക്ക് ആകെ സങ്കടമായി.

'നീ വിഷമിക്കേണ്ട ഒരു വഴി തുറന്നു വരും '

പിറ്റേ ദിവസം ചന്തയില്‍ പോയ അമ്മ എനിക്ക് അഡ്മിഷനുമായാണ് തിരികെ വന്നത്. ചെങ്ങന്നൂര്‍ ശ്രീ നാരായണ കോളജില്‍.. തേര്‍ഡ് ഗ്രൂപ്പിന് അഡ്മിഷന്‍ ..

അമ്മ ചെങ്ങന്നൂര്‍ ചന്തയില്‍ സാധനം വാങ്ങിക്കൊണ്ടു നില്‍ക്കേ ദൈവ ദൂതനെ പോലെ ഒരാള്‍ പ്രത്യക്ഷപ്പെട്ടു.ചെങ്ങന്നൂര്‍ ശ്രീ നാരായണ കോളജ് സൂപ്രണ്ട്. അമ്മയുടെ നാട്ടുകാരി. അമ്മയുടെ സഹപാഠി.

കുശലാന്വേഷണത്തിനിടയില്‍ തനിക്ക് ജോലി ചെങ്ങന്നൂര്‍ ശ്രീനാരായണ കോളജില്‍ ആണന്ന് പറഞ്ഞപ്പോള്‍ അമ്മ പറഞ്ഞു
'എന്റെ മോനൊരു അഡ്മിഷന്‍'
'ഓമന വിഷമിക്കേണ്ട അവനെയും കൂട്ടി നാളെ കോളേജിലേക്ക് വരൂ '
എന്ന് പറഞ്ഞു ..
അതാണ് സഹപാഠി..
ഒരു ഒന്നൊന്നര സഹപാഠി..
പിന്നെ എല്ലാം എളുപ്പത്തിലായി.

അങ്ങനെ പുഷ്പം പോലെ അമ്മ എനിക്ക് അഡ്മിഷന്‍ വാങ്ങിത്തന്നു....
അതാണ്
എന്റെ
അമ്മ...
ഓമനയമ്മ..

അമ്മ
ഇന്ന് ഒപ്പമില്ല.
ആകാശത്തിലെവിടെയോ ഒരു നക്ഷത്രമായി ഞങ്ങളെ നോക്കി നില്‍ക്കുന്നുണ്ടാവും..

ജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ ഇപ്പോഴും അമ്മയുടെ ഫോട്ടോയില്‍ നോക്കും. പ്രാര്‍ത്ഥിക്കും. അവയൊക്കെ പരിഹരിക്കപ്പെടും.

എന്റെ എല്ലാ ദിവസങ്ങളും തുടങ്ങുന്നത് അമ്മയില്‍ നിന്നാണ്..
അതു കൊണ്ട് എനിക്ക് എല്ലാ ദിനങ്ങളും അമ്മ ദിനങ്ങളാണ്.

എല്ലാ മക്കളും അമ്മമാരെ നെഞ്ചോട് ചേര്‍ക്കുക. അവര്‍ നമുക്കായി ചുരത്തിയ സമുദ്രത്തിന്റെ തിരകള്‍ നമ്മെ തലോടുന്നത് നമുക്ക് കേള്‍ക്കാം....

അത് അനുഭവിച്ചറിയണം
അതൊരു കരുത്താണ്..
വ്യാഖ്യാനങ്ങളില്ലാത്ത ശക്തി..

എല്ലാ അമ്മമാര്‍ക്കും ഉമ്മ...
ഒരായിരം ഉമ്മ..
ഉമ്മ...

==================
വര: ഷംസു ആയിപ്പുഴ
അമ്മ വാങ്ങിത്തന്ന അഡ്മിഷന്‍ (അനില്‍ പെണ്ണുക്കര)
Join WhatsApp News
benny 2019-05-12 20:09:22
'നിങ്ങ.. നിങ്ങടെ കാര്യം നോക്ക്.. എന്റെ മോനെ എനിക്കറിയാം .അവന്‍ പഠിച്ചോളും... നന്നായി വന്നോളും ' 

അമ്മ 
അന്ന് തിരിച്ചു പറഞ്ഞായിരുന്നെങ്കിൽ......... ആ അധ്യാപകരുടെ കൂടെ കൂടിയിരുന്നെങ്കിൽ... അവരുടെ മുൻപിലിട്ട് 'പാഠം' പഠിപ്പിച്ചിരുന്നെങ്കിൽ!    
ചെയ്തില്ല......................
ഇതാണ് അമ്മ!. 
Sakav thomman 2019-05-12 20:26:30
American who dont care for Amma or Appan celebrate ammadinam by drinking 
Or drugging. Some of us join this nonsense too. 
Our great Amma, we worship everday, we follow what she taught us. Our nurse, teacher, priestess, our god.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക