Image

അഗപ്പേ ചര്‍ച്ചില്‍ അമ്മമാരെ മദേഴ്‌സ് ഡേയില്‍ ആദരിച്ചു.

(പി. സി. മാത്യു) Published on 13 May, 2019
അഗപ്പേ ചര്‍ച്ചില്‍ അമ്മമാരെ മദേഴ്‌സ്  ഡേയില്‍ ആദരിച്ചു.
ഡാളസ്: സണ്ണിവെയിലില്‍ സ്ഥിതി ചെയ്യുന്ന അഗപ്പേ ചര്‍ച്ചില്‍ സാധാരണ ഞായറാഴ്ചകളില്‍ നടന്നുവരുന്ന ആരാധനക്ക് ശേഷംമദേഴ്‌സ് ഡേ പ്രമാണിച്ചു അമ്മമാരെ സ്‌നേഹത്തിന്റെ പ്രതീകമായി ചുമന്ന ഫ്രഷ് റോസാപുഷ്പവും ഗിഫ്റ്റും നല്‍കി പാസ്റ്റര്‍ ഷാജി കെ. ഡാനിയേലും സിസ്റ്റര്‍ ഷൈനി ചെറിയാനും സംയുക്തമായി ആദരിച്ചു. തുടര്‍ന്ന് എല്ലാ അമ്മമാര്‍ക്കുമായി പ്രത്യേക പ്രാര്‍ത്ഥനയും നടത്തി.

അഗപ്പേ ഹോം ഹെല്‍ത്ത് അഡ്മിനിസ്‌ട്രേറ്റര്‍ ആന്‍ഡ് ഡയറക്ടര്‍ ഷൈനി ചെറിയാന്‍ മതേര്‍സ് ഡേ സന്ദേശം നല്‍കി. കുട്ടികള്‍ ഇന്‍സ്ട്രക്ഷന്‍ മാനുവലുമായി ജീവിതത്തിലേക്ക് കടന്നുവരുന്നു എന്ന് തന്റെ മക്കളെ ഉദാഹരണമായി ചൂണ്ടിക്കാട്ടിക്കൊണ്ട്, കുട്ടികള്‍ മാതാ പിതാക്കളെ അനുസരിക്കണമെന്നും അത് അവരുടെ ജീവിത അനുഗ്രഹമായി മാറുമെന്നും ഷൈനി ചെറിയാന്‍ പറഞ്ഞു. 'അമ്മ എന്തെങ്കിലും ആവശ്യപ്പെട്ടാല്‍ തങ്ങള്‍ തിരക്കിലാണെന്നു പറഞ്ഞു ഒഴിവാക്കുവാന്‍ പാടില്ലെന്നും അമ്മയുടെ ഇഷ്ടം ചെയ്തു കൊടുക്കണമെന്നും ഷൈനി പറഞ്ഞു. ദിനവൃത്താന്തം ഇരുപത്തിയെട്ട് ഒന്നാം അധ്യായം മുതല്‍ പതിന്നാലാം അധ്യായം വരെ പറഞ്ഞിട്ടുള്ള അനുഗ്രഹങ്ങള്‍ അനുസരിക്കുന്നവര്‍ക്കുള്ളതാണ്. നിങ്ങള്‍ക്കു അനുഗ്രഹം കിട്ടാതിരിക്കണമെങ്കില്‍ അത് മാതാ പിതാക്കളെ അനുസരിക്കാതിരുന്നാല്‍ മതി. കുട്ടികള്‍ ചെയ്യണ്ടതായ കാര്യങ്ങളുടെ ഒരു പ്രായോഗിക ലിസ്റ്റ് തന്നെ ഷൈനി നിരത്തുകയുണ്ടായി. സന്തോഷത്തോടെ മുറികള്‍ ക്ളീന്‍ ചെയ്യുക, പാത്രങ്ങള്‍ കഴുകുക, പച്ചക്കറികള്‍ അരിഞ്ഞു കൊടുക്കുക, വീടിന്റെ മുറ്റത്തെ കളകള്‍ പറിക്കുക, വീട്ടിലെ ചെറിയ കുട്ടികളെ പഠിക്കാനും മറ്റും സഹായിക്കുക, കടകളില്‍നിന്നും വീട്ടു സാധനങ്ങള്‍ വാങ്ങുവാന്‍ സഹായിക്കുക, എവിടെയെങ്കിലും പോകുമ്പോള്‍ അനുവാദം വാങ്ങിയിട്ട് പോകുക, ഇങ്ങനെ പ്രായോഗിക ജീവിതത്തില്‍ വേണ്ടതായ കാര്യങ്ങളുടെ സങ്കീര്‍ണത നിലനിര്‍ത്തി കൊണ്ട് ഷൈനി പ്രസംഗിച്ചു.

കുട്ടികളുടെ അടുത്തിരിക്കാന്‍ കഴിയാതെ ജോലിക്കു പോകുന്ന അമ്മമാരുടെ കുറ്റ ബോധത്തെപറ്റിയും ഷൈനി പ്രതിപാദിച്ചു. അതെ സമയം വീട്ടില്‍ കഴിയുന്ന അമ്മമാര്‍ ചിന്തിക്കുന്നത് അവരുടെ ജീവിതം കുഞ്ഞുങ്ങള്‍ക്കായി നല്‍കുന്നു എന്നാണ്. നിങ്ങള്‍ നിങ്ങളായി തീരുന്നതു നിങ്ങളുടെ വിദ്യാഭ്യാസമോ പ്രൊഫഷനോ അല്ല. നേരെമറിച്ചു, എന്ത് തിരഞ്ഞെടുത്താലും സ്വര്‍ഗീയ പിതാവാകുന്ന ദൈവം നിങ്ങളെ സ്‌നേഹിക്കുന്നു. നിങ്ങളുടെ ജീവിതത്തിനു വേണ്ടതായ അര്‍ഥം നല്‍കുകയും ചെയ്യുന്നു. മാതാ പിതാക്കള്‍ കുട്ടികളെ അനുഗ്രഹിക്കണ്ടതും ആവശ്യമാണ്. അവര്‍ ചെയ്യുന്ന നല്ല കാര്യങ്ങള്‍ക്കു അനുമോദനം പറയുകയും വേണം. അനുഗ്രഹവും ശാപവും നമ്മുടെ നാവില്‍ തന്നെ ഇരിക്കുന്നു എന്ന് വിശുദ്ധ വേദപുസ്തകം ഉദ്ധരിച്ചു ഷൈനി തുടര്‍ന്നു. നമ്മുടെ കുട്ടികള്‍ ദൈവത്തെ അറിഞ്ഞു ജീവിക്കുന്നു എന്നുള്ളതാണ് മാതാ പിതാക്കള്‍ക്ക് ഏറ്റവും സന്തോഷം നല്‍കുന്ന കാര്യം എന്നും ഷൈനി എടുത്തു പറഞ്ഞു. നിങ്ങളുടെ അമ്മയെ മറ്റു അമ്മമാരുമായി ഒരിക്കലും താരതമ്യപ്പെടുത്തി നോക്കാന്‍ പാടില്ല. കാരണം നിങ്ങളുടെ 'അമ്മ എങ്ങനെ ഇരുന്നാലും, ആരായാലും ദൈവം നിങ്ങള്‍ക്കായി തിരഞ്ഞെടുത്തതാണെന്നോര്‍ക്കണം. മതേര്‍സ് ഡേ ലഞ്ചോടുകൂടി യോഗം അവസാനിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക