Image

എന്താണ് ഗോത്ര വൈദ്യത്തിന്റെ അടിസ്ഥാനം ? (ഭാഗം-1: ജീഷ്മ എ)

Published on 13 May, 2019
എന്താണ് ഗോത്ര വൈദ്യത്തിന്റെ അടിസ്ഥാനം ? (ഭാഗം-1: ജീഷ്മ എ)
വിശ്വാസത്തെ അടിസ്ഥാനപ്പെടുത്തിക്കൊണ്ടുള്ളതും പാരമ്പര്യമായി അനുവര്‍ത്തിച്ചു പോരുന്നതുമായ ക്രിയയെയാണ് ആചാരം എന്ന് പറയുന്നത്.ആ നിലയ്ക്ക് ഗോത്ര വൈദ്യവും ആചാരത്തിലും പാരമ്പര്യത്തിലും ഉള്‍പ്പെട്ടതാണ്.

രോഗം സ്വാഭാവികമായും സാര്‍വത്രികവുമാണ്, എല്ലാ ജന സാമാന്യങ്ങള്‍ക്കിടയിലും അവയെ മാറ്റുന്നതിന് ഏതെങ്കിലും തരത്തിലുള്ള ഉപാധികള്‍ ഉണ്ടായിരിക്കും. ഓരോ രോഗത്തെക്കുറിച്ചും അതിന്റെ കാരണങ്ങളെക്കുറിച്ചും ജനങ്ങള്‍ക്ക് ചില വിശ്വാസങ്ങളുണ്ട്. ഈ വിശ്വാസങ്ങള്‍ക്കനുസരിച്ച് അവയെ മാറ്റുന്നതിന് സവിശേഷങ്ങളായ രീതികളുണ്ടായിരിക്കും.

രോഗത്തെക്കുറിച്ചുള്ള ധാരണ, രോഗം മാറ്റാനുള്ള മരുന്നിനെക്കുറിച്ചുള്ള അറിവ് ഇതാണ് ഏതു വൈദ്യത്തിന്റെയും അടിസ്ഥാന ഘടകങ്ങള്‍.ഗോത്ര വൈദ്യത്തെ സംബന്ധിച്ചും ഇതു തന്നെയാണ് യാഥാര്‍ത്ഥ്യം.

കേന്ദ്രീകൃതമായിട്ടുള്ളതോ, സംഘടിതമോ ആയ അറിവുകളോ അതിനെ മുന്‍നിര്‍ത്തി കൊണ്ടുള്ള ചികിത്സാ വഴക്കങ്ങളൊന്നും ആദിവാസി വൈദ്യത്തില്‍ കാണാന്‍ സാധിക്കില്ല. പ്രകൃതിയുമായി നിരന്തരമായുള്ള പാരസ്പര്യത്തില്‍ നിന്ന് രൂപപ്പെടുന്ന പ്രായോഗികമായ അറിവുകളാണ് ഇവരുടെ ചികിത്സയുടെ അടിത്തറ. പൂര്‍ണ്ണമായും അനുഭവ സിദ്ധമായ അറിവുകള്‍ സ്വന്തം ജീവിത പരിസരവുമായി ആഴത്തിലുള്ള സമ്പര്‍ക്കത്തില്‍ നിന്നുണ്ടാകുന്ന ചില യാദൃശ്ചികതകളോ, ഉള്‍വിളികളോ ആണ് മിക്കപ്പോഴും ഒരു മരുന്നിന്റെ കണ്ടെത്തലിലേക്ക് വഴി ഒരുക്കുന്നത്. ഒപ്പം സസ്യങ്ങളുടെ ബാഹ്യരൂപം അവ കാണപ്പെടുന്ന ഇടത്തിന്റെ സവിശേഷത തുടങ്ങിയ ചില അടയാളങ്ങള്‍ക്കനുസരിച്ച് അവയുടെ രോഗശമന ശേഷിയെക്കുറിച്ചുള്ള യുക്തിയും രൂപപ്പെടുന്നു. അത് ഓരോ വൈദ്യന്റെയും തനതായ ചികിത്സാവിധികള്‍ ആയി പരിണമിക്കുന്നു. ലീഖിത രൂപങ്ങള്‍ ഇല്ലാത്ത ഈ അറിവുകള്‍ വാമൊഴിയായി പിന്നീടു തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നു.

ഗോത്ര വൈദ്യം ചൂഷണത്തിന് ഇരയാകുന്നത് ഊരു നിവാസികളുടെ ചികിത്സയില്‍ നിന്നും അവരുടെ ആരോഗ്യ പരിരക്ഷയെ മുന്‍നിര്‍ത്തി മാത്രം രൂപപ്പെട്ടു വന്ന വംശീയ വൈദ്യജ്ഞാനത്തിന്റെ ഗവേഷണ സാധ്യതയും അതുവഴി വിപണനമൂല്യവും പുറം ലോകത്തിനു തിരിച്ചറിവായതോടെയാണ് .

സ്വന്തം അറിവിന്റെ മൂല്യം തിരിച്ചറിയാന്‍ തുടങ്ങുന്നതിനു മുന്‍പ് ഊരിലും കാട്ടിലുമൊക്കെ കൂടെ കൊണ്ടുപോയി ആദിവാസികള്‍ ചൂണ്ടി കാണിച്ചു കൊടുത്ത ചെടികളുടെ രോഗശമന സിദ്ധികള്‍ ഗവേഷണ പ്രബന്ധങ്ങളാക്കി മാറ്റുകയും ചെയ്തു.' കാണി ' എന്ന ആദിവാസി വിഭാഗത്തിന്റെ അപൂര്‍വ്വ അത്ഭുത ഔഷധമായ 'ആരോഗ്യ പച്ച' യെക്കുറിച്ചുള്ള അറിവ് പാലോടുള്ള ഗവേഷണ കേന്ദ്രത്തിലെ  (TBGR - Tropical  Botanical Garden and  Research  Institute) ശാസ്ത്രജ്ഞന്‍മാര്‍ കോയമ്പത്തൂര്‍ ഫാര്‍മസിക്ക് വിറ്റത് ഇതിനുദാഹരണമാണ്.

അട്ടപ്പാടി മേഖലയിലും ചെറുതല്ലാത്ത വിധം ഇത്തരം വംശീയ വിജ്ഞാനാപഹരണങ്ങള്‍ നടന്നതായി പലരും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. മദ്യത്തിനും മറ്റു പ്രലോഭനങ്ങള്‍ക്കും എളുപ്പം വശംവദരാവുന്ന കാടിന്റെ മക്കളില്‍ നിന്ന് നിഷ്പ്രയാസം തന്നെ വിവരങ്ങള്‍ അപഹരിക്കാന്‍ സാധിക്കുന്നു എന്നത് തന്നെയാണ് ഇതിനുള്ള കാരണം.

വംശീയ വൈദ്യന്‍മാരെ ഏകോപിപ്പിച്ചു അവരുടെ ഇടയില്‍ സ്വന്തം വൈദ്യജ്ഞാനത്തിന്റെ തനിമയെക്കുറിച്ചുള്ള ശക്തമായ അവബോധം സൃഷ്ടിക്കാന്‍ വേണ്ട ശ്രമങ്ങള്‍ നടത്തുകയും ,എന്നാല്‍ നിസ്സഹകരിക്കുകയാണ് ആദിവാസി വൈദ്യന്‍മാര്‍ ചെയ്തത്..

ആദിവാസി വൈദ്യന്‍മാരുടെ പേരുകളും ഏതു രോഗത്തിലാണ് അവര്‍ക്ക് വൈദഗ്ധ്യമുള്ളതെന്നും കാണിച്ചു കൊണ്ട് സര്‍വ്വേ നടത്തുകയും ചെയ്തിരുന്നു.

സര്‍വ്വേ ലിസ്റ്റില്‍ സ്ഥാനം പിടിച്ചവരില്‍ ഭൂരിഭാഗവും അര്‍ഹതയില്ലാത്തവരാണെന്നു മാത്രം. ഏതു ആദിവാസികള്‍ക്കും താന്‍ വൈദ്യനാണെന്ന് അവകാശം ഉന്നയിച്ചു കൊണ്ടു ചികിത്സ ചെയ്യുന്ന സാഹചര്യവും നിലനില്‍ക്കുന്നുണ്ട്. ഇതെല്ലാം തന്നെ ഗോത്ര വൈദ്യത്തെ തകര്‍ക്കുകയാണെന്ന് പറയാവുന്നതാണ്.

ഗോത്ര വൈദ്യത്തിന്റെ പ്രചാരണവും അതുവഴി സംരക്ഷണവും മുന്‍നിര്‍ത്തി കോഴിക്കോടുള്ള കിര്‍ത്താഡസ്സ് കേരളത്തിനകത്തും പുറത്തും നിരവധി വംശീയ വൈദ്യ ക്യാമ്പുകള്‍ സംഘടിപ്പിക്കുകയും  ഗോത്ര വൈദ്യന്‍മാര്‍ക്ക് ഊരിനു പുറത്തുള്ള ലോകവുമായി സംവദിക്കാനും ഇത്തരം വൈദ്യ ക്യാമ്പുകള്‍ സഹായമാവുകയും, ഊരുവിട്ടുകൊണ്ടുള്ള പുറം ലോക സാധ്യതകളെക്കുറിച്ച് അറിവുണ്ടാകാന്‍ കഴിഞ്ഞു.

ഇത്തരത്തിലുള്ള ചികിത്സാ ക്യാമ്പുകളോട് തുടക്കത്തിലുണ്ടായിരുന്ന പിന്‍തുണയൊന്നും പിന്നീട് ഉണ്ടായിരുന്നില്ല. മരുന്നും ,മന്ത്രവും സംയുക്തമായുള്ള ചികിത്സാവിധികളാണ് മിക്ക ഗോത്ര വൈദ്യന്‍മാരും അനുവര്‍ത്തിച്ചു പോരുന്നത്. ആദിവാസികള്‍ക്ക് മരുന്നും ചികിത്സയും വിശ്വാസത്തിന്റെ ഭാഗമാണ്.ചികിത്സിക്കുന്നതിനു മുന്‍പ് മന്ത്രതന്ത്രങ്ങള്‍ ഉള്‍പ്പെടുത്തി ചെയ്യുന്ന വൈദ്യന്‍മാരും അതിനോട് വിയോജിപ്പുള്ള വൈദ്യന്‍മാരും ഉണ്ട്. വൈദ്യ ക്യാമ്പുകളില്‍ വൈദ്യന്‍മാരെ ഏകോപിപ്പിച്ചു കൊണ്ടുപോകാന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിയാതെയാവുകയും ചെയ്തതോടെ ക്യാമ്പിനോടുള്ള താത്പര്യം കുറയുകയും ചെയ്തു.

ഗോത്ര വൈദ്യവും കെട്ടുകഥകളായി മാറുന്ന കാലം അതിവിദൂരമല്ല.
ഗോത്ര വൈദ്യം നേരിടുന്ന വെല്ലുവിളികള്‍ ; ഔഷധ വിഭവങ്ങളെ സന്തുലിതമായും സുസ്ഥിരമായും പ്രയോജനപ്പെടുത്തുന്ന ചികിത്സാവിധികളാണ് വംശീയ വൈദ്യത്തിനുള്ളത് .സസ്യങ്ങളുമായി സൗഹാര്‍ദ്ദപരമായ ജൈവ ബന്ധം നിലനിര്‍ത്തി കൊണ്ടാണ് ചികിത്സയ്ക്ക് ആവശ്യമായ മരുന്നുകള്‍ ആദിവാസി വൈദ്യന്‍മാര്‍ ശേഖരിക്കുന്നത്. കാലാവസ്ഥയില്‍ വന്ന മാറ്റങ്ങള്‍ വന നശീകരണം എന്നിവ മൂലമോ മുന്‍ കാലങ്ങളെ അപേക്ഷിച്ച് ഔഷധ സസ്യങ്ങളുടെ ലഭ്യതയില്‍ ഗണ്യമായ കുറവുണ്ടാകുന്നതും ഗോത്ര വൈദ്യത്തിന്റെ പരാധീ തയാണ്. 1992ലെ മല്ലീശ്വര പ്രോജക്റ്റിലെ സര്‍വ്വേയില്‍ പറയുന്നത് അട്ടപ്പാടിയിലെ ബൊമ്മിയാംപതി ഊരില്‍ മാത്രം അഞ്ഞൂറില്‍പ്പരം സസ്യങ്ങള്‍ രോഗ ചികിത്സയ്ക്ക് ആദിവാസികള്‍ പ്രയോജനപ്പെടുത്തുന്നുണ്ട്. അവിടെയും ഔഷധ മരുന്നുകള്‍ക്ക് വംശനാശം സംഭവിച്ചുകൊണ്ടിക്കുന്നുണ്ട്. ഈ അവസ്ഥ വൈദ്യവൃത്തി ഉപേക്ഷിക്കാനുള്ള തീരുമാനങ്ങളിലാണ് വൈദ്യന്‍മാര്‍ എത്തിച്ചേരുന്നത്.

മറ്റൊരു പ്രതിസന്ധിയാണ് പുതിയ തലമുറയിലെ ചെറുപ്പക്കാര്‍ അവരുടെ കുടുംബത്തിലുള്ള വൈദ്യ പാരമ്പര്യം ഏറ്റെടുക്കാന്‍ തയ്യാറാവുന്നില്ല. സമൂഹത്തില്‍ വന്നു കൊണ്ടിരിക്കുന്ന ആധുനിക മാറ്റങ്ങള്‍ക്കൊപ്പം ജീവിക്കാന്‍ താത്പര്യം കാണിക്കുന്ന പുതിയ തലമുറയ്ക്ക് വൈദ്യം ഒരു ഉപജീവന മാര്‍ഗ്ഗമല്ല എന്നു തോന്നുകയും പുതിയ തൊഴില്‍ മേഖലയിലേക്ക് എത്തുകയും ചെയ്യുന്നു. കൂടാതെ ലഹരി പദാര്‍ത്ഥങ്ങളുടെ അമിത ഉപയോഗത്തില്‍ അടിമപ്പെട്ട ഭൂരിഭാഗം ചെറുപ്പക്കാരിലും വംശപ്രതിബദ്ധതയൊന്നും കാണുന്നില്ല.  ഗോത്ര വൈദ്യം നേരിടുന്ന വെല്ലുവിളിയാണീത്.
കാലത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ പലതും മാറി മറിയും. മാറ്റം അനിവാര്യമാണ് പ്രപഞ്ച നിയമമാണ്. മാറ്റങ്ങള്‍ക്കനുസരിച്ച് പരിവര്‍ത്തനത്തിനു വിധേയമാകേണ്ടതാണ്. ഗോത്ര സമൂഹത്തിലും പരിവര്‍ത്തനം വേണം. ഗോത്ര പൈതൃക വൈദ്യത്തോടുള്ള ആദിവാസി വിഭാഗത്തിലെ യുവ തലമുറയുടെ  നിഷേധം പ്രകൃതിയോടും, നിയതിയോടുമുള്ള നിന്ദ തന്നെയാണ്.
വയനാട് ജില്ലയില്‍ വാളാട് എന്ന സ്ഥലത്ത് കിര്‍ത്താട്‌സ് വംശീയ വൈദ്യപഠനകേന്ദ്രം ആരംഭിക്കുകയും അവിടെ ത്രിവര്‍ഷ വംശീയ വൈദ്യപഠന സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ പഠിപ്പിക്കയും ചെയ്തു വരുന്നുണ്ട്. സ്വന്തം വംശ തനിമയില്‍ ഊന്നി കൊണ്ടുള്ള ഇത്തരം വിദ്യാഭ്യാസ പദ്ധതികള്‍ ആദിവാസികളിലെ യുവതലമുറയെ ആകര്‍ഷിപ്പിക്കാന്‍ ഉതകുന്നവയാണ്. ആദിവാസികളുടെ പങ്കാളിത്തത്തോടു കൂടി തന്നെ ഗോത്ര വൈദ്യത്തിന്റെ സംരക്ഷണം മുന്‍ നിര്‍ത്തി കൊണ്ട് ഫലപ്രദമായ പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കാന്‍ കാലതാമസം എടുക്കുമ്പോള്‍ നാടറിയാത്ത അമൂല്യങ്ങളായ കാട്ടറിവുകള്‍ ഇവിടെ നിന്നു അപ്രത്യക്ഷമാവുക തന്നെചയ്യും.

ആദിവാസികള്‍  
                    

 ആദിമനിവാസികളുടെ പിന്‍ഗാമികളും അതേ ജീവിതാസ്ഥയില്‍ കാലങ്ങളായി തുടരുന്നവരുമാണ് യഥാര്‍ത്ഥത്തില്‍ ആദിവാസികള്‍. വനാന്തരങ്ങളില്‍ വന്യമായ പരിതസ്ഥിതികളോടിണങ്ങി വന്യമൃഗങ്ങളില്‍ നിന്നും സ്വയം രക്ഷനേടി വനവിഭവങ്ങള്‍ ഭക്ഷിച്ചു കഴിഞ്ഞവര്‍, ക്രമേണ വനവിഭവങ്ങള്‍ കൈമാറ്റം ചെയ്ത് അവശ്യ സാധനങ്ങളായ അരിയും തുണിയും മറ്റും വാങ്ങിയവര്‍ പണത്തിന്റെ മൂല്യം അറിയാതെ ദീര്‍ഘകാലം കഴിഞ്ഞവര്‍ .                                                         
മനുഷ്യന്‍ ലോകത്തെ കാണുന്നത് അയാളുടെ കണ്ണിലൂടെയല്ല, സംസ്കാരത്തിലൂടെയാണ് .ഒരാള്‍ നോക്കുന്നതല്ല കാണുന്നത് മറിച്ച്, കാണാന്‍ ആഗ്രിച്ചതാണ് നോക്കുന്നത് എന്നതാണ് സത്യം .അതായത് കാഴ്ചയെ സംസ്കാരം നിര്‍ണ്ണയിക്കുന്നു.

കേരളത്തിലെ ഗോത്ര സമൂഹങ്ങള്‍
   
2013 ലെ സെന്‍സസ് പ്രകാരം കേരളത്തിലെ പട്ടികവര്‍ഗ്ഗ ജനസംഖ്യ 4,84,839 ആണ് ഇത് കേരളത്തിലെ മൊത്തം ജനസംഖ്യയുടെ 1.5 % ആണ്.കാസര്‍ഗോഡ്, വയനാട്, പാലക്കാട്, ഇടുക്കി എന്നീ ജില്ലകളിലാണ് ഇവര്‍ കൂടുതലായും ആധിവസിക്കുന്നത്. ചോലനായ്ക്കര്‍, കാടു നായ്ക്കന്‍, കാടര്‍, കുറുമ്പന്‍ കൊറഗ ,എന്നീ അഞ്ച് ഗോത്ര വിഭാഗങ്ങളെ പ്രത്യേക ദുര്‍ബല ഗോത്രവര്‍ഗക്കാരായി പരിഗണിച്ചു വരുന്നു.രണ്ട് ശതമാനമോ അതില്‍ കുറവോ ആയ സാക്ഷരത നിലവാരം, ജനസംഖ്യാ വളര്‍ച്ചയിലുള്ള കുറവ്, കൃഷിക്കു മുമ്പുള്ള സങ്കേതിക സാമ്പത്തിക പിന്നോക്കാവസ്ഥ തുടങ്ങിയവയാണ് പ്രത്യേക ദുര്‍ബല ഗോത്രവിഭാഗമായി പരിഗണിക്കുവാന്‍ സ്വീകരിച്ച മാനദണ്ഡങ്ങള്‍. സാക്ഷരത, ഭൂമിയുടെ ലഭ്യത കുറവ്, ഉന്നത വിദ്യാഭ്യാസ രംഗത്തെ ശൂന്യത, പാരമ്പര്യ കഴിവുകള്‍ക്ക് പ്രാധാന്യം ഇല്ലാത്ത അവസ്ഥ മുതലായ കാര്യങ്ങളില്‍ ഇപ്പോഴും പിന്നോക്കാവസ്ഥ അനുഭവിക്കുന്നവരാണ് ഇവര്‍

 വംശീയവൈദ്യം
~ ~ ~ ~ ~ ~ ~ ~ ~ ~ ~ ~
ഓരോ ഗോത്ര വിഭാഗവും ശാരീരികവും മാനസികവുമായ രോഗാവസ്ഥയെ നേരിടുവാന്‍ അവരുടേതായ ചികിത്സാരീതികള്‍ കാലങ്ങളായുള്ള പരീക്ഷണ നിരീക്ഷണങ്ങളിലൂടെ നേടിയെടുത്തിരിക്കുന്നു. കാട്ടുക്കിഴങ്ങുകള്‍, പച്ചിലകള്‍, വൃക്ഷത്തൊലികള്‍ വൃക്ഷ വേരുകള്‍ തുടങ്ങിയവയുടെ ഇടിച്ചു പിഴിഞ്ഞെടുത്ത ചാറുകള്‍ പലതരം രോഗങ്ങള്‍ക്കും പ്രയോജനപ്പെടുത്തിയിരുന്നു.  ഔഷധ സസ്യങ്ങള്‍ക്കു പുറമേ പക്ഷിമൃഗാധികളുടെ ശരീര ഭാഗങ്ങളും ധാതു പദാര്‍ത്ഥങ്ങളും ചികിത്സാ രീതികള്‍ക്ക് ഉപയോഗിക്കുന്ന പതിവുണ്ട്. ഓരോ ഗോത്ര വിഭാഗത്തിനും അവരുടെ ഒരു പാരമ്പര്യമന്ത്രികവൈദ്യന്‍
ഉണ്ടായിരിക്കും ഗോത്രസമൂഹങ്ങള്‍ക്കിടിയില്‍ നിരവധി മാന്ത്രികാനുഷ്ഠാനചികിത്സാ രീതികള്‍ നിലനില്‍ക്കുന്നുണ്ട്. അസുഖം വരുന്നത് ദൈവകോപത്താലാണെന്ന് വിശ്വസിക്കുന്നതു കൊണ്ടു തന്നെ അവ മാറി കിട്ടുവാന്‍ മന്ത്ര ചികിത്സയോടൊപ്പം ഔഷധ പ്രയോഗവും നടത്തണമെന്നും അവര്‍ വിശ്വസിച്ചിരുന്നു.
                
ഗോത്രസമൂഹങ്ങളുടെ തലമുറകളായുള്ള ഔഷധ അറിവുകളും ചികിത്സാവിധികളും ബസപ്പെട്ട വിശ്വാസങ്ങളുമാണ് വംശീയ വൈദ്യം .ഒരു ജനവിഭാഗത്തിന്റെ ഔഷധ വിജ്ഞാനം രൂപപ്പെട്ടു വരുന്നത് ആ   സമൂഹം ജീവിക്കുന്ന സാമൂഹികസാംസ്കാരിക പശ്ചതലുമായി ബന്ധപ്പെട്ടതാണ്. ആരോഗ്യമെന്നത് ജൈവികവും സാംസ്കാരികവുമായ ഒരു പ്രതിഭാസമായതിനാല്‍ നരവംശശാസ്ത്രപരമായ വീക്ഷണങ്ങളിലൂടെ ആരോഗ്യ പ്രശ്‌നങ്ങളെ കൈകാര്യം ചെയ്യുമ്പോള്‍ ജൈവികവും സാംസ്കാരികവുമായ വശങ്ങളെ ഒരു പോലെ പഠന വിധേയമാക്കേണ്ടതുണ്ട്.
വേട്ടയാടിയും വനവിഭവങ്ങള്‍ ശേഖരിച്ചും ജീവിച്ചിരുന്ന കാലഘട്ടങ്ങളില്‍ മനുഷ്യര്‍ക്കിടയില്‍ രോഗങ്ങള്‍ വളരെ കുറവായിരുന്നു. സാംസ്കാരിക പരിണാമത്തിന്റെ ഓരോ ഘട്ടത്തിലും ആധുനികതയിലേക്കു സഞ്ചരിച്ചുകൊണ്ടിരിക്കുമ്പോഴും പ്രകൃതിയിലെ മാറ്റങ്ങള്‍ക്കനുസൃതമായി എല്ലാ പ്രതികൂല കാലവസ്ഥകളേയും തരണം ചെയ്ത് ജീവിക്കുന്നതിനാവശ്യമായ പ്രതിരോധശേഷികളും മനുഷ്യര്‍ നേടിയെടുത്തിരുന്നു. ആധുനികശാസ്ത്ര വികാസത്തിന്റെ ഭാഗമായ വൈദ്യ വിജ്ഞാനം വ്യാപിക്കുന്നതുവരെ പ്രാചീന മനുഷ്യന്‍ പ്രതികൂലമായ ജൈവിക സാഹചര്യങ്ങളോട് പ്രതികരിക്കുവാന്‍ വേണ്ട പ്രതിരോധവും ഓജസ്സും സ്വയം വികസിപ്പിച്ചെടുത്തിരുന്നു. ആ സ്ട്രാലോപിത്തിക്കസ്, പിത്തിക്കാന്ത്രോപ്പസ്, നിയാണ്ടര്‍താള്‍ തുടങ്ങിയ പ്രാചീന മനുഷ്യരുടെ കണ്ടെടുക്കപ്പെട്ടിട്ടുള്ള അവശിഷ്ടങ്ങള്‍ പരിശോധിച്ചപ്പോള്‍ മരണസമയത്തു പോലും ഇവര്‍ മാരക രോഗകങ്ങളില്‍ നിന്നു വിമുക്തരായിരുന്നുവെന്ന് കാണുവാന്‍ സാധിച്ചിട്ടുണ്ടെന്നത് ഇതിനുദാഹരണമായി പറയാവുന്നതാണ്.

വൃക്ഷലതാദികളിലും സമൃദ്ധമായിരുന്ന മഴക്കാടുകളിലായിരുന്നു ആദിമ സമൂഹങ്ങളായ ഗോത്ര വിഭാഗങ്ങള്‍ അധിവസിച്ചിരുന്നത്. ഇതു കൊണ്ടു തന്നെ മറ്റു സമുഹങ്ങളില്‍ നിന്ന് അകന്നു കഴിഞ്ഞിരുന്ന കാടുകളെ അറിഞ്ഞു ജീവിച്ചവരായിരുന്നു. ഓരോ ഗോത്ര വിഭാഗത്തിനും വ്യത്യസ്ത രോഗങ്ങളെ പ്രതിരോധിക്കുവാന്‍ അവരുടേതായ ഒനഷധങ്ങളും ചികിത്സാരീതികളും ഉണ്ടായിരുന്നു.ഇവരെ സംബന്ധിച്ചടുത്തോളം എല്ലാ ചെടികളും ഏതെങ്കിലും തരത്തിലുള്ള മരുന്നായിരുന്നു. ഇന്ത്യയില്‍ പതിനായിരക്കണക്കിന് സസ്യജനുസ്സുകള്‍ ഗോത്രവര്‍ഗക്കാര്‍ ആരോഗ്യ സുരക്ഷക്കായി ഉപയോഗപ്പെടുത്തിയിരുന്നതായി പഠനങ്ങള്‍ തെളിയിക്കുന്നു.                         
                   
ഗോത്രസമൂഹങ്ങളില്‍ ജനനിയന്ത്രണം, വസ്യതാനി വാരണം ,പ്രമേഹം, ആസ്ത്മ,വെള്ളപ്പാണ്ട്, വിട്ടുമാറാത്ത തലവേദന, സന്ധിവേദന തുടങ്ങിയ രോഗങ്ങള്‍ക്ക് മുതല്‍ ക്യാന്‍സിറിനു വരെ ഒറ്റമൂലി പ്രയോഗമുണ്ട്. യഥാര്‍ത്ഥ രോഗമെന്താണെന്ന് നിശ്ചയമില്ലാതെ വരുന്ന സന്ദര്‍ഭങ്ങളില്‍ കാട്ടില്‍ വളരുന്ന വിവിധ തരത്തിലുള്ള പച്ചിലകള്‍ പറിച്ചു തിന്നുക ഇവരുടെയിടയില്‍ സാധാരണമായിരുന്നു. ഇത്തരം പച്ചിലകളില്‍ ഏതെങ്കിലുമൊന്ന് ഓഷധവീര്യമുള്ളതായിരിക്കുമെന്ന ഉറച്ചവിശ്വാസമാണ് ഇതിനു പ്രേരണയായി വര്‍ത്തിക്കുന്നത്.

പ്രഥമ ദര്‍ശനത്തില്‍ തന്നെ രോഗലക്ഷണങ്ങള്‍ തിരിച്ചറിയുവാന്‍ കഴിവുള്ള വൈദ്യന്‍മാര്‍ ഗോത്രവിഭാഗത്തിലുണ്ട്. ആസ്ത്മ, അപസ്മാരം തുടങ്ങിയ രോഗലക്ഷണങ്ങളെ കുട്ടികളെ കണ്ടാല്‍ തിര്‍ത്തും മാറ്റുവാന്‍ കഴിയുന്ന മരുന്നുകളുണ്ടെന്ന് ആദിവാസി വൈദ്യന്‍മാര്‍ പറയുന്നു. തങ്ങളുടെ പരിസരത്തുള്ള ഔഷധ സസ്യങ്ങള്‍ സംരക്ഷിച്ച് പച്ചയോടെ നല്‍കിയാല്‍ ഔഷധ വീര്യം കൂടുമെന്നാണ് ഇവര്‍ പറയുന്നത്.

ഗോത്ര സമൂഹങ്ങള്‍ തങ്ങളുടെ ഔഷധ വിജ്ഞാനത്തെ ഒരു സ്വകാര്യ അറിവായി വളരെ കരുതലടെ സൂക്ഷിക്കുന്നു. ആദിവാസി മരുന്നുകള്‍ എഴുതി കൊടുത്തതു കൊണ്ടോ പറഞ്ഞു കൊടുത്തതു കൊണ്ടോ മനസ്സിലാകുന്നവയല്ല.തലമുറകളായി കാട്ടില്‍ കൊണ്ടുചെന്ന് കാണിച്ചും അവയെ കൊണ്ട് ചികിത്സിച്ചും പരിശീലനം നല്‍കിയും പ്രയോഗിച്ചുമാണ് ആദിവാസി വൈദ്യന്‍മാരെ സൃഷ്ടിക്കുന്നത്. ഔഷധ അറിവുകള്‍ വരും തലമുറയിലേക്ക് പകര്‍ന്നു നല്‍കുവാന്‍ അനുയോജ്യരായ വ്യക്തികള്‍ ഇല്ലാത്ത സാഹചര്യത്തില്‍ ഒരു വംശീയ വൈദ്യന്റെ മരണത്തോടു കൂടി ആ അറിവുകള്‍ പലപ്പോഴും നഷ്ടപ്പെട്ടു പോകുന്നു.

(തുടരും)

തയാറാക്കിയത്: ജീഷ്മ എ
പ്രസിദ്ധീകരണ വിഭാഗം, കോട്ടയ്ക്കല്‍ ആര്യവൈദ്യശാല

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക