Image

കള്ളവോട്ട്: റീപോളിംഗ് വേണമോയെന്ന കാര്യത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഈ ആഴ്ച തീരുമാനമെടുക്കും

Published on 13 May, 2019
കള്ളവോട്ട്: റീപോളിംഗ് വേണമോയെന്ന കാര്യത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഈ ആഴ്ച തീരുമാനമെടുക്കും

തിരുവനന്തപുരം: കള്ളവോട്ടു നടന്നുവെന്ന് കണ്ടെത്തിയ ബൂത്തുകളില്‍ റീപോളിംഗ് വേണമോയെന്ന കാര്യത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഈ ആഴ്ച തീരുമാനമെടുക്കും. കള്ളവോട്ട് സംബന്ധിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയിരുന്നു. ഈ റിപ്പോര്‍ട്ടും തെരഞ്ഞെടുപ്പ് നിരീക്ഷകരുടെ റിപ്പോര്‍ട്ടും പരിശോധിച്ചതിന് ശേഷമാകും കമ്മീഷന്‍ റീപോളിങ്ങ് നടത്തണമോ എന്ന കാര്യത്തില്‍ തീരുമാനം എടുക്കുക.

കണ്ണൂര്‍, കാസര്‍കോഡ് മണ്ഡലങ്ങളില്‍ കള്ളവോട്ട് നടന്നുവെന്ന പരാതിയില്‍ കളക്ടര്‍മാരുടെ അന്വേഷണ റിപ്പോര്‍ട്ടും ദൃശ്യങ്ങള്‍ അടക്കമുള്ള തെളിവുകള്‍ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും കള്ളവോട്ട് നടന്നുവെന്ന് കണ്ടെത്തിയ ബൂത്തുകളില്‍ റീ പോളിംഗ് വേണമോയെന്ന കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അന്തിമ തീരുമാനമെടുക്കുക. ഇതിന് പുറമെ കമ്മീഷന്‍ നേരിട്ട് നിശ്ച്ചയിച്ച നിരീക്ഷകരുടെ റിപ്പോര്‍ട്ടും വിശദമായി പരിശോധിക്കും. ഇതിന് ശേഷം ഈ ആഴ്ച തന്നെ കമ്മീഷന്‍ ഇതു സംബന്ധിച്ചുള്ള തീരുമാനത്തിലെത്തുമെന്നാണ് കരുതുന്നത്.

കണ്ണൂര്‍ പിലാത്തറ എ യു പി സ്‌കൂള്‍, തൃക്കരിപ്പൂര്‍ കുരിയാട് ഹൈസ്‌കൂള്‍, കല്യാശ്ശേരി പുതിയങ്ങാടി ജമാഅത്ത് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ കള്ളവോട്ട് നടന്നുവെന്ന് കളക്ടര്‍ നടത്തിയ അന്വേഷണത്തില്‍ സ്ഥിരീകരിച്ചിരുന്നു. കുറ്റക്കാരെന്ന് കണ്ടെത്തിയവരില്‍ നിന്നും മൊഴിയെടുത്തതിന് ശേഷമാണ് കളക്ടര്‍ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് വിശദമായ റിപ്പോര്‍ട്ട് നല്‍കിയത്. ജനപ്രതിനിധികളടക്കം കള്ളവോട്ട് ചെയ്തത് വളരെ ഗൗരവത്തിലെടുത്ത ടിക്കാറാം മീണ കര്‍ശന നടപടികള്‍ക്കും നിര്‍ദേശിച്ചിരുന്നു. ഈ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ 17 പേര്‍ക്കെതിരെ പോലീസ് കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക