Image

മന്ത്രി ഷെെലജയെ വീണ്ടും വീണ്ടും വാഴ്‌ത്തിക്കേട്ടപ്പോള്‍ എന്റെ ഒരു അനുഭവം ഓര്‍ത്തു പോയി: ഫേസ്ബുക്ക് കുറിപ്പ്

Published on 13 May, 2019
മന്ത്രി ഷെെലജയെ വീണ്ടും വീണ്ടും വാഴ്‌ത്തിക്കേട്ടപ്പോള്‍ എന്റെ ഒരു അനുഭവം ഓര്‍ത്തു പോയി: ഫേസ്ബുക്ക് കുറിപ്പ്

തിരുവനന്തപുരം: കഴിഞ്ഞ ദിവസം ഹൃദയസംബന്ധമായ അസുഖമുള്ള ഒരുദിവസം മാത്രം പ്രായമുള്ളകുഞ്ഞിന് സഹായഹസ്‌തദാനവുമായെത്തിയത് ആരോഗ്യമന്ത്രി കെ.കെ ഷെെലജ ടീച്ചര്‍ എത്തിയ വാര്‍ത്ത ഏറെ ശ്രദ്ധനേടിയിരുന്നു. ആരോഗ്യ മന്ത്രി ഹൃദ്യം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുഞ്ഞിന്റെ ചികിത്സ സൗജന്യമാക്കുകയും എറണാകുളത്തെ ലിസി ആശുപത്രിയില്‍ എത്തിക്കാനായി ആംബുലന്‍സ് അയക്കുകയും ചെയ്തിരുന്നു. ഷെെജ ടീച്ചറെ പ്രശംസിച്ച്‌ നിരവധി പേരായിരുന്നു രംഗത്തെത്തിയത്. എന്നാല്‍ ഈ വിഷയത്തില്‍ വേറിട്ട പ്രതികരണവുമായെത്തിയിരിക്കുകയാണ് പ്രമോദ് കുമാര്‍.

"എന്റെ അച്ഛന്‍ എന്നെ സര്‍ക്കാര്‍ ആശുപത്രിയില്‍ കൊണ്ട് പോയത് തീരെ പണമില്ലാത്തതു കൊണ്ടല്ല, സര്‍ക്കാരിനെയായിരുന്നു, സര്‍ക്കാരിനുള്ള ഡോക്ടര്‍മാരെ ആയിരുന്നു വിശ്വാസം.കോര്‍പ്പറേറ്റ് ആശുപത്രികള്‍ വളരുന്നതിലെ ഏറ്റവും വലിയ അപകടം, ഇനി ഒരു തിരിച്ചു പോക്ക് ഉണ്ടാവില്ല എന്നതാണ്. സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രഗത്ഭരായ ഡോക്ടര്‍മാരെ കിട്ടാന്‍ പോലും പ്രയാസമാവുന്ന കാലം വിദൂരമല്ല"-അദ്ദേഹം പോസ്റ്റില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

മന്ത്രി ശൈലജയെ വീണ്ടും വീണ്ടും വാഴ്ത്തിക്കേട്ടപ്പോള്‍ എന്റെ ഒരു അനുഭവം ഓര്‍ത്തു പോയി. ഞാന്‍ പ്രീ ഡിഗ്രിക്ക് (സെക്കന്റ് ഗ്രൂപ്പ്) ആര്‍ട്സ് കോളേജില്‍ (1980-82) പഠിക്കുമ്ബോള്‍ കോഴ്സ് കാലത്തു ഒഴിവാക്കാന്‍ പാടില്ലാത്ത യൂണിവേഴ്സിറ്റി വക മെഡിക്കല്‍ സ്ക്രീനിംഗ് ഉണ്ട്. എന്റെ കണ്ണ് മഞ്ചിച്ചിരിക്കുന്നത് കണ്ടു മെഡിക്കല്‍ ക്യാമ്ബിലെ ഡോക്ടര്‍ വയറില്‍ ഞെക്കി ചില പരിശോധനകള്‍ നടത്തിയിട്ടു പറഞ്ഞു, "മെഡിക്കല്‍ കോളേജില്‍ പോണം. ലിവര്‍ വീങ്ങിയിട്ടുണ്ട്". എന്റെ അച്ഛന്‍, സെക്രെട്ടറിയേറ്റ് ഉദ്യോഗസ്ഥന്‍, എന്നെ മെഡിക്കല്‍ കോളേജില്‍ കൊണ്ട് പോയി.

അവിടെ പോയി ഒരുപാട് വെയിറ്റ് ചെയ്ത ഓര്‍മയൊന്നും ഇല്ല. OP-യില്‍ നിന്ന് ഡോക്ടറെ അനുവദിച്ചു കിട്ടി - അതി പ്രഗത്ഭനായ ഡോക്ടര്‍ മാത്യു റോയ്. അദ്ദേഹം എന്നെ പരിശോധിച്ചു, ക്യാമ്ബിലെ ഡോക്ടര്‍ സംശയിച്ച കാര്യം ശരിയാണെന്നു പറഞ്ഞു - ലിവര്‍ വീങ്ങിയിട്ടുണ്ട്. പത്തു രൂപയ്ക്കോ മറ്റോ ബിലിറൂബിന്‍ ടെസ്റ്റ് എഴുതിത്തന്നു. ഒരു സ്കാനും ഇല്ല (സ്കാനുകള്‍ അന്ന് ഇല്ല). ബിലിറൂബിന്‍ കൂടുതലായിരുന്നു. വീട്ടില്‍ പോയി മൂന്നാഴ്ച റസ്റ്റ് എടുക്കാന്‍ പറഞ്ഞു. മരുന്നും ഇല്ല. വീണ്ടും ടെസ്റ്റ് ചെയ്തു വരാനും പറഞ്ഞു. വീണ്ടും പല പ്രാവശ്യം ടെസ്റ്റുകള്‍ ചെയ്തതും ഡോക്ടറെ കണ്ടതും ഓര്‍മയുണ്ട്. അസുഖം അങ്ങ് പോയി.

ഇന്ന് ഇത് സാധ്യമാവില്ല. സ്വകാര്യ ആശുപത്രിയിലെ പോകാനാവൂ. ഒരു പത്തു സ്‌കാനുകളെങ്കിലും എടുപ്പിക്കും, ഇന്‍ഷുറന്‍സ് ഉണ്ടോ എന്ന് ചോദിക്കും, ഒരായിരം ടെസ്റ്റുകള്‍ ചെയ്യിച്ചേനെ. എന്തെങ്കിലുമൊക്കെ മരുന്നുകള്‍ തന്നു മറ്റു വലിയ ദുരിത രോഗങ്ങളിലേക്കു തള്ളി വിട്ടേനെ. രണ്ടു ലക്ഷത്തിന്റെ ഇന്‍ഷുറന്‍സ് കവര്‍ രണ്ടു ദിവസം കൊണ്ട് തീര്‍ത്തു തരും. ഇന്‍ഷുറന്‍സ് ഹാപ്പി, ആശുപത്രി ഹാപ്പി.

മെഡിക്കല്‍ കോളേജില്‍ പോയി ഡോക്ടര്‍ മാത്യു റോയിയെ കാണുമ്ബോഴെല്ലാം അദ്ദേഹം മെഡിക്കല്‍ പുസ്തകങ്ങള്‍ വായിക്കുകയായിരുന്നു. ഓരോ രോഗി പോയി അടുത്ത രോഗി വരുന്നതിന്റെ സെക്കന്റുകളുടെ ഇടവേളകളില്‍ പോലും. ഇപ്പോഴുള്ള ഡോക്ടര്‍മാര്‍, BMW കാറിന്റെ pamplet വായിക്കുകയായിരിക്കും.

ഇതായിരുന്നു കേരളം. ഈ കേരളത്തെയാണ് കുട്ടിച്ചോറാക്കി വച്ചിരിക്കുന്നത്.

എന്റെ അച്ഛന്‍ എന്നെ സര്‍ക്കാര്‍ ആശുപത്രിയില്‍ കൊണ്ട് പോയത് തീരെ പണമില്ലാത്തതു കൊണ്ടല്ല, സര്‍ക്കാരിനെയായിരുന്നു, സര്‍ക്കാരിനുള്ള ഡോക്ടര്‍മാരെ ആയിരുന്നു വിശ്വാസം. കോര്‍പ്പറേറ്റ് ആശുപത്രികള്‍ വളരുന്നതിലെ ഏറ്റവും വലിയ അപകടം, ഇനി ഒരു തിരിച്ചു പോക്ക് ഉണ്ടാവില്ല എന്നതാണ്. സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രഗത്ഭരായ ഡോക്ടര്‍മാരെ കിട്ടാന്‍ പോലും പ്രയാസമാവുന്ന കാലം വിദൂരമല്ല. 1990-കള്‍ക്ക് ശേഷം സ്വകാര്യ, കോര്‍പ്പറേറ്റ് ഹോസ്പിറ്റലുകള്‍ ഇങ്ങനെ നാട് മുഴുവന്‍ പടര്‍ന്നു പിടിക്കാതിരുന്നെങ്കില്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തന്നെയായിരുന്നു ജനങ്ങള്‍ വിശ്വസിക്കുക.

ഡെക്കഡെല്‍ ജനസംഖ്യ വളര്‍ച്ച കേരളത്തില്‍ അഞ്ചു ശതമാനത്തില്‍ താഴെയാണ്. അതിനിയും കുറയും.

അത് കൊണ്ട് നമ്മുടെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഇങ്ങനെ ആള് കൂടേണ്ട കാര്യമില്ല - അതിനു കാരണം പകര്‍ച്ച വ്യാധികള്‍ നിയന്ത്രിക്കാത്തതാണ്. പകര്‍ച്ച വ്യാധികള്‍ പെരുകാതിരിക്കണമെങ്കില്‍ മാലിന്യ നിര്‍മാര്‍ജനം ഉള്‍പ്പെടെയുള്ള സാമൂഹിക ഘടകങ്ങള്‍ നിയന്ത്രവിധേയമായിരിക്കണം. സ്വയം വരുത്തി വയ്ക്കുന്ന അപകടകരമായ lifestyle രോഗങ്ങള്‍ നിയന്ത്രിക്കണം. 1990-നു ശേഷം മാറി മാറി വന്ന സര്‍ക്കാരുകള്‍ നമ്മളോട് ചെയ്ത ഏറ്റവും വലിയ ക്രൈം ആണ് നമ്മുടെ പൊതു ആരോഗ്യ മേഖലയുടെ തകര്‍ച്ച, നമ്മുടെ പരിസ്ഥിതിയുടെ തകര്‍ച്ച. നിയോ ലിബറലിസം അപകടമാണ്. സിപിഎം പാവപ്പെട്ടവന്റെ കണ്ണില്‍ പൊടിയിട്ട് അത് നടപ്പിലാക്കുന്നു; കോണ്‍ഗ്രസ് ഒരുളുപ്പുമില്ലാതെ അത് നടപ്പിലാക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക