Image

പാടുന്നു പാഴ്മുളം തണ്ടുപോലെ... (അനുഭവക്കുറിപ്പുകള്‍-6- ജയന്‍ വര്‍ഗീസ് )

ജയന്‍ വര്‍ഗീസ്. Published on 14 May, 2019
പാടുന്നു പാഴ്മുളം തണ്ടുപോലെ... (അനുഭവക്കുറിപ്പുകള്‍-6- ജയന്‍ വര്‍ഗീസ് )
അന്ന് ഞാനൊരു അണ്ണാന്‍ കുഞ്ഞിനെ വളര്‍ത്തിയിരുന്നു. അതിന് ' സ്റ്റാന്‍ലി ' എന്നാണു ഞാന്‍ പേരിട്ടിരുന്നത്. ഒരു മഴയത്ത് നനഞ്ഞു കുതിര്‍ന്നു വിറച്ചു കൊണ്ടിരുന്ന അതിനെ തൊടിയില്‍ നിന്നാണ് എനിക്ക് കിട്ടിയത്. ഞാനതിനെ വീട്ടില്‍ കൊണ്ട് വന്ന് വല്യാമ്മയുടെ സഹായത്തോടെ തുണി കൊണ്ട് തുടച്ച് ചൂടൊക്കെ കൊടുത്ത് പരിചരിച്ചപ്പോള്‍ അത് രക്ഷപെട്ടു. വാഴപ്പഴവും, ചോറും ഒക്കെ അത് തിന്നു തുടങ്ങി. ക്രമേണ അത് വളര്‍ന്നു. ഒരു കുട്ടയില്‍ വച്ച് വളര്‍ത്തിയിരുന്ന അതിനെ കുറച്ചു കഴിഞ്ഞപ്പോള്‍ തുറന്നു വിട്ടു. ഞങ്ങളുടെ വീട്ടില്‍ പൂച്ച ഇല്ലായിരുന്നതു കൊണ്ട്  വീട്ടിന്നകത്ത് അതിന് സ്വതന്ത്രമായി വിഹരിക്കാന്‍ കഴിഞ്ഞു. ഇടക്ക് വെളിയിലൊക്കെ പോയാലും ' സ്റ്റാന്‍ലീ ' എന്ന എന്റെ വിളി കേട്ടാല്‍ ഓടി വന്ന് എന്റെ തോളത്ത് കയറി ഇരിക്കുമായിരുന്നു. ഞാന്‍ സ്‌കൂളില്‍ നിന്ന് വരുന്ന നേരത്ത് വഴിയിലേക്ക് നോക്കി ചിലച്ചു കൊണ്ട് അത് കാത്തിരിക്കുമായിരുന്നു. 

ഒരു വലിയ സൗഹൃദമാണ് ഞാനും സ്റ്റാന്‍ലിയും തമ്മില്‍ ഉണ്ടായിരുന്നത്. രാത്രിയില്‍ എന്റെ കൂടെയാണ് അത് ഉറങ്ങിയിരുന്നത്. ഞാന്‍ അതിനെ സ്‌നേഹിച്ചിരുന്നു എന്നതിനാല്‍ത്തന്നെ വല്യാമ്മക്കും  അതിനോട് സ്‌നേഹമായിരുന്നു. അതിനു തീറ്റ കൊടുക്കുന്ന കാര്യത്തിലൊക്കെ എന്നെക്കാളുപരി വല്യാമ്മയും ശ്രദ്ധിച്ചിരുന്നു.

ചാത്തമറ്റം സ്‌കൂളില്‍ നിന്ന് അഞ്ചാം ക്ലാസ്സ് ജയിച്ചു. ക്ലാസില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് എനിക്കായിരുന്നു. എന്നോടൊപ്പം എന്നും മത്സരിച്ച് പഠിച്ചിരുന്ന ദേവി എന്ന പെണ്‍കുട്ടിക്ക് എന്നെക്കാള്‍ രണ്ടു മാര്‍ക്ക് കുറവായിരുന്നു. വീട്ടില്‍ നിന്നും അഞ്ചു മൈല്‍ ദൂരെയുള്ള പോത്താനിക്കാട് എന്ന സ്ഥലത്തെ ഹൈസ്‌കൂളില്‍ ആറാം ക്ലാസില്‍ ചേര്‍ന്നു. ചോറ്റുപാത്രത്തില്‍ ചോറുമായി നടന്നാണ് പോക്കും, വരവും. അപ്പന്‍ ഉപേക്ഷിച്ചു പോയ, കൂലിപ്പണിക്കാരിയായ അമ്മയോടൊപ്പം കഴിയുന്ന ഔസേപ്പ് ആയിരുന്നു കൂട്ട്. ആദ്യകാല കമ്യൂണിസ്റ്റു പ്രവര്‍ത്തകനായിരുന്ന ശ്രീ  കെ. പി. വര്‍ക്കി എന്ന എന്ന അദ്ധ്യാപകന്‍ ആയിരുന്നു ക്ലാസ് ടീച്ചര്‍. ' ഡേവിഡ് കോപ്പര്‍ ഫീല്‍ഡ് ' എന്ന ഉപപാഠ പുസ്തകത്തിലെ ' മഡ്‌സ്ടണ്‍ ' എന്ന പേര് ശരിയായി ഉച്ചരിക്കുവാന്‍ കഴിഞ്ഞിരുന്നത് കെ. പി. വര്‍ക്കി സാറിനും, എനിക്കും മാത്രമായിരുന്നു. മറ്റെല്ലാ കുട്ടികളും ' മഡുസ്ട്ടന്‍ ' എന്നാണ് പറഞ്ഞിരുന്നത്. മഡ്‌സ്ടണ്‍ എന്ന് വ്യക്തമായി പറയുന്‌പോള്‍, വര്‍ക്കി സാറിന്റെ തൊണ്ടയിലെ മുഴ ഒന്ന് മുകളിലോട്ടു കയറിയിട്ട് ഇറങ്ങുന്നത് കാണാന്‍ നല്ല രസമുണ്ടായിരുന്നു. 

സ്‌കൂളിന് പിറകില്‍ 'പാറേക്കാട്ടില്‍ ' എന്ന വീട്ടുകാരുടെ പുരയിടത്തില്‍ വച്ചായിരുന്നു ഞങ്ങളുടെ ഉച്ചയൂണ്. പറന്പില്‍ നല്ല തണലും, കുടിക്കാനും, പാത്രം കഴുകാനുമൊക്കെ വെള്ളം കോരിയെടുക്കാന്‍ ഒരു കിണറും' കിണറ്റുപാള ' യും ( കമുകിന്റെ പാള നാടന്‍ വൈദഗ്ധ്യത്തോടെ വളച്ചു കെട്ടി ഉണ്ടാക്കിയെടുക്കുന്ന ഒരു കോര് പാത്രമാണ് കിണറ്റുപാള. ) ഉണ്ടായിരുന്നത് കൊണ്ടായിരിക്കണം ഞാനും, ഔസേപ്പും അവിടം ഞങ്ങളുടെ ഡൈനിങ് പ്‌ളേസ് ആക്കിയത്. ഉണ്ടായിരുന്ന കറിയൊക്കെ പരസ്പരം കൊണ്ടും കൊടുത്തതുമാണ് ഞങ്ങള്‍ കഴിച്ചിരുന്നത്.

ഒരു ദിവസം പാത്രം കഴുകുന്നതിനിടയില്‍ എന്റെ ചോറ്റുപാത്രം കിണറ്റില്‍ പോയി. പകുതി വെള്ളം നിറഞ്ഞു വെള്ളത്തില്‍ പൊങ്ങിക്കിടന്ന പാത്രം ഒരു ഓലമടല്‍ കൊണ്ട് തോണ്ടിയെടുക്കാനുള്ള ഞങ്ങളുടെ ശ്രമത്തിനിടയില്‍ പൂര്‍ണ്ണമായും വെള്ളം നിറഞ് അത് അടിയിലേക്ക് താണു പോയി. മഴക്കാലമായിരുന്നതിനാല്‍  മുക്കാലും നിറഞ്ഞ അവസ്ഥയിലാണ് കിണര്‍. ഒരു മൂന്നാള്‍ പൊക്കത്തില്‍ കുറയാതെ വെള്ളമുണ്ട്. നല്ല തെളിവെള്ളത്തിനടിയില്‍ എന്റെ അലൂമിനിയം പാത്രം ഉറച്ചിരുന്നു കൊണ്ട് എന്നെ നോക്കുന്നത് എനിക്ക് കാണാം. മൂന്നാലു മാസത്തോളം വാട്ടിയ വാഴയിലയില്‍ പൊതിച്ചോറ് കൊണ്ട് വന്നാണ് ഞാന്‍ കഴിച്ചിരുന്നത്. ഒരു തവണ പാക്ക് വിറ്റപ്പോള്‍ അപ്പന്‍ അറിഞ്ഞു വാങ്ങിത്തന്നതാണ് നല്ല തിളക്കമുള്ള ഈ അലൂമിനിയം ചോറ്റു പാത്രം. അത് കളഞ്ഞിട്ട് വീട്ടില്‍ ചെന്നാല്‍ അപ്പന്‍ തല്ലുകയൊന്നും ഇല്ലായിരിക്കാം. കുറെ വഴക്ക് പറയുമായിരിക്കും. അതൊക്കെ സഹിക്കാം. പക്ഷെ എല്ലാ രാവിലെയും പാത്രത്തില്‍ ചോറ് നിറച്ച് അതില്‍ എനിക്കിഷ്ടമുള്ള എന്തെങ്കിലും ഒരു കറി കൂടി വച്ച് ഒരു നിധി പോലെ ആ പാത്രം എന്റെ കൈയില്‍ വച്ച് തരുന്ന എന്റെ വല്യാമ്മയെ ഓര്‍ത്തപ്പോള്‍ സത്യമായും എനിക്ക് കരച്ചില്‍ വന്നു.

പിന്നെ താമസിച്ചില്ല. നിക്കറും ഷര്‍ട്ടും അഴിച്ച് കുളക്കരയില്‍ വച്ചു. വേണ്ടാ, വേണ്ടാ എന്ന് വിലക്കുന്ന ഔസേപ്പിനെ അവഗണിച്ചു കൊണ്ട് കുളത്തിലേക്ക് ഒറ്റ ചാട്ടമാണ്. കരയില്‍ നിന്നുള്ള ചാട്ടത്തിന്റെ ആയത്തില്‍ ഒറ്റത്തവണയായി കുളത്തിനടിയില്‍  ചെന്ന് പാത്രമെടുത്തു. പിന്നെ കുളത്തിന്റെ തറയില്‍ ചവിട്ടിയിട്ട് ഒറ്റക്കുതിപ്പാണ് മുകളിലേക്ക്. എന്തായാലും മുകളിലെത്തി ശ്വാസം എടുക്കുന്നത് വരെ ഒന്നും സംഭവിച്ചില്ല. ഔസേപ്പിന്റെ സഹായത്തോടെ കരയില്‍ക്കയറി. ( വീടിനു സമീപത്തുള്ള അയല്‍ വീട്ടുകാരുടെ പുഞ്ചക്കുളത്തില്‍ കൂട്ടുകാരോടൊത്ത് ചാടി മറിഞ്ഞ് കുളിച്ചിരുന്നതിന്റെ നീന്തല്‍ പരിചയം എനിക്കുണ്ടായിരുന്നുവെങ്കിലും, ആഴമേറിയ ഈ കുളത്തില്‍ താഴോട്ടും, മുകളിലോട്ടുമുള്ള ട്രിപ്പുകള്‍ക്കിടയില്‍ ഒന്ന് ശ്വാസം മുട്ടിയിരുന്നെങ്കില്‍ ഇതെഴുതാന്‍ ഇന്ന് ഞാനുണ്ടാവുമായിരുന്നോ എന്ന് നിശ്ചയമില്ല. )  കുറേക്കാലം കഴിഞ്ഞാണ് വീട്ടില്‍ പറഞ്ഞത്. കേട്ടപാടേ എന്റെ വല്യാമ്മ നെഞ്ചത്തടിച്ചു കരഞ്ഞു. ഈ വിവരമറിഞ്ഞ പാറേക്കാട്ടിലെ അപ്പാപ്പന്‍ പറന്പിലേക്കുള്ള വഴി ഇല്ലിമുള്ള് വച്ച് വേലി കെട്ടി. ചോദിച്ചവരോട് അദ്ദേഹം പറഞ്ഞു : ' എന്റെ പുള്ളേ , എനിക്ക് കൊലപാതകത്തിന് സമാധാനം പറയാന്‍ പറ്റത്തില്ല  ' എന്ന്. എനിക്ക് വേണ്ടി നില്‍ക്കുന്ന എന്റെ ദൈവത്തിനെ ഒരിക്കല്‍ കൂടി  ഇവിടെ  ഞാന്‍ കണ്ടു.

( പില്‍ക്കാലത്ത് സംഗീത നാടക അക്കാദമിയില്‍ ഉള്‍പ്പടെ ഞാനവതരിപ്പിച്ച ഒട്ടേറെ നാടകങ്ങളില്‍ ' അംബി ജോസപ്പ്  ' എന്നപേരില്‍ ഔസേപ്പ്  അഭിനയിച്ചിട്ടുണ്ട്.
വ്യക്തി ജീവിതത്തില്‍ ഏറ്റു വാങ്ങേണ്ടി വന്ന ചില പരാജയങ്ങളെ തുടര്‍ന്ന് പാലക്കാട് ജില്ലയില്‍ എവിടെയോ മാറിത്താമസിച്ച ഔസേപ്പ് അവിടെ വച്ച് മരണമടഞ്ഞ വിവരം ഇവിടെ അമേരിക്കയില്‍ വച്ചാണ് ഞാനറിയുന്നത്. )

സ്‌കൂളിലെ അന്തരീക്ഷം എനിക്ക് മടുപ്പുളവാക്കിയ ഒരു സംഭവം ഉണ്ടായി. ഞങ്ങളെ കണക്ക് പഠിപ്പിച്ചിരുന്നത്  മേരി ടീച്ചര്‍ എന്ന യുവതിയായിരുന്നു. ഞാനേറ്റവും വെറുത്തിരുന്ന വിഷയവുമായിരുന്നു കണക്ക്. ബ്‌ളാക്ക് ബോര്‍ഡില്‍ കണക്കെഴുതിയിട്ട് അത് സ്‌ളേറ്റില്‍ ചെയ്‌യിക്കുക എന്നതായിരുന്നു ടീച്ചറുടെ രീതി. കുട്ടികള്‍ സ്‌ളേറ്റില്‍ കണക്ക് ചെയ്‌യുന്‌പോള്‍ ടീച്ചര്‍ ചുറ്റി നടന്ന് അത് പരിശോധിച്ച് കൊണ്ടിരിക്കും. ഏതെങ്കിലും കുട്ടി തെറ്റായ രീതിയിലാണ് കണക്ക് ചെയ്യുന്നതെന്ന് കണ്ടു പിടിച്ചാല്‍  ' അതങ്ങിനെയാണോടാ ചെയ്യുന്നത്?! ഇതിങ്ങനെയാണോടാ ചെയ്യുന്നത്?' എന്നൊക്കെ പറഞ്ഞു കൊണ്ട് ശരിയായി ചെയ്യുന്നത് വരെ പിന്നില്‍ നിന്ന് രണ്ടു ചെവികളിലും നുള്ളിപ്പിടിച്ചു വിരലുകള്‍ക്കിടയിലിട്ടു തിരുമ്മിക്കൊണ്ടിരിക്കും.ടീച്ചര്‍ പിടി വിട്ടു കഴിയുന്‌പോഴേക്കും ചെവികള്‍ ചോര പോലെ ചുവന്നിരിക്കും എന്ന് മാത്രമല്ലാ, ആ ദിവസം മുഴുവന്‍ പുകച്ചിലും,  വേദനയും, നീറ്റലും  അനുഭവപ്പെട്ടു കൊണ്ടിരിക്കുകയും ചെയ്യും. ഒന്ന് രണ്ടു തവണ ഞാനും ഇതനുഭവിച്ചിട്ടുണ്ട്. 

ഒരു ദിവസം ഇതേ സാഹചര്യത്തില്‍ എന്റെ ചെവിയില്‍ പിടിക്കാന്‍  വന്ന ടീച്ചറിന്റെ കൈകള്‍ ഞാന്‍ തട്ടി മാറ്റി. ദേഷ്യത്തോടെ വീണ്ടും സമീപിച്ച ടീച്ചറിന്റെ കൈകള്‍ കൂടുതല്‍ ശക്തിയോടെ വീണ്ടും തട്ടിമാറ്റി. ' നിന്നെ തൊടാന്‍ നീ സമ്മതിക്കുകയില്ലേ ?' എന്ന് ടീച്ചര്‍ അലറും  പോലെ എന്നോട് ചോദിച്ചു. ' ഇല്ല. ചെവിയില്‍ പിടിക്കാന്‍ സമ്മതിക്കില്ല, ടീച്ചറിന് വേണമെങ്കില്‍ എന്നെ അടിക്കാം ' എന്ന് ഞാന്‍ ധൈര്യമായി പറഞ്ഞു. ടീച്ചര്‍ എന്നെ മുന്നിലേക്ക് വിളിച്ചു. എന്നിട്ട് എല്ലാവരും കാണ്‍കെ എല്ലാ ദേഷ്യവും, പകയും തീരാന്‍ പാകത്തിന് ശക്തിയായി എന്റെ കൈവെള്ളയില്‍ അടിച്ചു.  അസാമാന്യമായ ഒരാത്മ ധൈര്യം എന്നെ പൊതിഞ്ഞു നില്‍ക്കുന്നത് ഞാനറിഞ്ഞു. നീട്ടിയ കൈ പിന്‍വലിക്കാതെ അതേ നിലയില്‍  ഞാന്‍ നിന്ന് കൊടുത്തു. ആറോ, ഏഴോ തവണ അടിച്ചപ്പോളേക്കും ടീച്ചറിന്റെ കൈയിലുണ്ടായിരുന്ന കൊങ്ങിണിയുടെ വടി പൊട്ടിപ്പിളര്‍ന്നു കഷണങ്ങളായി. എന്റെ കൈവെള്ളയില്‍ വടിയുടെ വണ്ണത്തില്‍ ചുവന്നു തിണര്‍ത്ത പാടുകള്‍ തിരിഞ്ഞു പോലും നോക്കാതെ ദേഷ്യത്തോടെ വടി വലിച്ചെറിഞ്ഞ് ടീച്ചര്‍ ക്ലാസില്‍ നിന്ന് പോയി.  

അന്നുമുതല്‍ ടീച്ചര്‍ എന്നോട് തെളിഞ്ഞു സംസാരിച്ചിട്ടില്ല. എനിക്കും ടീച്ചറിന്റെ മുഖത്തു നോക്കാന്‍ ഒരു ചമ്മല്‍. ഒരു ധിക്കാരിയായ ചെക്കന്‍ എന്ന നിലയിലാണ് പിന്നീട് ഞാന്‍ പരിഗണിക്കപ്പെട്ടത്. സ്‌കൂളിനോടും പഠനത്തോടും എനിക്കുണ്ടായിരുന്ന താല്‍പ്പര്യം ക്രമേണ കുറഞ്ഞു, കുറഞ്ഞു വന്നു. ഒന്നാം സ്ഥാനക്കാരനായിരുന്ന എനിക്ക് ഒന്നും തന്നെ മനസ്സില്‍ നില്‍ക്കാതെയായി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക