Image

നെയ്യാറ്റിന്‍കര ആത്മഹത്യ; ഉത്തരവാദി ഭര്‍ത്താവും ബന്ധുക്കളുമെന്ന്‌ ആത്മഹത്യാ കുറിപ്പ്‌: ഭര്‍ത്താവും ബന്ധുക്കളും കസ്റ്റഡിയില്‍

Published on 15 May, 2019
നെയ്യാറ്റിന്‍കര ആത്മഹത്യ; ഉത്തരവാദി ഭര്‍ത്താവും ബന്ധുക്കളുമെന്ന്‌ ആത്മഹത്യാ കുറിപ്പ്‌: ഭര്‍ത്താവും ബന്ധുക്കളും കസ്റ്റഡിയില്‍


നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര ആത്മഹത്യയില്‍ നിര്‍ണായക വഴിത്തിരിവ്‌. ആത്മഹത്യയ്‌ക്ക്‌ കാരണം ഭര്‍ത്താവും ബന്ധുക്കളും എന്ന്‌ വ്യക്തമാക്കുന്ന ആത്മഹത്യാ കുറിപ്പ്‌ കണ്ടെത്തി. ആത്മഹത്യ ചെയ്‌ത മുറിയുടെ ചുവരില്‍ ഒട്ടിച്ച നിലയിലായിരുന്നു ആത്മഹത്യാ കുറിപ്പ്‌.

കൃഷ്‌ണമ്മ, ശാന്ത, കാശി എന്നിവരാണ്‌ മരണത്തിന്‌ കാരണമെന്നും സ്‌ത്രീധനത്തിന്റെ പേരില്‍ നിരന്തരം പീഡിപ്പിച്ചെന്നും ആത്മഹത്യാ കുറിപ്പില്‍ പറയുന്നുണ്ട്‌.

ജപ്‌തിയെത്തിയിട്ടും ഭര്‍ത്താവ്‌ ചന്ദ്രന്‍ ഒന്നും ചെയ്‌തില്ല. സ്‌ത്രീധനത്തിന്റെ പേരില്‍ നിരന്തരം പീഡിപ്പിച്ചു. വസ്‌തു വില്‍ക്കാന്‍ പോയപ്പോള്‍ ഭര്‍ത്താവിന്റെ അമ്മ ഒന്നും ചെയ്‌തില്ല. മന്ത്രവാദ തറയില്‍ കൊണ്ടുപോയി തന്നെ പീഡിപ്പിച്ചു. നാല്‌ പേരാണ്‌ മരണത്തിന്‌ കാരണക്കാര്‍ എന്നും കുറിപ്പില്‍ എഴുതിയിട്ടുണ്ട്‌.

സംഭവത്തില്‍ ചന്ദ്രനേയും അമ്മയേയും സഹോദരിയേയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്‌.
ചുമരിലും ഭിത്തിയിലും നാല്‌ ഭാഗത്തായി കുറിപ്പ്‌ എഴുതിയിട്ടുണ്ടെന്നും കൃഷ്‌ണമ്മ, ശാന്ത, കാശി, ചന്ദ്രന്‍ എന്നിവരാണ്‌ മരണത്തിന്‌ കാരണക്കാര്‍ എന്നുപറയുന്നുണ്ടെന്നും ബാക്കി വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുപറയാറായിട്ടില്ലെന്നും ഡി.വൈ.എസ്‌.പി വിനോദ്‌ പറഞ്ഞു. ആത്മഹത്യാ കുറിപ്പിന്റെ അടിസ്ഥാനത്തിലാണ്‌ കസ്റ്റഡി.

ബാങ്കിന്റെ കാര്യങ്ങള്‍ ആത്മഹത്യാകുറിപ്പിലില്ല. കൂടുതല്‍ വിവരങ്ങള്‍ അറിയേണ്ടതായുണ്ടെന്നും വിനോദ്‌ പറഞ്ഞു.

 ബാങ്കിന്റെ ജപ്‌തി ഭീഷണിയെത്തുടര്‍ന്ന്‌ നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ ബാങ്ക്‌ അധികൃതര്‍ക്കെതിരെ ആരോപണവുമായി ഗൃഹനാഥന്‍ ചന്ദ്രന്‍ രംഗത്തെത്തിയിരുന്നു.

ഇന്നലെ ഉച്ചയ്‌ക്ക്‌ മൂന്ന്‌ മണിയോടെയാണ്‌ ലേഖയും മകള്‍ വൈഷ്‌ണവിയും തീകൊളുത്തി ആത്മഹത്യക്ക്‌ ശ്രമിച്ചത്‌. വൈഷ്‌ണവി വീട്ടില്‍വ വെച്ചും അമ്മ ലേഖ ഇന്നലെ വൈകിട്ട്‌ ആശുപത്രിയില്‍ വച്ചും മരിക്കുകയായിരുന്നു.

മൃതദേഹങ്ങള്‍ ഇപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലെ മോര്‍ച്ചറിയിലാണ്‌. മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റിനു ശേഷം പോസ്റ്റുമോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക്‌ വിട്ടുനല്‍കും.

അതേസമയം ബാങ്ക്‌ ഉദ്യോഗസ്ഥരെ അറസ്റ്റ്‌ ചെയ്‌താല്‍ മാത്രമേ മൃതദേഹം നാട്ടില്‍ സംസ്‌കരിക്കുകയുള്ളൂ എന്നാണ്‌ നാട്ടുകാരുടെ നിലപാട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക