Image

പ്രതിപക്ഷ നിരയില്‍ വിള്ളല്‍; കോണ്‍ഗ്രസ് വിളിച്ചു ചേര്‍ക്കുന്ന യോഗത്തില്‍ പ്രമുഖ നേതാക്കള്‍ വിട്ടു നില്‍ക്കും

കല Published on 14 May, 2019
പ്രതിപക്ഷ നിരയില്‍ വിള്ളല്‍; കോണ്‍ഗ്രസ് വിളിച്ചു ചേര്‍ക്കുന്ന യോഗത്തില്‍ പ്രമുഖ നേതാക്കള്‍ വിട്ടു നില്‍ക്കും
 
പ്രതിപക്ഷ നിരയില്‍ വിള്ളല്‍ വീഴ്ത്തിക്കൊണ്ട്  മെയ് 21ന് കോണ്‍ഗ്രസ് വിളിച്ചു ചേര്‍ത്ത പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ പ്രമുഖ നേതാക്കള്‍ പങ്കെടുക്കില്ല എന്ന് അറിയിച്ചു. മമതാ ബാനര്‍ജി, അഖിലേഷ് യാദവ്, മായവതി എന്നിവരാണ് വിട്ടു നില്‍ക്കാന്‍ തീരുമാനിച്ചത്. രാജ്യത്തെ ഏറ്റവും വലിയ പ്രാദേശിക കക്ഷികളുടെ നേതാക്കളാണ് ഈ മൂന്നു പേരും.
കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റ കക്ഷിയാവില്ല എന്ന ബോധ്യം വന്നതോടെയാണ് കോണ്‍ഗ്രസ് വിളിച്ചു ചേര്‍ക്കുന്ന യോഗത്തില്‍ നിന്നും ഇവര്‍ വിട്ടു നില്‍ക്കാന്‍ തീരുമാനിച്ചത്. ഇവരെ യോഗത്തിന് എത്തിക്കാന്‍ ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെ നിയോഗിച്ചു വെങ്കിലും നായിഡുവിന്‍റെ സമവായ ശ്രമവും പാളി. 
കോണ്‍ഗ്രസിനോട് തത്കാലം അകലം പാലിക്കുക എന്ന നയമാണ്  ഈ മൂന്ന് നേതാക്കളും തല്‍ക്കാലം തീരുമാനിച്ചിരിക്കുന്നത്. പ്രധാനമന്ത്രി പദം കോണ്‍ഗ്രസിന് എന്ന കീഴ്വഴക്കം അംഗീകരിക്കേണ്ട കാര്യമില്ല എന്നതാണ് ഇവര്‍ക്കിടയില്‍ ഉണ്ടായിരിക്കുന്ന ധാരണ. മായവതിയും മമതാ ബാനര്‍ജിയും പ്രധാനമന്ത്രി പദത്തിനായി ശ്രമിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. 
രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടുന്നതിനെ ഇവര്‍ ചെറുക്കുന്നതായിട്ടാണ് സൂചന. ഇതിന് പകരം കോണ്‍ഗ്രസിന് പരമാവധി സമര്‍ദ്ദത്തിലാക്കാനാണ് മായാവതിയും മമതാ ബാനര്‍ജിയും ശ്രമിക്കുന്നത്. 
ലോക്സഭ തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച മുന്നേറ്റം സൃഷ്ടിക്കാന്‍ കഴിഞ്ഞില്ലെന്ന് കോണ്‍ഗ്രസിന് ആഭ്യന്തര വിലയിരുത്തലുമുണ്ട്. ഇതുകൊണ്ടു തന്നെ പ്രധാന പ്രാദേശിക കക്ഷികള്‍ക്കിടയില്‍ സമവായത്തിനായി ശ്രമിക്കുകയാണ് കോണ്‍ഗ്രസ്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക